പാരീസ്: ഒളിംപിക്‌സില്‍ വനിതകളുടെ 50 കിലോ ഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ വിനേഷ് ഫോഗട്ട് ഫൈനലില്‍. സെമിയിൽ ക്യൂബൻ താരം യുസ്നെലിസ് ലോപ്പസിനെ പരാജയപ്പെടുത്തിയാണ് വിനേഷിന്റെ വിജയം. 5-0 എന്ന സ്കോറിന് സെമിയിൽ വിജയിച്ചാണ് ഇന്ത്യൻ താരം സ്വർണമെഡലിനായുള്ള പോരാട്ടത്തിന് യോഗ്യത നേടിയത്. ക്യൂബന്‍ താരത്തിന് ഒന്ന് പൊരുതാന്‍ പോലും അവസരം നല്‍കാതെ 5-0നാണ് വിനേഷ് വീഴ്ത്തിയത്.
അതേസമയം ഒളിംപിക്സ് ഹോക്കിയിൽ തോറ്റു .ആവേശകരമായ സെമി പോരാട്ടത്തിൽ അവസാന നിമിഷം വരെ പൊരുതിയെങ്കിലും രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ഇന്ത്യ തോറ്റു. ഗോൺസാലോ പെയ്‍ലറ്റ് (18, 57), ക്രിസ്റ്റഫർ റൂർ (27) എന്നിവരാണ് ജർമനിക്കായി ലക്ഷ്യം കണ്ടത്. ഇന്ത്യയുടെ ഗോളുകൾ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് (ഏഴാം മിനിറ്റ്), സുഖ്ജീത് സിങ് (36–ാം മിനിറ്റ്) എന്നിവർ നേടി. സ്വർണ മെഡലിനായുള്ള പോരാട്ടത്തിൽ നെതർലൻഡ്സാണ് ജർമനിയുടെ എതിരാളികൾ. വെങ്കല മെഡൽ പോരാട്ടത്തിൽ ഇന്ത്യ വ്യാഴാഴ്ച വൈകിട്ട് 5.30ന് സ്പെയിനെ നേരിടും.
മികച്ച പോരാട്ടം കാഴ്ചവച്ചാണ് ജര്‍മനിക്കെതിരെ ഇന്ത്യ തോൽവി സമ്മതിച്ചത്. എട്ടാം മിനിറ്റിൽ പെനൽറ്റി കോർണറിൽനിന്ന് ഹർമൻപ്രീത് സിങ് ലക്ഷ്യം കണ്ട് ഇന്ത്യയെ ആദ്യം മുന്നിലെത്തിച്ചു. പാരിസിൽ ഹർമന്‍പ്രീതിന്റെ ഏഴാം ഗോളായിരുന്നു ഇത്. എന്നാൽ രണ്ടാം ക്വാർട്ടറിൽ ജർമനി ഗോൾ മടക്കി. ഗോണ്‍സാലോ പെയ്‍ലറ്റായിരുന്നു ജർമനിയുടെ ഗോൾ സ്കോറർ. ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ ക്രിസ്റ്റഫർ റൂർ രണ്ടാം ഗോൾ നേടി ജർമനിക്കു ലീഡ് സമ്മാനിച്ചു. റൂറിന്റെ പെനൽറ്റി സ്ട്രോക്ക് പ്രതിരോധിക്കാൻ മലയാളി ഗോൾ കീപ്പർ പി.ആർ. ശ്രീജേഷിനു സാധിച്ചില്ല.
ഗുസ്തിയിൽ നേ രത്തെ യുക്രൈനിന്‍റെ ഒസ്കാന ലിവാച്ചിനെ മലര്‍ത്തിയടിച്ചാണ് വിനേഷ് സെമിയിലെത്തിയത്. നാളെ നടക്കുന്ന ഫൈനലില്‍ തോറ്റാലും വിനേഷിന് വെള്ളി മെഡല്‍ ഉറപ്പിക്കാം. ഇന്ന് തന്നെ നടന്ന പ്രീ ക്വാര്‍ട്ടറില്‍ നിലവിലെ ഒളിംപിക് ചാമ്പ്യനും ലോക ഒന്നാം നമ്പറുമായ ജപ്പാന്‍റെ യു സുസാകിയെ 3-2ന് അട്ടിമറിച്ചാണ് വിനേഷ് ക്വാര്‍ട്ടറില്‍ കടന്നത്.
കഴിഞ്ഞ വര്‍ഷം ദില്ലി ജന്തര്‍ മന്ദിറില്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായിരുന്ന ബ്രിജ്ഭൂഷണ്‍ ശരൺ സിംഗിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നടത്തിയ സമരത്തിന്‍റെ മുന്നണി പോരാളിയായിരുന്നു വിനേഷിന്‍റെ വിജയം പാരീസില്‍ രാജ്യത്തിന്‍റെ അഭിമാനമുഖമായും മാറുകയാണ്.