ലുധിയാന: പത്താന്‍കോട്ട് സൈനിക കേന്ദ്രം തീവ്രവാദികള്‍ ആക്രമിച്ചതിന്റെ ഞെട്ടല്‍മാറും മുന്‍പ് ഇന്ത്യന്‍ സൈന്യത്തിനെ ഞെട്ടിച്ച് സൈനികന്റെ തന്നെ ചതി. ആയുധങ്ങളും മയക്കമരുന്നുകളും ഇന്ത്യന്‍ അതിര്‍ത്തികടത്താന്‍ തീവ്രവാദികളെ സഹായിച്ച ഇന്ത്യന്‍ അതിര്‍ത്തി രക്ഷാസേനാ ഭടനെയും രണ്ടു കള്ളക്കടത്തുകാരെയുമാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.
അതിര്‍ത്തി കടന്നെത്തിയ ആയുധങ്ങളും ഹെറോയില്‍ അടക്കമുള്ള മയക്കുമരുന്നുകളും പഞ്ചാബ് അതിര്‍ത്തിയിലൂടെ രാജ്യത്തേയ്ക്കു കടത്തിയ സംഭവത്തില്‍ രണ്ടു കള്ളക്കടത്തുകാരെ കഴിഞ്ഞ ദിവസം പഞ്ചാബ് പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ടണ്‍കണക്കിനു ഹെറോയിനും ആയുധങ്ങളുമാണ് ഈ സംഘത്തില്‍ നിന്നും പഞ്ചാബ് പൊലീസ് പിടിച്ചെടുത്തത്. പിടിയിലായ പ്രതികളെ പഞ്ചാബ് പൊലീസ് സംഘം പിടികൂടി ചോദ്യം ചെയ്തതോടെയാണ് സംഭവത്തില്‍ ഇവരെ സഹായിച്ച ബിഎസഎഫ് സംഘത്തെപ്പറ്റി വിവരം ലഭിച്ചത്.
ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിലെ 52 -ാം ബറ്റാലിയന്‍ അംഗമായ കോണ്‍സ്റ്റബിള്‍ അനിലിനെയാണ് അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇയാള്‍ക്കു കള്ളക്കടത്തു സംഘവുമായി നേരിട്ടു ബന്ധമുണ്ടെന്ന സൂചനകളാണ് പഞ്ചാബ് പൊലീസ് സംഘം നല്‍കുന്നത്. കഴിഞ്ഞ ദിവസം മൊഹൈലിലിയെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഇയാളെ ഹാജരാക്കിയിരുന്നു. ലാഹോറിലെ പ്രമുഖ കള്ളക്കടത്തുകാരനായിരുന്ന ഇംതിയാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തനിക്കു കള്ളക്കടത്തിനു പണം നല്‍കിയതെന്നാണ് അനില്‍ അന്വേഷണ സംഘത്തോടു വെളിപ്പെടുത്തിയിരിക്കുന്നത്.
പഞ്ചാബിലെ ടറാന്‍ ടറാനിലെ വിവാഹവേദിയില്‍ വച്ചാണ് സംഘത്തിലെ പ്രമുഖനായ ഒരാളെ കണ്ടെത്തിയതെന്നു പൊലീസ് സംഘത്തോടു ഇയാള്‍ വ്യക്തമാക്കിയത്. ഇവര്‍ കാര്യങ്ങള്‍ സംബന്ധിച്ചു വിശദമായ ചര്‍ച്ച നടത്തി. കള്ളക്കടത്തു സാധനങ്ങള്‍ എന്താണെന്നു ഇവര്‍ വ്യക്തമാക്കിയില്ലെങ്കിലും അതിര്‍ത്തി കടത്തി നല്‍കിയാല്‍ വലിയ വീടു വയ്ക്കാന്‍ ആവശ്യമായ തുക അക്കൗണ്ടില്‍ എത്തിച്ചു നല്‍കാമെന്നും വാഗ്ദാനം ചെയ്തിരുന്നതായി അനില്‍ പറഞ്ഞു. പണവും ഇടപാടുകളും സംബന്ധിച്ചു ധാരണയായതോടെ കള്ളക്കടത്തു സംഘം അനിലിനു രണ്ടു സിംകാര്‍ഡുകള്‍ വാങ്ങി നല്‍കി. ഈ സിംകാര്‍ഡിലേയ്ക്കാണ് ഇംതിയാസ് എന്ന കള്ളക്കടത്തുകാരന്‍ പാക്കിസ്ഥാനില്‍ നിന്നു ഫോണ്‍ ചെയ്തത്.
കള്ളക്കടത്തു നടത്തുന്നതിനു സഹായം ചെയ്തു നല്‍കുന്നതിനുള്ള ആദ്യ ഗഡുവായി 50,000 രൂപ അനിലിന്റെ കയ്യില്‍ പണമായി സംഘം നല്‍കി. തുടര്‍ന്നു ഇംതിയാസ് ഫോണില്‍ ബന്ധപ്പെട്ട് നടത്തേണ്ട നീക്കങ്ങള്‍ സംബന്ധിച്ചു വ്യക്തമായ സൂചനയും നല്‍കി. തുടര്‍ന്നു കള്ളക്കടത്തു നടത്താന്‍ മുന്‍കൂട്ടി നിശ്ചയിച്ച ദിവസം അനിലിന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേയ്ക്കു 30,000 രൂപയും സംഘം നിക്ഷേപിച്ചതായും പഞ്ചാബ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.