തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാടില്‍ സര്‍ക്കാര്‍ കൈവശമുള്ള പത്രണ്ട് സെന്റ് ഭൂമി തിരിച്ചുപിടിക്കാന്‍ ലോകയ്ുക്ത് ഉത്തരവിട്ടു. നേരത്തെ ഫ്‌ലാറ്റ് നിര്‍മ്മാണ കമ്പനി പാറ്റൂരില്‍ 12 സെന്റിലധികം ഭൂമി കൈയേറിയെന്ന കണ്ടെത്തല്‍ വിജിലന്‍സ് കോടതിയും ശരിവച്ചിരുന്നു.
പാറ്റൂരില്‍ സ്വകാര്യ കമ്പനി ഫ്‌ളാറ്റും അനുബന്ധ ഷോപ്പിങ് മാളും നിര്‍മ്മിക്കാന്‍ കയ്യേറിയ ഭൂമി തിരികെ നല്‍കണമെന്ന ലോകായുക്ത വിധി പുറത്ത് വന്നത് സര്‍ക്കാറിന് തിരിച്ചടിയാണ് . പൊതുപ്രവര്‍ത്തകനായ ജോയി കൈതാരം നല്‍കിയ ഹര്‍ജിയിലാണ് ലോകായുക്ത ജഡ്ജ് ജസ്റ്റിസ് പയസ് കുര്യാക്കോസ് വിധി പുറപ്പെടുവിച്ചത്. ഇതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച എല്ലാ പ്ലാനുകളിലും കയ്യേറ്റം നടന്നിട്ടുണ്ടെന്ന് വ്യക്തമാണെന്ന് അദ്ദേഹം നിരീക്ഷിച്ചിരുന്നു.
പാറ്റൂരില്‍ വാട്ടര്‍ അഥോറിറ്റിയുടെ സ്വീവേജ് പൈപ്പ് കടന്നു പോകുന്ന സര്‍ക്കാര്‍ ഭൂമി കയ്യേറിയാണ് ഫ്‌ളാറ്റ് നിര്‍മ്മാണം നടക്കുന്നതെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. തങ്ങളുടെ കൈവശം അധികമായി 12 സെന്റ് ഭൂമി ഉണ്ടെന്ന് ഫല്‍റ്റ് നിര്‍മ്മാതാവിന്റെ അഭിഭാഷകന്‍ ലോകായുക്തയ്ക്ക് മുന്നില്‍ സമ്മതിച്ചിരുന്നു. എന്നാല്‍ കയ്യേറിയ ഭൂമിയില്‍ യാതൊരു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടക്കുന്നില്ലെന്നും പറഞ്ഞപ്പോള്‍ വിവാദ ഭൂമിയില്‍ നിര്‍മ്മാണം നടക്കുന്നുണ്ടല്ലോ എന്ന കോടതിയുടെ മറു ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാനും കമ്പനി വൃത്തങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല.
ഇതിന്റെ അടിസ്ഥാനത്തിലാണ് കയ്യേറിയ ഭൂമി തിരികെ നല്‍കമമെന്ന കോടതി വിധി വന്നതും. എന്നാല്‍ ഇതു മുന്നില്‍കണ്ട് കമ്പനി, നിര്‍മ്മാണം നടക്കുന്നതിന് സമീപത്തുള്ള ഭൂമി കൂടി വാങ്ങാനുള്ള ശ്രമത്തിലാണെന്ന ആക്ഷേപം നേരത്തേ തന്നെ ഉണ്ടായിരുന്നു. നേരത്തേകയ്യേറിയ ഭൂമിയില്‍ നടത്താനുദ്ദേശിച്ച നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അവിടേക്ക് മാറ്റാണെന്ന് കമ്പനി കണക്കുകൂട്ടുന്നു. എന്നാല്‍ ഇത് പുറമ്പോക്ക് ഭൂമിയാണെന്നാണ് സമീപവാസികള്‍ അഭിപ്രായപ്പെടുന്നത്.
നേരത്തെ പാറ്റൂര്‍ ഭൂമി ഇടപാടില്‍ മുഖ്യമന്ത്രിയുടെ പങ്കിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചിരു്‌നു. കേസില്‍ മുഖ്യമന്ത്രിയെയും മുന്‍ ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷണെയും പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ നല്‍കിയ ഹരജിയുടെ വാദത്തിനിടെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം നടത്തിയത്.