പത്തനംതിട്ട: അടൂർ പള്ളിക്കൽ ഊന്നുകല്ലിൽ പാചകവാതകം ചോർന്ന് വീടിന് തീപിടിച്ചു. കല്ലായിൽ രതീഷിന്‍റെ വീടിനാണ് തീപിടിച്ചത്. പാചകവാതകം ചോർന്ന് വിറകടുപ്പിൽ നിന്നും ഗ്യാസ് അടുപ്പിലേക്ക് തീ പടരുകയായിരുന്നു.
രാവിലെ ഏഴോടെ വീട്ടിലുള്ളവർ അടുത്ത ക്ഷേത്രത്തിലേക്ക് പോയിരുന്നു. ഈ സമയത്താണ് തീ പടർന്നത്. അതുകൊണ്ട് വലിയ അപകടം ഒഴിവായി.
അടുക്കളയിൽ സൂക്ഷിച്ചിരുന്ന പാചകവാതക സിലിണ്ടർ ചോർന്ന് മുറിയിൽ ഗ്യാസ് നിറയുകയും അടുക്കളയിൽ കത്തിക്കൊണ്ടിരുന്ന വിറകടുപ്പിൽ നിന്നും തീ പിടിക്കുകയായിരുന്നു. വീട്ടിൽ നിന്നും ശക്തമായി പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട സമീപ വാസികൾ അടൂർ ഫയർഫോഴ്സിൽ അറിയിച്ചു.
ഇതിനിടെ അടച്ചിട്ട മുറിയിൽ ചൂട് കൂടി ശക്തമായ മർദ്ദനത്തിൽ വലിയ ശബ്ദത്തോടെ ഗ്ലാസ് ജനലുകൾ പൊട്ടിത്തെറിച്ചു. ചില്ലുകൾ പുറത്തേക്ക് പൊട്ടി ചിതറി സമീപത്ത് തടിച്ചു കൂടിയിരുന്ന ആളുകൾക്കിടയിലേക്ക് തെറിച്ചു.
ചിതറി തെറിച്ച ഗ്ലാസ് കഷണം ശരീരത്തിൽ തറച്ച അയൽക്കാരനായ പണയിൽ വാഴപ്പള്ളിൽ വടക്കേതിൽ ഭാനുവിന് (63) പരിക്കേറ്റു.
അടൂർ നിന്നും സ്റ്റേഷൻ ഓഫീസർ വിനോദ് കുമാർ, ഗ്രേഡ് അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ ഷാനവാസ് എന്നിവരുടെ നേതൃത്വത്തിൽ ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തിയെങ്കിലും വീടിന്‍റെ വാതിലുകൾ ഇരുമ്പ് പട്ട ഉപയോഗിച്ച് പൂട്ടിയിരുന്നതിനാൽ അകത്ത് കയറാൻ കഴിയാതെയായി. സമീപ വാസികൾ അറിയിച്ചതനുസരിച്ച് ക്ഷേത്രത്തിൽ നിന്നും വീട്ടുകാർ മടങ്ങിയെത്തി അകത്ത് കയറി രണ്ട് പാചക വാതക സിലിണ്ടറുകൾ പുറത്തേക്ക് മാറ്റി.