ബംഗളൂരൂ: തടവില്‍ കഴിയുന്ന ശശികല പരോള്‍ ലഭിച്ച് ഇന്ന് പുറത്തിറങ്ങും. ജയലളിതയുടെ പിന്‍ഗാമിയാകാനുള്ള തയ്യാറെടുപ്പുകള്‍ക്കിടയിലാണ് ശശികലയെ വിധി വേട്ടയാടിയത്. എല്ലാ സ്വപ്‌നങ്ങളും തകര്‍ന്ന് ശശികല അഴിക്കുള്ളിലായി. ശശികല ജയിലിലായതോടെ തമിഴ്‌നാട് രാഷ്ട്രീയത്തിലും ശശികലയുടെ പാര്‍ട്ടിയിലും മാറ്റങ്ങള്‍ സംഭവിച്ചു.
ജയയുടെ മരണശേഷം അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സ്വയം അവരോധിതയായ ശശികല ജയിലില്‍ പോകുന്നതിന് മുമ്പായി പാര്‍ട്ടിയെ തന്റെ ചൊല്‍പ്പടിക്കു നിര്‍ത്താനായി ബന്ധു കൂടിയായ ടിടിവി ദിനകരനെ പാര്‍ട്ടി ഡെ്പ്യൂട്ടി ജനറല്‍ സെക്രട്ടറിയായി അവരോധിച്ചിരുന്നു. എന്നാല്‍ ശശികല ജയിലിലായതോടെ പുറത്തെ കാര്യങ്ങള്‍ ആകെ മാറിമറിഞ്ഞു.
പാര്‍ട്ടിയില്‍ വിശ്വസ്തനായി ശശികല മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവരോധിച്ച എടപ്പാടി പളനിസ്വാമിയും എതിര്‍ഭാഗത്തുള്ള പന്നീര്‍ ശെല്‍വവും ശശികലയെ തള്ളിപ്പറയുന്ന സ്ഥിതി വന്നു. ഇതിനിടെ തിരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൂലി വാഗ്ദാനം ചെയ്ത കേസില്‍ ഡല്‍ഹിയില്‍ വച്ച് ദിനകരന്‍ അറസ്റ്റിലാവുക കൂടി ചെയ്തതോടെ മന്നാര്‍ഗുഡി മാഫിയക്കെതിരെ ശക്തമായ നീക്കങ്ങളാണ് തമിഴ്നാട്ടില്‍ നടന്നത്.
എന്നാല്‍ ഇപ്പോള്‍ ശശികലയ്ക്ക് 30 ദിവസത്തെ പരോള്‍ ലഭിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇവരെ കാണാന്‍ പത്ത് എംഎല്‍എ മാരേയും കൂട്ടി അടുത്തിടെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ദിനകരനും എത്തുന്നു ബാംഗ്ളൂരിലേക്ക്. സമാന്തരമായി ഇവരെ പ്രതിരോധിക്കാനായി 20 ക്യാബിനറ്റ് മന്ത്രിമാരും തമിഴ്നാട്ടില്‍ യോഗം ചേരുമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഇതോടെ വീണ്ടും തമിഴ്നാട് രാഷ്ട്രീയം വിലപേശലിന്റെയും അട്ടിമറികളുടേയും വക്കിലെത്തുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാലു വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടാണ് ജയലളിതയുടെ മരണശേഷം അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറിസ്ഥാനം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ വിറപ്പിച്ച് പിടിച്ചെടുത്ത വി.കെ.ശശികല ജയിലില്‍ ആയത്.
ശശികലയെ നാലു വര്‍ഷം തടവിന് ശിക്ഷിച്ച കീഴ്ക്കോടതി വിധി ഇടയ്ക്ക് റദ്ദാക്കപ്പെട്ടെങ്കിലും അപ്പീലില്‍ ശിക്ഷ ശരിവച്ചുകൊണ്ട് ഈ വര്‍ഷം ഫെബ്രുവരിയില്‍ സുപ്രീംകോടതി ശിക്ഷ പുനഃസ്ഥാപിക്കുകയായിരുന്നു.
തമിഴ്നാട് മുഖ്യമന്ത്രി പദം ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച് ശശികല ഇതിനായി കരുനീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ഇത്തരമൊരു വിധിയുണ്ടായതും ശശികല അഴിക്കുള്ളിലാകുന്നതും. ശശികല മുഖ്യമന്ത്രിയാകുന്നത് തടയാന്‍ കേന്ദ്രത്തിലെ സര്‍ക്കാരിന്റെ ആവശ്യപ്രകാരം ഗവര്‍ണര്‍ നീക്കം നടത്തിയെന്ന ആരോപണം ഉണ്ടാവുന്നതിനിടെ സുപ്രീംകോടതി വിധി വന്നതോടെ എതിരാളികളുടെ വായടഞ്ഞു. ശശികലയെ കൂടാതെ ജെ. ഇളവരശി, വി. എന്‍. സുധാകരന്‍ എന്നിവര്‍ക്കും പ്രത്യേക വിചാരണകോടതി നാല് വര്‍ഷം വീതം ജയില്‍ ശിക്ഷ വിധിച്ചിരുന്നു. പ്രതികള്‍ പത്ത് കോടി രൂപ വീതം പിഴയും അടയ്ക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു.
1991-96 കാലത്ത് ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കൂട്ടാളികള്‍ക്കൊപ്പം ഗൂഢാലോചന നടത്തി 66.5 കോടി രൂപയുടെ അവിഹിത സ്വത്ത് സമ്പാദിച്ചു എന്ന കേസിലാണ് ശിക്ഷ.
ഇപ്പോള്‍ പരോള്‍ ലഭിച്ചതോടെ ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍നിന്നു ഇന്നുതന്നെ ശശികല പുറത്തിറങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.