പത്താന്‍കോട്ട് തീവ്രവാദികള്‍ എത്തിയത് കള്ളക്കടത്തുകാരുടെ വഴിയേ: അതിര്‍ത്തി വഴിയുള്ള നുഴഞ്ഞു കയറ്റം അവസാനിപ്പിച്ച് തീവ്രവാദികള്‍ കള്ളക്കടത്തു സംഘങ്ങളെ കൂട്ടി പിടിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം

ന്യൂഡല്‍ഹി: ഇന്ത്യാപാക് നിയന്ത്രണ രേഖവഴി നേരിട്ട് നുഴഞ്ഞു കയറുന്ന പ്രവണത അവസാനിപ്പിച്ച് ലഹരിമാഫിയ സംഘത്തിന്റെ വഴികളിലൂടെ തീവ്രവാദികള്‍ ഇന്ത്യയിലേയ്ക്കു കടക്കുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിനു സൂചന. പത്താന്‍കോട്ട് തന്ത്രപ്രധാനമായ ഇന്ത്യന്‍ വ്യോമസേനാ കേന്ദ്രം ആക്രമിച്ച സംഘത്തിനു ഇന്ത്യയിലേയ്ക്കു ലഹരിമരുന്നു കള്ളക്കടത്തു നടത്തുന്ന സംഘത്തിന്റെ സഹായം ലഭിച്ചതായും രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.
പാക്കിസ്ഥാനിലെ തീവ്രവാദ സംഘടനകളും, രാജ്യത്തെ പ്രാദേശിക കള്ളക്കടത്തു സംഘങ്ങളും തമ്മില്‍ രഹസ്യധാരണയുണ്ടാക്കിയിരിക്കുന്നതായാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. രാജ്യത്തേയ്ക്കു ലഹരിമരുന്നു കടത്തുന്ന കള്ളക്കടത്തു സംഘം ആദ്യം ആയുധങ്ങളും യുദ്ധോപകരണങ്ങളുമായി എത്തുകയും പിന്നീട് തീവ്രവാദികള്‍ ഇതേ റൂട്ടിലൂടെ രാജ്യത്തേയ്ക്കു കടക്കുകയുമാണ് ചെയ്തിരിക്കുന്നതെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തില്‍ തീവ്രവാദ സംഘടനകള്‍ക്കു ലഹരി മാഫിയയുടെ സഹായം ലഭിക്കുന്നുണ്ടെങ്കില്‍ ഇത് രാജ്യ സുരക്ഷയെ ഗുരുതരമായ രീതിയില്‍ ഭാവിയിലും ബാധിക്കുന്നതാണ്.
പഞ്ചാബിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഇന്ത്യന്‍ സുരക്ഷാ വേലിയില്ലാത്ത സ്ഥലങ്ങളാണ് ഇപ്പോള്‍ തീവ്രവാദികള്‍ രാജ്യത്തേയ്ക്കു കടക്കാന്‍ ഉപയോഗിച്ചിരിക്കാന്‍ സാധ്യതയുള്ളതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മയക്കുമരുന്നു ലഹരി മാഫിയ സംഘങ്ങള്‍ കടലിലൂടെയും രാജ്യത്ത് കടക്കാറുണ്ട്. എന്നാല്‍, പഞ്ചാബില്‍ എത്താന്‍ മാഫിയ- തീവ്രവാദി സംഘങ്ങള്‍ ഈ വഴി ഉപയോഗിച്ചിരിക്കാനുള്ള സാധ്യതകള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പൂര്‍ണമായും തള്ളിക്കളയുകയാണ്.
പഞ്ചാബ് ഗുരുദാസ്പൂര്‍ എസ്പിയെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ എന്‍ഐഎ ഇതിനിടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എസ്പിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിന്റെ ദുരൂഹത നീക്കുന്നതിനായി കേന്ദ്ര ഏജന്‍സികളുടെ നിര്‍ദേശ പ്രകാരമാണ് ഇപ്പോല്‍ എന്‍ഐഎ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഗുരുദാസ്പൂര്‍ എസ് സല്‍വീദ്രര്‍ സിങ്ങും, അദ്ദേഹത്തിന്റഎ സുഹൃത്തും വ്യാപാരിയുമായ രാജേഷ് വര്‍മ്മയെയുമാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്. അദ്ദേഹത്തെ തട്ടിക്കൊണ്ടു പോയി കിലോമീറ്ററുകള്‍ അകലെ ഉപേക്ഷിക്കുകയായിരുന്നു. ഇതിനു ശേഷം 24 കിലോമീറ്റര്‍ സഞ്ചരിച്ചാണ് തീവ്രവാദികള്‍ പത്താന്‍കോട്ട് സൈനിക കേന്ദ്രത്തില്‍ എത്തിയത്. 2000 ഏക്കറിലായി പരന്നു കിടക്കുന്ന സൈനിക കേന്ദ്രത്തിനുള്ളില്‍ തീവ്രവാദികള്‍ കടന്നത് ഏങ്ങിനെ എന്നത് രാജ്യത്തെ സുരക്ഷയെ സംബന്ധിച്ചു വലിയൊരു ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്.

Top