ലാഹോര്‍: ഗുരുദാസ്പൂര്‍ എസ്പി ആയിരുന്ന സല്‍വീന്ദര്‍ സിങ്ങിനെ പറ്റിച്ച് തീവ്രവാദികള്‍ രാജ്യത്ത് കടന്നതായി എന്‍ഐഎ കണ്ടെത്തി. ലഹരിമാഫിയ സംഘമെന്ന വ്യാജേനെ എസ്പിയുമായി ബന്ധപ്പെട്ടാണ് തീവ്രവാദികള്‍ രാജ്യത്തേയ്ക്കു കടന്നതെന്നാണ് എന്‍ഐഎ കണ്ടെത്തിയരിക്കുന്നത്. സല്‍വീന്ദര്‍ സിങ്ങിന് പാകിസ്ഥാനില്‍ നിന്നുള്ള ലഹരിമരുന്ന് മാഫിയയുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് ദേശീയ അന്വേഷണ ഏജന്‍സി.
എന്നാല്‍ പഠാന്‍കോട്ടില്‍ ആക്രമണത്തിനെത്തിയ തീവ്രവാദി സംഘവുമായി അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നില്ലെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. പഠാന്‍കോട്ടില്‍ വ്യോമസേനാതാവളം ആക്രമിക്കാന്‍ തീവ്രവാദികള്‍ നടത്തിയ നീക്കത്തെക്കുറിച്ച് സല്‍വീന്ദറിന് മുന്‍കൂട്ടി ഒരു വിവരവുമില്ലായിരുന്നു എന്നും ചോദ്യം ചെയ്യലില്‍ വ്യക്തമായി.
ലഹരിമരുന്ന് കടത്തുമായി ബന്ധമുള്ള ഒരുപാടുപേരുടെ നമ്പര്‍ സല്‍വീന്ദര്‍ സിങ്ങിന്റെ മൊബൈല്‍ ഫോണില്‍ എന്‍.ഐ.എ സംഘം കണ്ടെത്തി. എന്നാല്‍ ഇതെല്ലാം പോലീസിനു വിവരം ചോര്‍ത്തി നല്‍കുന്നവരുടേതാണ് എന്നാണ് സല്‍വീന്ദര്‍ സിങ്ങിന്റെ വാദം. എന്നാല്‍ എന്‍.ഐ.എ ഇത് വിശ്വാസത്തിലെടുത്തിട്ടില്ല.
പാകിസ്ഥാനില്‍ നിന്നുളള ലഹരിമാഫിയയ്ക്ക് പഞ്ചാപിലേക്ക് കടക്കാനും മറ്റും സല്‍വീന്ദര്‍ സിങ് എസ്.പിയായിരിക്കെ സഹായം ചെയ്തു നല്‍കിയതായും എന്‍.ഐ.എ കണ്ടെത്തി. അതിനിടെ വ്യാഴാഴ്ച എന്‍.ഐ.എ സംഘം സല്‍വീന്ദറിന്റെ പാചകക്കാരനെ ചോദ്യം ചെയ്തു.