അമ്മയിലേയ്ക്ക് മത്സരിക്കാനാഗ്രഹിച്ച പാര്‍വ്വതിയെ തടഞ്ഞു: അമ്മ അറിയാന്‍ പാര്‍വ്വതിയും പദ്മപ്രിയയും തുറന്നെഴുതുന്നത്

അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്‌സ് (എ എം എം എ)യുടെ വിക്കിപീഡിയാ പേജില്‍ ‘ഇത് ഇന്ത്യയിലെ ഇത്തരത്തിലുളള ആദ്യത്തെ അസോസിയേഷനാണെന്നും, മറ്റ് പ്രാദേശിക ഭാഷകളില്‍ അഭിനേതാക്കളുടെ ഗില്‍ഡുകള്‍ ഉണ്ടാക്കുന്നതിലേയ്ക്ക് നയിച്ചു’ എന്നും പറയുന്നുണ്ട്. കഴിഞ്ഞ ഒരു ദശകത്തിലേറെയായി എ എം എം എയില്‍ (ആജീവനാന്ത) അംഗത്വമുള്ളവര്‍ എന്ന നിലയ്ക്ക് ആ സംഘടന പല മേഖലകളിലും മികവുറ്റ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് സാക്ഷ്യപ്പെടുത്താന്‍ കഴിയും. അഭിനേതാക്കളുടെ ഡാറ്റാബേസ് സൂക്ഷിക്കുക, നിലവില്‍ സിനിമയില്‍ പ്രവര്‍ത്തിക്കുന്നതും അല്ലാത്തതുമായ ആളുകളെ അതില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക, അംഗങ്ങളുടെ പെന്‍ഷന്‍- മെഡിക്കല്‍ ആനുകൂല്യങ്ങള്‍ തുടങ്ങിയ ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുക എന്നിവ അവയില്‍ ചിലതാണ്.

ഒരു തമിഴ് സംവിധായകന്റെ കൈയ്യില്‍ നിന്നും ആക്രമണത്തിനിരയായപ്പോള്‍ അമ്മയുടെ ശക്തമായ പിന്തുണ, അതും ആവശ്യപ്പെടാതെ തന്നെ ലഭിച്ചിട്ടുണ്ട് ഞങ്ങളില്‍ ഒരാള്‍ക്ക് (പദ്മപ്രിയ). അഭിനേതാക്കളുടെ വേതന പ്രശ്‌നങ്ങള്‍ നിര്‍മ്മാതാക്കളുമായി ഒത്തു തീര്‍ക്കാന്‍ ‘അമ്മ’ ഇടപെടുന്നത് എണ്ണിയാല്‍ ഒടുങ്ങാത്ത അവസരങ്ങളില്‍ കണ്ടിട്ടുണ്ട്. മികവുറ്റ പ്രതിഭകളാല്‍ നിറഞ്ഞ ‘അമ്മ’ മലയാള സിനിമാ വ്യവസായത്തില്‍ മാത്രമല്ല, കേരള സമൂഹത്തിലും നിര്‍ണ്ണായകമായ സ്ഥാനം വഹിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ ആ സംഘടന നിയമങ്ങള്‍ അനുശാസിച്ചു കൊണ്ട്, ധാര്‍മ്മികത കൈവിടാതെ നിലകൊള്ളണം എന്നൊരു ശക്തമായ തോന്നലും ഞങ്ങള്‍ക്കുണ്ട്. കഴിഞ്ഞ വര്‍ഷം ഞങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് നേരെ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംഘടനയെ സംബന്ധിച്ചുള്ള ചില മൗലികമായ ചോദ്യങ്ങള്‍ ഞങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ആ ചോദ്യങ്ങള്‍ക്ക് വ്യക്തതയുളള ഉത്തരം കണ്ടെത്താന്‍ ഇപ്പോള്‍ വരെ ഞങ്ങള്‍ക്ക് സാധിച്ചിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആദ്യമായി, അമ്മയുടെ ടാഗ്ലൈന്‍ വിളിച്ചോതുന്ന പൊതുവായ നന്മയ്ക്ക് വേണ്ടിയുള്ള കളക്ടീവ് ഫോറം എന്നത് കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്? നീതിപൂര്‍വ്വകമായും ജനാധിപത്യപരമായും തിരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങളുടെ താല്‍പര്യത്തിന് അനുഗുണമായി പ്രവര്‍ത്തിക്കുന്ന നേതൃത്വത്തിനെയാണ് ‘കളക്ടീവ്’ എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് അനുമാനിക്കട്ടെ.

