പത്താന്‍കോട്: പത്താന്‍കോട് വ്യോമസേനാത്താവളം ആക്രമിച്ച ഭീകരര്‍ക്ക് അകത്തു നിന്ന് സഹായം ലഭിച്ചതായി എന്‍ഐഎ കണ്ടെത്തി. ഇതു സംബന്ധിച്ച് സൂചനകള്‍ നേരത്തെ ലഭിച്ചിരുന്നെങ്കിലും ഇതാദ്യമായാണ് എന്‍ഐഎ ഇത് സ്ഥിരീകരിക്കുന്നത്.
ഇവിടെ മിക്കപ്പോഴും വലിയ സുരക്ഷാ വീഴ്ചയുണ്ടാകാറുണ്ടെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. വെറും 50 രൂപ നല്‍കിയാല്‍ നാട്ടുകാരെ ഇവിടെ കാലികളെ മേയ്ക്കാന്‍ അനുവദിച്ചിരുന്നു. അതായത് കാവല്‍ക്കാര്‍ക്ക് 50 രൂപ നല്‍കിയാല്‍ ആര്‍ക്കും ഇതിനുള്ളില്‍ കടക്കാന്‍ കഴിയുമായിരുന്നു. അറിഞ്ഞോ അറിയാതെയോ അകത്തു നിന്ന് ഇങ്ങനെ ഭീകരര്‍ക്ക് സഹായം ലഭിച്ചിട്ടുണ്ടെന്നര്‍ഥം.
സംഭവ ദിവസം താവളത്തിലെ മൂന്ന് ഫല്‍ഡ് ലൈറ്റുകള്‍ മേലേക്ക് തിരിച്ചുവച്ചിരുന്നുവെന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ഭീകരര്‍ക്ക് വേണ്ടി ആയുധങ്ങളും മറ്റും നേരത്തെ എത്തിച്ചിരുന്നതായും കണ്ടെത്തിക്കഴിഞ്ഞു. ആയുധങ്ങളും സ്‌ഫോടകവസ്തുക്കളുമായി മതില്‍ ചാടിക്കടന്ന്, സകല സുരക്ഷയും മറികടന്ന് താവളത്തില്‍ കടക്കുകഎളുപ്പമല്ല. അതിനാല്‍ അവ നേരത്തെ എത്തിച്ചുവെന്നാണ് എന്‍ഐഎ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
വ്യാമസേനാത്താവളത്തില്‍ നിന്ന് എകെ 47 തോക്കിന്റെ വെടിയുണ്ടകളും മൊബൈല്‍ ഫോണും ഒരു ബൈനോക്കുലറും എന്‍ഐഎ കണ്ടെടുത്തു. പാക്കിസ്ഥാന്‍ പത്താന്‍കോട്ടെ ആക്രമണവുമായി ബന്ധപ്പെട്ട് ഏതാനും പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. അറസ്റ്റിനെത്തുടര്‍ന്ന് ഐഎസ്‌ഐ, മിലിറ്ററി ഇന്റലിജന്‍സ്, ഫെഡറല്‍ അന്വേഷണ ഏജന്‍സി, പോലീസ് എന്നിവയെ ഉള്‍പ്പെടുത്തി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് സംയുക്ത അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.ഭീകരരുടെ ശബ്ദ രേഖയടക്കം കൂടുതല്‍ തെളിവുകള്‍ നല്‍കാന്‍ പാക്കിസ്ഥാന്‍ ഭാരതത്തോട് ആവശ്യപ്പെട്ടു.
അതിനിടെ പത്താന്‍കോട് വിമാനത്താവളത്തില്‍ ഇന്നലെ വീണ്ടും സ്‌ഫോടനമുണ്ടായി. ഭീകരരുടെ കൈയില്‍ നിന്ന് വീണുകിടന്ന ഗ്രനേഡ്പരിശോധനയ്ക്കിടെ, പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ ഒരു എന്‍ഐഎ ഉദ്യോഗസ്ഥന് പരിക്കേറ്റു.