തൃശൂര്‍: എന്നും വിവാദങ്ങള്‍ക്ക് പിന്നാലെയാണ് കുന്നകുളം എംഎല്‍എ ബാബു എം പാലിശ്ശേരി. സംഘപരിവാര വിദ്യാര്‍ത്ഥി സംഘടനയില്‍ നിന്നും സിപിഎമ്മിന്റെ സമുനതനായ നേതാവായും പിന്നീട് എംഎല്‍എയായും മാറിയ ബാബു എം പാലിശേരിക്കൊപ്പം വിവാദങ്ങള്‍ എന്നുമുണ്ട്. എസ് എഫ് ഐ നേതാവിനെ കൊന്ന കേസില്‍ പ്രതിപട്ടികയിലുണ്ടായ എബിവിപി നേതാവ് സിപിഎം നേതാവായി മാറിയതെങ്ങനെയെന്ന് ഇന്നും തൃശൂരിലെ പഴയ എസ് എഫ് ഐക്കാര്‍ക്കറിയില്ല.
എല്ലാ തിരഞ്ഞെടുപ്പുകാലത്തും ഇത് ചര്‍ച്ചയാവുമെങ്കിലും ഇതിനെയെല്ലാം മറികടന്നാണ് കഴിഞ്ഞ തവണയും വിജയിച്ചത്. എന്നാല്‍ തന്റെ എംഎല്‍ എ സ്ഥാനത്തിന് വിലങ്ങുതടിയായി സഹോദരന് പാര്‍ട്ടിയില്‍ വളരുന്നുവെന്നറിഞ്ഞതോടെ അഴിമിതി ആരോപണം ഉയര്‍ത്തി ഇമേജ് തകര്‍ക്കാന്‍ ശ്രമിച്ചതാണ് ബാബും എം പാലിശ്ശേരിയെ പുതിയ വിവാദങ്ങളിലേക്കും പാര്‍ട്ടി നടപടികളിലേക്കും എത്തിച്ചത്.
കോലൊളമ്പ് നിക്ഷേപ തട്ടിപ്പില്‍ ആരോപണ വിധേയരായ എംഎല്‍എ ബാബു എം പാലിശ്ശേരിയടക്കമുള്ള സിപിഎമ്മിന്റെ രണ്ട് ജില്ലാ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചതായാണ് ഏറ്റവുമൊടുവിലുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
കേസ് മാദ്ധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുകയും അണികളില്‍ ആശയക്കുഴപ്പത്തിന് ഇടയാക്കുകയും ചെയ്‌തെന്ന ആരോപണത്തിലാണ് നടപടി.
ബാബു എം. പാലിശേരി എംഎല്‍എയെ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാക്കാനാണ് തീരുമാനം. നിക്ഷേപത്തട്ടിപ്പില്‍ പങ്കാളിയാണെന്ന് ആരോപിക്കപ്പെട്ട സിപിഐ(എം). കുന്നംകുളം മുന്‍ ഏരിയാ സെക്രട്ടറി ബാലാജിയെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് തരംതാഴ്ത്തും. ഏരിയാ കമ്മിറ്റിയില്‍ ബാലാജിക്ക് തുടരാം. കുന്നംകുളം നഗരസഭാ മുന്‍ ചെയര്‍മാന്‍ പി.ജി. ജയപ്രകാശിനെ താക്കീത് ചെയ്യാനും തീരുമാനിച്ചു.
ജില്ലാ കമ്മിറ്റി ഓഫീസില്‍ മുന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. കുന്നംകുളം എരിയാ കമ്മിറ്റിയുടെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നടപടി. പാര്‍ട്ടി നേതാക്കള്‍ക്കെതിരെയുള്ള ആരോപണം അന്വേഷിക്കാന്‍ കെ. രാധാകൃഷ്ണന്‍ എംഎ!ല്‍എ. അദ്ധ്യക്ഷനായ കമ്മിഷനെ നിയോഗിച്ചിരുന്നു. തട്ടിപ്പില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നെങ്കിലും പാര്‍ട്ടി സമ്മേളനം കഴിഞ്ഞ ശേഷം നടപടി മതിയെന്നായിരുന്നു തീരുമാനം.
കുന്നംകുളം ഏരിയ സെക്രട്ടറി ബാലാജി എം പാലിശ്ശേരിക്കെതിരെ ആരോപണം ഉന്നയിച്ച സഹോദരനായ എംഎല്‍എ ബാബു എം.പാലിശ്ശേരിക്കും, കുന്നംകുളം ഏരിയാകമ്മിറ്റി അംഗവും മുന്‍ നഗരസഭ ചെയര്‍മാനുമായ ജയപ്രകാശ്, പാര്‍ട്ടി അംഗവും സാഹിത്യകാരന്‍ സി വി ശ്രീരാമന്റെ മകനുമായ അഡ്വക്കേറ്റ് ഋതിക്, എന്നിവര്‍ കുറ്റക്കാരാണെന്ന് അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു.