‘സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തിനനുസരിച്ച്, ജനറല്‍ ബോഡി യോഗത്തില്‍ ശബ്ദവോട്ടിലൂടെയോ അല്ലെങ്കില്‍ തിരഞ്ഞെടുപ്പിലൂടെയോ ഭാരവാഹികളെ തിരഞ്ഞെടുക്കും’ എന്നാണ് അമ്മയുടെ വെബ് സൈറ്റില്‍ കൊടുത്തിരിക്കുന്ന ബൈ-ലോയില്‍ പറയുന്നത്. 2018-21കാലഘട്ടത്തിലേക്കുള്ള ഭാരവാഹി തിരഞ്ഞെടുപ്പില്‍ ഇത് രണ്ടുമല്ല സംഭവിച്ചത് എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ഒരു കൂട്ടം നോമിനികളെ ആരോ മുന്‍കൂട്ടി തിരഞ്ഞെടുത്തു. എന്ത് അടിസ്ഥാനത്തിലാണ് ആ തിരഞ്ഞെടുപ്പ് നടന്നത് എന്നത് ഇപ്പോഴും അറിയില്ല. രണ്ട് അംഗങ്ങള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നു. തിരഞ്ഞെടുപ്പ് വേളയില്‍ ഇന്ത്യയ്ക്ക് പുറത്ത് യാത്രയിലായിരിക്കും എന്ന കാരണം കാണിച്ചു പാര്‍വ്വതി തിരുവോത്തിനെ നോമിനേഷന് വേണ്ടി അപേക്ഷിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുകയും ചെയ്തു.

അപേക്ഷ നല്‍കിയ മറ്റു രണ്ടു അംഗങ്ങള്‍ വോട്ടും പിന്തുണയും ആവശ്യപ്പെട്ട് അമ്മ അംഗങ്ങള്‍ക്ക് ഇമെയില്‍ അയച്ചു, എന്നാല്‍, ഈ രണ്ടു സ്ഥാനാര്‍ഥിത്വങ്ങള്‍ക്ക് അതിന് ശേഷം എന്ത് സംഭവിച്ചുവെന്ന് വ്യക്തമല്ല. മാത്രമല്ല, ഇങ്ങനെ പിന്തുണച്ച് വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടു വരുന്ന അഭ്യര്‍ത്ഥനകളോട് ഔപചാരികമായി പ്രതികരിക്കാനുള്ള സംവിധാനങ്ങളെച്ചൊല്ലിയും അനിശ്ചിതത്വങ്ങളുണ്ട്. അവിടെ നിലനില്‍ക്കുന്ന ഈ സുതാര്യതക്കുറവ് തിരഞ്ഞെടുപ്പ് പ്രക്രിയയെ പൂര്‍ണ്ണമായും മനസ്സിലാക്കുന്നതിന് വിഘാതമായി ഭവിക്കുന്നു എന്ന് ചൂണ്ടിക്കാണിക്കട്ടെ.

ഇത്തരം കാര്യങ്ങളെക്കുറിച്ച് സ്വതവേ ഉത്സുകരായ ഞങ്ങളുടെ വായനയും മനസ്സിലാക്കലും തന്നെ ഇത്രയും അപര്യാപ്തമായ ഒന്നാണെങ്കില്‍ (ഞങ്ങളില്‍ ഒരാള്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നു എന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും), ജനറല്‍ ബോഡിയിലെ മറ്റുള്ള അംഗങ്ങള്‍ക്ക് ഇത് വ്യക്തമായി മനസ്സിലായിട്ടുണ്ട് എന്ന് കരുതാനാവുമോ?

