മറയൂരില്‍ മാതാപിതാക്കളും സഹോദരിയും ആത്മഹത്യ ചെയ്തതിന് പിന്നില്‍ മകന്‍റെ ബന്ധം; കൂട്ട ആത്മഹത്യയില്‍ ഞെട്ടി ബന്ധുക്കള്‍  

 

 

മറയൂര്‍: മകന്‍ അന്യജാതിക്കാരിയെ വിവാഹം ചെയ്തതില്‍ മനംനൊന്ത് മാതാപിതാക്കളും സഹോദരിയും ആത്മഹത്യ ചെയ്തു. മറയൂര്‍ കീഴാന്തൂര്‍ സിറ്റിയിലെ മുരുകന്‍(55), ഭാര്യ മുത്തുലക്ഷ്മി (45), മകള്‍ ഭാനുപ്രിയ(20) എന്നിവരെയാണ് തമിഴ്‌നാട് ഉദുമല്‍പ്പേട്ടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.  റെയില്‍വെ ട്രാക്കിന് സമീപം കുറ്റിക്കാട്ടിലായിരുന്നു മൃതദേഹങ്ങള്‍. വെള്ളിയാഴ്ച്ച കീഴാന്തൂര്‍ ഗ്രാമത്തില്‍ നിന്നും പുറപ്പെട്ട മുരുകനെയും കൂടുംബത്തെയും കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.  കഴിഞ്ഞ ദിവസം രാവിലെയാണ് മറയൂരില്‍ നിന്നും അന്‍പത് കിലോമീറ്റര്‍ അകലയുള്ള ഉദുമല്‍പ്പേട്ടയ്ക്ക് സമീപം കൊഴുമം ഭാഗത്തെ റെയില്‍വേ ട്രാക്കിന് സമീപത്ത് അവശനിലയില്‍ മുരുകനെ കണ്ടെത്തുന്നത്. തുടര്‍ന്ന് ഇയാളെ ഉദുമല്‍പ്പേട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നിമിഷങ്ങള്‍ക്കകം മരണം സംഭവിച്ചു.  പിന്നീട് റെയില്‍വേ ട്രാക്കിന് സമീപം കീഴാന്തൂര്‍ ഗ്രാമത്തില്‍ നിന്നും ഉദുമല്‍പ്പേട്ടയിലെത്തിയവര്‍ നടത്തിയ തിരച്ചിലിലാണ് റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന കൂറ്റിക്കാട്ടില്‍ മുത്തുലക്ഷ്മിയെയും മകള്‍ ഭാനുപ്രിയയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.  മുരുകന്റെ മകന്‍ പാണ്ടിരാജ് ഉദുമല്‍പേട്ടയില്‍ സ്വകാര്യ കോളജില്‍ പഠിച്ചിരുന്നു. ഇതേ കോളജില്‍ പഠിച്ചിരുന്ന പെണ്‍കുട്ടിയുമായി പാണ്ടിരാജ് പ്രണയത്തിലായി. ഈ പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തു. എന്നാല്‍, കോളജ് പഠനം കഴിഞ്ഞിട്ടും ഇരുവരും പ്രണയം തുടരുകയും കഴിഞ്ഞ ശനിയാഴ്ച വിവാഹിതരാവുകയുമായിരുന്നു. തമിഴ്‌നാട് മഠത്തുകുളം സ്വദേശിയായ യുവതിയെയാണ് പാണ്ടിരാജ് വിവാഹം കഴിച്ചത്. മകന്റെ വിവാഹം കഴിഞ്ഞതായി അറിഞ്ഞ മാതാപിതാക്കള്‍ ഞായറാഴ്ച വൈകീട്ട് രണ്ടുമണിയോടെ കീഴാന്തൂരില്‍ നിന്ന് ഉദുമല്‍പ്പേട്ടയിലെത്തി ബിരുദവിദ്യാര്‍ഥിനിയായ മകള്‍ ഭാനുപ്രിയയെ ഹോസ്റ്റലില്‍ നിന്ന് വിളിച്ചുകൊണ്ടുപോവുകയായിരുന്നു.  അന്നു രാത്രി ബന്ധുക്കളോട് തങ്ങള്‍ മൂന്നുപേരും ആത്മഹത്യ ചെയ്യുമെന്ന് ഇവര്‍ വിളിച്ച് അറിയിച്ചിരുന്നതായി പൊലീസ് പറയുന്നു. പിന്നീട് ഫോണ്‍ സ്വച്ച് ഓഫ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ഞായറാഴ്ച്ച മുരുകന്റെ ജ്യേഷ്ഠ സഹോദരന്‍ അച്യുതന്‍ മറയൂര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.  തമിഴ്‌നാട് പൊലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹങ്ങള്‍ പോസ്റ്റുമാര്‍ട്ടത്തിനയച്ചു. വര്‍ഷങ്ങളായുള്ള ആചാര പ്രകാരം സ്ത്രീധനം വാങ്ങാതെ അവരുടെ ഗ്രാമത്തില്‍ തന്നെയുള്ള പെണ്‍കുട്ടികളെ വിവാഹം ചെയ്യുകയാണ് ഇവരുടെ പതിവ്.  വര്‍ഷങ്ങളായി തുടര്‍ന്ന് പോരുന്ന ഈ ആചാരത്തെ മകന്‍ അവഗണിച്ചതില്‍ കൂടുംബത്തിന് സമൂഹത്തിലുണ്ടാകാവുന്ന അപമാന ഭയമാവാം കൂട്ട ആത്മഹത്യ ചെയ്തതിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.

Top