സംസ്ഥാന കമ്മിറ്റി അംഗം കെ. രാധാകൃഷ്ണന്‍ എംഎല്‍എ, ജില്ലാസെക്രട്ടേറിയേറ്റ് അംഗം രാമചന്ദ്രന്‍ എന്നിവരായിരുന്നു വിഷയത്തില്‍ പാര്‍ട്ടി നിയമിച്ച അന്വേഷണകമ്മീഷന്‍. സംഭവത്തില്‍ ബാലാജി വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്നും കണ്ടെത്തി്. കോലളമ്പില്‍ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതിക്കാരന്‍ റസാഖിനോട് ബാലാജിയുടെ പേര് പറയാന്‍ ആരോപണ വിധേയമായവര്‍ പറഞ്ഞതായാണ് ആക്ഷേപം.
ഇത് മണത്തറിഞ്ഞ ബാലാജി പരാതിക്കാരനെ തന്റെ വീട്ടിലെത്തിച്ച് താന്‍ ഈ കേസില്‍ കുറ്റക്കാരനല്ലെന്ന് എഴുതി വാങ്ങിച്ചു. ഇതോടെ ആരോപണമുന്നയിക്കുന്നതിന് മുന്‍പ് തന്നെ ബാലാജി രക്ഷപ്പെടാന്‍ ശ്രമിച്ചത് സംഭവത്തില്‍ അദ്ദേഹത്തിന് പങ്കുള്ളതുകൊണ്ടാണെന്ന് എതിര്‍പക്ഷവും വാദിച്ചു. പാര്‍ട്ടിയോടാലോചിക്കാതെ പരാതിക്കാരനെ സമീപിച്ചത് ബാലാജി ചെയ്ത തെറ്റാണെന്നും അന്വേഷണ കമ്മീഷന്‍ കണ്ടെത്തി.
കോലളമ്പ് ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് വന്‍ ചര്‍ച്ചകളാണ് സിപിഎമ്മില്‍ നടന്നത്. ബാബു ഗ്രൂപ്പും ബാലാജി പക്ഷവും ചേരി തിരിഞ്ഞാണ് സംഭവത്തില്‍ വിമര്‍ശിച്ചത്. എംഎല്‍എയും, ഏരിയാസെക്രട്ടറിയുമായ സഹോദരങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന കുടുംബവഴക്കാണ് പരസ്യമായി അഴിമതി ആരോപണമുള്‍പ്പെടെ ഉന്നയിക്കുന്നതിലേക്കെത്തിയതെന്നും പറയപ്പെടുന്നു. 2006 മുതല്‍ ഗള്‍ഫ് കേന്ദ്രീകരിച്ചാണ് കോലളമ്പ് ഭൂമി തട്ടിപ്പ് നടക്കുന്നത്.
കേരളത്തിന്റെ പലഭാഗങ്ങളിലായി ഭൂമിയില്‍ പണം നിക്ഷേപിച്ചാല്‍ ഇരട്ടിയാക്കി തിരിച്ചു തരാമെന്ന് പറഞ്ഞ് കുന്നംകുളം കേന്ദ്രീകരിച്ചുള്ള ചില വ്യവസായികളാണ് തട്ടിപ്പ് നടത്തിയത്. ആദ്യഘട്ടത്തില്‍ കുറച്ച് പണം തിരിച്ച് കൊടുത്ത സംഘം ആ വിശ്വാസ്യത മുതലെടുത്ത് 100 കോടിയോളം രൂപ പിരിച്ചെടുത്ത് മുങ്ങുകയായിരുന്നു.
ഈ സംഭവത്തില്‍ ബാലാജിക്ക് പങ്കുണ്ടെന്ന് പൊലീസിന് മൊഴി നല്‍കിയാല്‍ പണം എളുപ്പത്തില്‍ ലഭിക്കുമെന്നോണം പരാതിക്കാരനായ റസാഖിനെ സിപിഎമ്മിലെ ഒരു വിഭാഗം ധരിപ്പിച്ചത്. എന്നാല്‍ ഇതറിഞ്ഞ ബാലാജി പിന്നീട് റസാഖിനെ തന്റെ വീട്ടില്‍ വരുത്തി പിണറായി വിജയനുള്‍പ്പെടെ പരാതി അയച്ചു.
പിന്നീട് മറുവിഭാഗത്തിനൊപ്പം ചേര്‍ന്ന റസാഖ് ബാലാജിയും കൂട്ടരും ചേര്‍ന്ന് തന്റെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പരാതിഎഴുതി വാങ്ങിയെന്ന് പൊലീസിന് മൊഴിയും നല്‍കി. എന്നാല്‍ മൊഴിയിലെ വൈരുദ്ധ്യം മൂലം സംഭവത്തില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.