ഈ പ്രക്രിയയുടെ മറ്റൊരു കുഴപ്പം, ഞങ്ങള്‍ ഇതിന്റെ ഭാഗമാണ് എന്ന തോന്നല്‍ അംഗങ്ങളില്‍ ഉണ്ടാക്കുന്നില്ല എന്നതാണ്. ഏതു സംഘടനയുടേയും സജീവതയുടെ അടിസ്ഥാനം ആ വികാരത്തില്‍ നിന്നും രൂപപ്പെടുന്നതല്ലേ?. അതിലുപരി, അമ്മയുടെ താത്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി പ്രവര്‍ത്തിക്കാന്‍ ഏറ്റവും അനുയോജ്യനായ ഒരാളെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുക എന്ന അവരുടെ പ്രാഥമിക കര്‍ത്തവ്യത്തില്‍ നിന്നും ജനറല്‍ ബോഡി അംഗങ്ങളെ ഡിസിന്‍ഗേജ് ചെയ്യുകയും ചെയ്യുന്നു, മുന്‍കൂട്ടിയുള്ള ഈ തിരഞ്ഞെടുപ്പ്.

അമ്മയുടെ ഭാരവാഹികളാകാന്‍ ആരും (പ്രത്യേകിച്ച് സ്ത്രീകള്‍) മത്സരിച്ചില്ല? എന്ന് കമ്മിറ്റി കുറ്റപ്പെടുത്തുമ്പോള്‍ ആദ്യം തന്നെ ചോദിക്കാനുള്ളത്, എല്ലാവരും ചേര്‍ന്ന് നടത്തുന്ന ഒരു പ്രക്രിയയാണ് ഈ തിരഞ്ഞെടുപ്പ് എന്ന തോന്നല്‍ അംഗങ്ങളില്‍ ഉണ്ടാക്കാന്‍ ‘അമ്മ’യ്ക്ക് സാധിച്ചിട്ടുണ്ടോ എന്നാണ്. വൈവിധ്യത കൊണ്ട് സംഘടനയെ ശക്തിപ്പെടുത്താനോ, അതിന്റെ നേതൃതലത്തില്‍ നിലനില്‍ക്കുന്ന ലിംഗപരമായ അസമത്വങ്ങള്‍ ഇല്ലാതാക്കാനോ ഉള്ള എന്തെങ്കിലും ആലോചനയോ ശ്രമമോ ഇത് വരെ നടന്നിട്ടുണ്ടോ?
ഈ ചോദ്യങ്ങള്‍ കൊണ്ടെത്തിക്കുന്നതും ആദ്യം പറഞ്ഞ പൊതുനന്മ എന്ന ആശയത്തിലേക്ക് തന്നെയാണ്. വൈവിധ്യങ്ങളുടെയും, ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയുടെയും, സജീവമായ അംഗങ്ങളുടെയും അഭാവത്തില്‍ അമ്മയക്ക് എങ്ങനെ പൊതുനന്മയ്ക്കായി നിലകൊളളാന്‍ സാധിക്കും?

