ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമത്താവളത്തില്‍ ആക്രമണം നടത്തിയ ഭീകരര്‍ എത്തിയത് രണ്ട് സംഘങ്ങളായെന്നാണ് നിഗമനം. ആറ് ഭീകരരില്‍ രണ്ട് പേര്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് ലഭിക്കും മുമ്പ് വ്യോമത്താവളത്തില്‍ കടന്നിരിക്കാനാണ് സാധ്യത.പഞ്ചാബ് പൊലീസ് എസ് പി സല്‍വീന്ദര്‍ സിംഗ്, സുഹൃത്ത് രാജഷ് വര്‍മ്മ എന്നിവര്‍ സഞ്ചരിച്ച വാഹനം ഭീകരര്‍ തട്ടിയെടുത്തിരുന്നു. ഡിസംബര്‍ 31നാണ് ഈ സംഭവമുണ്ടായത്.
രാജേഷ് വര്‍മ്മയുടെ കഴുത്ത് മുറിച്ചെങ്കിലും അദ്ദേഹം അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചു വന്നു. തങ്ങളെ ആക്രമിച്ച ഭീകരര്‍ അവരെ നിയന്ത്രിക്കുന്ന ആളുകളുമായി ഫോണില്‍ സംസാരിക്കുന്നത് കേള്‍ക്കുന്നുണ്ടായിരുന്നു. പാകിസ്ഥാനിലേക്ക് ഇവര്‍ ബന്ധപ്പെട്ടതെന്ന് കരുതുന്നതായി രാജേഷ് വര്‍മ്മ പറഞ്ഞു.
രണ്ട് ഭീകരര്‍ വ്യോമത്താവളത്തില്‍ എത്തിക്കഴിഞ്ഞെന്ന് പൊലീസ് ഉദ്യോഗസ്ഥനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടു പോയ നാല് ഭീകരോടും പാകിസ്ഥാനിലെ കേന്ദ്രത്തില്‍ നിന്നറിയിച്ചതായാണ് നിഗമനം. വഴിയില്‍ പൊലീസ് ചെക് പോസ്റ്റുകള്‍ ഉളളതിനാല്‍ വ്യോമത്താവളത്തില്‍ കടക്കാനുള്ള ബുദ്ധിമുട്ട് നാല് ഭീകരരും അറിയിച്ചതായാണ് സൂചന.
നാല് ഭീകരരും ജനുവരി ഒന്നിന് വ്യോമത്താവളത്തില്‍ കടന്നെന്നും സൂചനയുണ്ട്. തട്ടിയെടുക്കപ്പെട്ട പൊലീസ് വാഹനം വ്യോമത്താവളത്തിന് സമീപം നിന്നാണ് കണ്ടുകിട്ടിയത്.തന്നെ തട്ടിക്കൊണ്ടു പോയത് പഞ്ചാബ് എസ് പി പറഞ്ഞപ്പോള്‍ അത് ഗൗരവമായി എടുത്തില്ലെന്നും ആക്ഷേപമുണ്ട്. എസ് പിയുടെ സംശയകരമായ ഭൂതകാലം കണക്കിലെടുത്താണിത്.