പോള്‍ മുത്തൂറ്റ്‌ വധക്കേസ്‌: 13 പ്രതികള്‍ കുറ്റക്കാര്‍:പതിനാലാം പ്രതിയെ വെറുതെ വിട്ടു !

തിരുവനന്തപുരം: യുവവ്യവസായി പോള്‍ എം. ജോര്‍ജ്‌ കൊല്ലപ്പെട്ട കേസില്‍ 13 പ്രതികള്‍ കുറ്റാക്കാരെന്ന്‌ കണ്ടെത്തി. സിബിഐ പ്രത്യേക കോടതിയുടേതാണ്‌ വിധി.ഇവര്‍ക്ക്‌ ഇന്നു തന്നെ ശിക്ഷ വിധിക്കുമെന്നാണ്‌ വിവരം. കൊലപാതകം, ഗൂഢാലോചന, സംഘം ചേരല്‍ എന്നീ കുറ്റങ്ങള്‍ക്കാണ്‌ ശിക്ഷ വിധിക്കുക. അതേസമയം, 14്ാം പ്രതി അനീഷിനെ വെറുതെവിട്ടു.
ചങ്ങനാശേരി ക്വട്ടേഷന്‍ സംഘത്തിലെ കാരി സതീശ്‌ അടക്കം പത്തൊന്‍പത്‌ പേരെയാണ്‌ കേസില്‍ പ്രതിചേര്‍ത്തിരുന്നത്‌. മറ്റൊരു ക്വട്ടേഷന്‍ നടപ്പാക്കാന്‍ ആലപ്പുഴയ്ക്ക്‌ പോകും വഴി, ബൈക്കപകടവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ പോള്‍ ജോര്‍ജിനെ കൊലപ്പെടുത്തിയെന്നാണ്‌ സിബിഐ കേസ്‌.
പോള്‍ ജോര്‍ജിനെ കൊലപ്പെടുത്തിയതിനും മറ്റൊരു ക്വട്ടേഷന്‌ പോയതിനും ചങ്ങനാശേരി സംഘത്തിനെതിരെ രണ്ട്‌ കുറ്റപത്രങ്ങള്‍ സിബിഐ സമര്‍പ്പിച്ചെങ്കിലും ഇവ ഒന്നിച്ചാക്കി വിചാരണ നടത്തുകയായിരുന്നു. 2012 നവംബര്‍ പത്തൊന്‍പതിന്‌ ആരംഭിച്ച വിചാരണയില്‍, പോള്‍ ജോര്‍ജിന്റെ ഡ്രൈവര്‍ ഷിബു തോമസ്‌ അടക്കം 123 സാക്ഷികളുടെ മൊഴി കോടതി രേഖപ്പെടുത്തി.
കുത്തേറ്റ പോള്‍ ജോര്‍ജിനെ വഴിയിലുപേക്ഷിച്ച്‌ കടന്ന ഗുണ്ടാനേതാക്കള്‍ ഓംപ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും കേരള പൊലീസ്‌ പ്രതികളാക്കിയിരുന്നെങ്കിലും സിബിഐ മാപ്പുസാക്ഷികളാക്കി മാറ്റി. കൊലപാതകം കണ്ടില്ലെന്നും പോളിനെ കുത്തിയവരെ അറിയില്ലെന്നുമാണ്‌ രണ്ട്‌ ഗുണ്ടകളും കോടതിയില്‍ നല്‍കിയ മൊഴി. പോളിനൊപ്പമുണ്ടായിരുന്ന സുഹൃത്ത്‌ മനു, കാരി സതീശ്‌ അടക്കമുളളവരെ കോടതിയില്‍ തിരിച്ചറിഞ്ഞു. ഏറെ വിവാദമായ ‘എസ്‌’ കത്തിയും കോടതിയുടെ പരിഗണനയ്ക്ക്‌ വന്നു. പൊലീസ്‌ ആദ്യം കണ്ടെടുത്ത ‘എസ്‌’ ആകൃതിയുളള കത്തിയല്ല കൊലയ്ക്ക്‌ ഉപയോഗിച്ചതെന്ന്‌ കണ്ടെത്തിയ സിബിഐ കൊലയ്ക്കുപയോഗിച്ച യഥാര്‍ഥ കത്തിയും കോടതിയില്‍ ഹാജരാക്കി.
തിങ്കളാഴ്‌ച വിധി പറയുന്നതിനായി കേസ്‌ പരിഗണിച്ചപ്പോള്‍ എല്ലാ പ്രതികളും ഹാജരില്ലാതിരുന്നതിനെത്തുടര്‍ന്ന്‌ ഇന്നത്തേക്കു മാറ്റുകയായിരുന്നു. കേസിലെ ഒന്നാംപ്രതി ജയചന്ദ്രനെ ഗതാഗതക്കുരുക്കു മൂലം സമയത്ത്‌ കോടതിയില്‍ എത്തിക്കാന്‍ കഴിയില്ലെന്ന വിവരം അഭിഭാഷകന്‍ കോടതിയില്‍ കേസ്‌ പരിഗണിച്ചപ്പോള്‍ എഴുതി നല്‍കി. നാലാംപ്രതി സുജിത്തും പതിനഞ്ചാം പ്രതി ഹസന്‍ സന്തോഷ്‌ കുമാറും ജയിലിലായതിനാല്‍ അവരെയും ഇന്നലെ കോടതിയില്‍ എത്തിക്കുന്നതിന്‌ ഓണം വാരാഘോഷ സമാപനദിനമായതിനാല്‍ മതിയായ പോലീസ്‌ സഹായം ലഭ്യമല്ലെന്ന്‌ അധികൃതരും കോടതിയെ രേഖാമൂലം അറിയിച്ചു. തുടര്‍ന്നു ജഡ്‌ജി ആര്‍. രഘു കേസില്‍ വിധിപറയുന്നത്‌ ഇന്നത്തേക്കു മാറ്റുകയായിരുന്നു.

Top