മറ്റൊന്ന് അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലുള്ള പരാതി പരിഹാര സംവിധാനത്തെക്കുറിച്ചുള്ളതാണ്. ഉദാഹരണത്തിന് ഒരിക്കല്‍ ഒരു പൊതുയോഗത്തില്‍ ഒരംഗം മറ്റൊരംഗത്തെ വംശീയമായി അധിക്ഷേപിച്ചുവെന്ന് പരാതിപ്പെട്ടു. ഇതിന് പരിഹാരം കണ്ടെത്താന്‍ യോഗത്തിന് സാധിച്ചില്ല, പക്ഷേ മറ്റൊരവസരത്തില്‍ കമിറ്റി ഇടപെട്ട് ഇത് (അനുരഞ്ജകമായി എന്ന് കരുതുന്നു) ഒതുക്കിത്തീര്‍ക്കുകയായിരുന്നു. ഇങ്ങനെ ഉന്നയിക്കപ്പെടുന്ന പ്രശ്‌നങ്ങള്‍ പല രീതിയിലാണ് പരിഹരിക്കപ്പെട്ടു കണ്ടിട്ടുള്ളത്. ഇത്രയും വലിയ ഒരു സംഘ്ടനയ്ക് പ്രശ്‌നപരിഹാരങ്ങള്‍ക്ക് ഒരു നിശ്ചിത നിയമാവലി ഉണ്ടാകേണ്ടതല്ലേ?

പാര്‍വ്വതി തിരുവോത്ത് സിനിമാ ലൊക്കേഷനിലുള്ള എല്ലാ പ്രായത്തിലുമുള്ള സ്ത്രീ-പുരുഷന്മാര്‍ക്ക് ശുചിമുറികള്‍ വേണം എന്ന ആവശ്യം അമ്മയില്‍ ഉന്നയിച്ചത് മറ്റൊരു ഉദാഹരണമായി എടുത്തു കാണിക്കാന്‍ സാധിക്കും. ഇതിനു അമ്മ അംഗങ്ങളുടെ ഭൂരിപക്ഷ വോട്ട് വേണമെന്ന് സെക്രട്ടറി ആവശ്യപ്പെട്ടു. അവിടെയുള്ള 100-150 അംഗങ്ങളോട് നേരിട്ട് പോയി ചോദിച്ചു ഒപ്പ് ശേഖരിക്കുക എന്നതേ മാര്‍ഗ്ഗമുള്ളൂ. ഇത് പാര്‍വ്വതി ഒറ്റയ്ക്ക് ചെയ്യേണ്ടി വരുന്ന സാഹചര്യമാണ് ഉയര്‍ന്നു വന്നത്. അവര്‍ ഓരോരുത്തരോടായി നടന്നു ചോദിക്കുകയായിരുന്നു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ മറ്റു അംഗങ്ങള്‍ ആരും തന്നെ സഹായത്തിനു കൂടിയില്ല.

ഒടുവില്‍ ഭൂരിപക്ഷം ഈ വിഷയത്തിന് അനുകൂലമായി തന്നെ പ്രതികരിച്ചു, പക്ഷേ അമ്മ നേതൃത്വം ഈ തീരുമാനത്തെ വേണ്ട രീതിയില്‍ നടപ്പിലാക്കാനുള്ള ശുഷ്‌കാന്തി കാണിച്ചില്ല. ഇവിടെ പ്രശ്‌നം പരിഹാരം ഉണ്ടായില്ല എന്നത് മാത്രമല്ല, അംഗങ്ങള്‍ ഉന്നയിക്കുന്ന വളരെ പ്രധാനപ്പെട്ട വിഷയങ്ങളോടുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ നിരുത്തരവാദപൂര്‍വ്വമായ പ്രതികരണങ്ങളും കൂടിയാണ്. ഒരു പ്രശ്‌നം ഉന്നയിക്കുമ്പോള്‍ പരിഹാര മാര്‍ഗ്ഗങ്ങള്‍ എത്രയും ലളിതമാക്കുക, അതിനു ഒരു വ്യവസ്ഥയുണ്ടാക്കുക എന്നതിന്റെ നേരെ വിപരീതമായി ഇവിടെ മാര്‍ഗ്ഗങ്ങള്‍ സങ്കീര്‍ണ്ണമാവുകയാണ് ചെയ്തത്. ഇത്തരത്തിലുള്ള ഗ്രീവന്‍സസ് ഉയര്‍ത്തപ്പെടുന്നതിനായുള്ള സാഹചര്യങ്ങള്‍ ഇതോടു കൂടി കുറഞ്ഞു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

