പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ക്ക് ജീവിതാവസാനം വരെ തടവ്

തൃശൂര്‍: പതിമൂന്നുകാരിയും പട്ടികജാതിക്കാരിയുമായ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിയായ പാസ്റ്ററെ ജീവിതാവസാനം വരെ തടവിനും 50,000/ രൂപ പിഴയടയ്ക്കുവാനും ശിക്ഷിച്ചു. പ്രതിക്ക് സമാനമായ മറ്റൊരു കേസില്‍ മുന്‍പ് 40 വര്‍ഷം തടവ് ലഭിച്ചിരുന്നു.

പീച്ചി തെക്കേപായ്കണ്ടം സാല്‍വേഷന്‍ ആര്‍മി ചര്‍ച്ചിലെ പാസ്റ്റര്‍ കോട്ടയം കറുകച്ചാല്‍ സ്വദേശി കുറ്റിക്കല്‍ വീട്ടില്‍ പാസ്റ്റര്‍ സനില്‍. കെ. ജെയിംസ് (35) ആണ് ശിക്ഷിക്കപ്പെട്ടത്.
സാല്‍വേഷന്‍ ആര്‍മി ചര്‍ച്ചില്‍ വെച്ചും പീച്ചിയിലെ പാസ്റ്ററുടെ ഔദ്യോഗിക വസതിയില്‍ വച്ചും 7-ാം ക്ലാസുകാരിയെ ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തൃശ്ശൂര്‍ പോക്സോ സ്പെഷ്യല്‍ സെഷന്‍സ് കോടതിയുടെ ചുമതലയുള്ള സെഷന്‍സ് ജഡ്ജി നിക്സണ്‍. എം. ജോസഫാണ് ശിക്ഷ വിധിച്ചത്. പെണ്‍കുട്ടി പഠിച്ചിരുന്ന സ്‌കൂളിലെ ടീച്ചറോടാണ് പീഡനവിവരം ആദ്യം കുട്ടി പറയുന്നത്. സ്‌കൂള്‍ കൗണ്‍സിലര്‍ തൃശൂര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുഖാന്തരം വിവരം റിപ്പോര്‍ട്ട് ചെയ്യുകയും പിന്നീട് പീച്ചി പോലീസ് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.

പ്രതി 2013-15 കാലഘട്ടത്തില്‍ ഈ കേസിലെ ഇരയായ പെണ്‍കുട്ടിയുടെ കൂട്ടുകാരിയും സഹപാഠിയുമായ മറ്റൊരു പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കുറ്റത്തിന് പീച്ചി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 40 വര്‍ഷം കഠിനതടവിനു ശിക്ഷിക്കപ്പെട്ട് ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചുവരികയാണ്.

മെഡിക്കല്‍ പരിശോധനയില്‍ പെണ്‍കുട്ടി ബലാല്‍സംഗത്തിനു വിധേയയായതായി തെളിഞ്ഞിരുന്നു. പ്രതിയുടെ ഭാര്യയും മകളും പ്രതിയോടൊപ്പം താമസിച്ചുവന്നപ്പോഴാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പ്രോസിക്യൂഷന്‍ ഭാഗത്തു നിന്ന് ഇര ഉള്‍പ്പെടെ 16 സാക്ഷികളെയും 32 രേഖകളും 4 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി പോക്സോ കോടതി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പയസ് മാത്യു ഹാജരായി.

പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും ചെയ്ത കുറ്റം വളരെ ഗുരുതരമാണെന്നും വിധി സമൂഹത്തിന് ഒരു പാഠമാകണമെന്നും പ്രത്യേകം പരാമര്‍ശമുണ്ട്. ഇരയ്ക്ക് നഷ്ടപരിഹാരം കൊടുക്കുന്നതിന് ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയോട് നടപടികള്‍ സ്വീകരിക്കുവാനും വിധിയില്‍ പ്രത്യേകം പറയുന്നു. പിഴ സംഖ്യ ഒടുക്കുകയാണെങ്കില്‍ അത് ഇരയ്ക്ക് നല്‍കുന്നതിനും ഉത്തരവുണ്ട്.

Top