ചെങ്ങന്നൂര്‍: രോഗിയായ പെണ്‍കുഞ്ഞിനെ ട്രെയിനില്‍ ഉപേക്ഷിച്ച് കടക്കാന്‍ അടൂര്‍ സ്വദേശികളായ ദമ്പതികളുടെ ശ്രമം. ഇന്നലെ വൈകീട്ടാണ് സംഭവം. കായംകുളം-എറണാകുളം പാസഞ്ചര്‍ ട്രെയിന്‍ ചെങ്ങന്നൂരിലെത്തിയപ്പോഴാണ് ദമ്പതികള്‍ ഒരു മാസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളയാന്‍ ശ്രമിച്ചത്. ജനറല്‍ കംപാര്‍ട്‌മെന്റിലെ അപ്പര്‍ ബര്‍ത്തില്‍ കുഞ്ഞിനെ കിടത്തിയ ശേഷം ട്രെയിനിറങ്ങുകയായിരുന്നു.
കുട്ടിയെ എടുക്കാതെ ആദ്യം അജിയും പിന്നാലെ അഞ്ജനയും ഇറങ്ങുന്നതുകണ്ട് സംശയം തോന്നിയ യാത്രക്കാര്‍ പ്ലാറ്റ്‌ഫോം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിനെ വിവരം അറിയിച്ചു. ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ദമ്പതികളെ വിളിച്ചു വരുത്തി. ഇവരെ പൊലീസിന് കൈമാറി.
കുട്ടിക്ക് ജന്മനാ ശ്വാസകോശസംബന്ധയായി അസുഖം ഉണ്ടെന്നും, ചികിത്സക്കായി പണം ഇല്ലാത്തതിനാലാണ് കുട്ടിയെ ഉപേക്ഷിക്കാന്‍ ശ്രമിച്ചതെന്നും മാതാപിതാക്കള്‍ ആര്‍പിഎഫിനോട് പറഞ്ഞു. തുടര്‍ന്ന് കുട്ടിയെ ഏറ്റെടുക്കാന്‍ മാതാപിതാക്കള്‍ തയ്യാറായതോടെ കുട്ടിയെ വിട്ടുനല്‍കി ഇവരെ പോകാന്‍ അനുവദിക്കുകയായിരുന്നു.