നിയമപരമായി സമീപനം ആവശ്യമില്ലാത്ത പ്രശ്‌നങ്ങള്‍ കൂടിയാലോചനയിലൂടെ പരിഹരിക്കാവുന്നതാണ്. എന്നാല്‍, ക്രിമിനല്‍ കേസില്‍ കുറ്റാരോപിതനായ കാരണത്തിന് പുറത്താക്കപ്പെട്ട ഒരു അംഗത്തെയും അക്രമത്തിനു ഇരയായ പെണ്‍കുട്ടിയേയും സംബന്ധിച്ച, കോടതിയ്ക്ക് പരിഗണയില്‍ ഇരിക്കുന്ന വിഷയം, ഇങ്ങനെ ധൃതിയില്‍ തീരുമാനിക്കപ്പെടാമോ? വളരെ പ്രധാന്യമുള്ള ഇത്തരത്തിലുള്ള ഒരു കാര്യം ജനറല്‍ ബോഡി ചര്‍ച്ചയ്ക്ക് വൈക്കണമെങ്കില്‍, അതിനു വേണ്ട ഔദ്യോഗിക, രേഖാ മൂലമുള്ള തയ്യാറെടുപ്പുകള്‍ (വിഷയത്തിന്റെ വിശദമായ അവതരണം, തീരുമാനങ്ങള്‍, ചര്‍ച്ച തുടങ്ങിയവ രേഖപ്പെടുത്തുന്ന മിനിട്ടുകള്‍), ഇതുമായി ബന്ധപ്പെട്ടു അമ്മ നേരിടാന്‍ സാധ്യതയുള്ള നിയമപരമായ നടപടികളെക്കുറിച്ചുള്ള ചര്‍ച്ച എന്നിവ നിര്‍ബന്ധമായും വേണ്ടിയിരുന്നില്ലേ?. മൂന്നാമതായി അമ്മ അവകാശപ്പെടുന്ന പോലെ സിനിമാ സംബന്ധിയായ, തുറന്ന, ആരോഗ്യപരമായ സംവാദങ്ങള്‍ പരിപോഷിപ്പിക്കുന്ന ഒരു പ്ലാറ്റ് ഫോം ആണതെങ്കില്‍ ഇങ്ങനെയാണോ അത് നടപ്പിലാക്കുന്നത്? അമ്മ ഉള്‍പ്പെടെയുള്ള സിനിമാ സംഘടനകളില്‍ ലിംഗഅസമത്വങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ്

വിമന്‍ ഇന്‍ സിനിമാ കലക്ടറ്റീവ് എന്ന സംഘടന രൂപമെടുക്കുന്നത്. നിങ്ങളെ പിന്തുണയ്ക്കുന്നു എന്ന് ഒരു കത്തയച്ചതല്ലാതെ, അമ്മയുമായി വേറെ കാര്യമായ ആശയവിനിമയങ്ങള്‍ നടന്നിട്ടില്ല എന്നത് സത്യമാണ്. എന്നാലും പാര്‍വ്വതിയേയും മഞ്ജുവിനേയും അല്ലാതെ ഡബ്ലിയു സിസിയിലെ ആരെയും ഞങ്ങള്‍ക്ക് അറിയില്ല എന്നൊക്കെ ‘അമ്മ’ നേതൃനിരനിരയില്‍ ഒരാള്‍ മാധ്യമങ്ങളോട് പറയുന്നത് എന്ത് തരം പിന്തുണയാണ് വെളിപ്പെടുത്തുന്നത്? വസ്തുതാപരമായിട്ടും സത്യസന്ധമായിട്ടുമാണ് അത് പറഞ്ഞതെന്ന് തന്നെയിരിക്കട്ടെ. എങ്കില്‍ വനിതാ സംഘടനയുമായി കൂടുതല്‍ സജീവമായി ഇടപെടുകയും, ഞങ്ങളെയും ഞങ്ങളുടെ പ്രശ്‌നങ്ങളേയും അറിയാന്‍ ശ്രമിക്കുകയും അല്ലേ വേണ്ടത്. അങ്ങനെയുള്ള സംഭാഷണങ്ങളിലൂടെയല്ലേ പരിഹാരങ്ങള്‍ ഉണ്ടാവുക?

കഴിഞ്ഞ വര്‍ഷം അമ്മയിലെ ഒരംഗമായ സ്ത്രീ ആക്രമിക്കപ്പെടുകയും ആ കേസില്‍ മറ്റൊരംഗത്തിന്റെ പങ്കാളിത്തം ആരോപിക്കപ്പെടുകയും ചെയ്തു. അതുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ അമ്മ എടുക്കുന്ന നിലപാടുകള്‍ സംഘടനയുടെ ധാര്‍മ്മികതയെ സംബന്ധിച്ച് ഗൗരവമായ സംശയം ഉയര്‍ത്തുന്നു. ഇതിന്റെ ഉത്തരവാദിത്വം അമ്മയുടെ ഓരോ അംഗത്തിന്റെയും കൂടിയാണ്. ലിംഗ വിവേചനത്തിനെതിരെ ശക്തമായി നിലപാടെടുക്കുന്ന കേരളത്തിലെ, ഇന്ത്യയിലെ ആദ്യ സംഘടന എന്നൊരു വിശേഷണത്തിന് കൂടി അര്‍ഹാരാകാന്‍ അമ്മയ്ക്കുള്ള ഒരവസരവും കൂടിയാണിത്.

ധാര്‍മിക പ്രതിസന്ധിയില്‍ നിലപാട് എടുക്കാത്തവര്‍ക്ക് വേണ്ടി മാറ്റിവയ്ക്കപ്പെട്ടിട്ടുള്ളതാണ് നരകത്തിലെ ഏറ്റവും ഇരുളടഞ്ഞ അറകള്‍ എന്ന് ദാന്തെ പറയുന്നതാണ് ഇവിടെ ഓര്‍മ്മ വരുന്നത്. ഇപ്പോഴെത്തെ ഈ സംഭവങ്ങള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങളോട് ഓരോ അമ്മ അംഗങ്ങളും ധാര്‍മികമായി പ്രതികരിക്കണം എന്നും ഇത് ഉളവാക്കുന്ന പാഠങ്ങള്‍ പഠിക്കുകയും, സ്വയം തിരുത്തുകയും, വളരുകയും ചെയ്യണം എന്ന് ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നു.
നിങ്ങള്‍-ഞങ്ങള്‍ എന്ന വേര്‍തിരിവോ കുറ്റപ്പെടുത്തലോ അല്ല ഇത്. കലാകാരന്മാര്‍ എന്ന നിലയില്‍ നമ്മള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട നീതിബോധത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ മാത്രം

രേവതി ആശാ കേളുണ്ണി, പദ്മപ്രിയ ജാനകിരാമന്‍, പാര്‍വ്വതി തിരുവോത്ത് എന്നിവരുടെ ക്ലാരിയന്‍ കോള്‍ കൂടിയായി ഇതിനെ കണക്കാക്കണം എന്നപേക്ഷ. എക്‌സിക്യൂട്ടീവ് കമ്മിറ്റി ചര്‍ച്ചയ്ക്ക് തയ്യാറാകണം. പരസ്പര ബഹുമാനത്തോടെയുള്ള ഒരു സംവാദത്തിലൂടെ മാത്രമേ നമുക്ക് നമ്മളെത്തന്നെ കൂടുതലായി മനസ്സിലാക്കുകയും മുന്നോട്ട് പോവുകയും ചെയ്യാന്‍ സാധിക്കുകയുള്ളൂ. അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടിയാല്‍ മാത്രമേ പരിഹാരങ്ങള്‍ പൂര്‍ണ്ണമാകുന്നുമുള്ളൂ.

Top