സ്വന്തം ലേഖകൻ
ന്യൂഡൽഹി: പാക്കിസ്ഥാനെ സഹായിക്കുന്ന ചൈനയെ ഒറ്റപ്പെടുത്തണമെന്നും ചൈനീസ് ഉത്പന്ന്ങ്ങൾ ബഹിഷ്‌കരിക്കണമെന്നും നാഴികയ്ക്കു നാൽപ്പതു വട്ടം അഹ്വാനം ചെയ്യുന്ന ആർഎസ്എസുമാർ കാണുക ഈ വാർത്ത. ചൈനീസ് ഓൺലൈൻ ഭീമൻ ആലീബാബയും രത്തൻ ടാറ്റയും സംയുക്തമായി കോടികൾ നിക്ഷേപിച്ചിരിക്കുന്ന ഓൺലൈൻ മൊബൈൽ പേയ്‌മെന്റ് സൈറ്റായ പേടിഎമ്മിന്റെ മോഡൽ പ്രധാനമന്ത്രി നരേന്ദ്രമോദി. നോട്ട് നിരോധിച്ച കേന്ദ്ര സർക്കാർ ഉത്തരവ് പുറത്തു വന്ന പത്തു ദിവസത്തിനിടെ പേടിഎമ്മിനു അധികമായി ലഭിച്ചത് അരക്കോടി രൂപയുടെ അധിക വരുമാനമെന്നാണ് റിപ്പോർട്ടുകൾ. ഉറി ഭീകരാക്രമണത്തിനു പിന്നാലെയാണ് കേന്ദ്ര സർക്കാരും – ബിജെപിയും ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കണമെന്നു ആഹ്വാനം ചെയ്ത് രംഗത്ത് എത്തിയത്. എന്നാൽ, ചൈനീസ് ഇ കൊമേഴ്‌സ് കമ്പനിയായ ആലീബാബയ്ക്കു 575 മില്ല്യൺ ഡോളർ നിക്ഷേപമുള്ള പേടിഎമ്മിന്റെ മോഡലാകുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കു പക്ഷേ, ഈ ആഹ്വാനം ഒറു ബുദ്ധിമുട്ടും സൃഷ്ടിച്ചിട്ടില്ല.
നോട്ടുനിരോധന പ്രഖ്യാപനത്തിന്റെ പിറ്റേദിവസം പ്രസ്തുത നടപടിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവുംവച്ച് പ്രമുഖ ദേശീയ മാധ്യമങ്ങളിൽ ഫുൾപേജ് പരസ്യമുണ്ടായിരുന്നു. മൊബൈൽ, ഡിറ്റിഎച്ച് തുടങ്ങിയവയുടെ റീചാർജ്ജുകൾക്കായാണ് ജനങ്ങൾ പേടിഎമ്മിനെ ആശ്രയിച്ചുകൊണ്ടിരുന്നത്. കേന്ദ്രസർക്കാർ 500 1000 രൂപ നോട്ടുകൾ പിൻവലിക്കുകയും പകരം രണ്ടായിരം രൂപയുടെ നോട്ടുകൾ മാത്രം ഇറക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ‘ഓൺലൈൻ റിചാർജ്ജി’നുള്ള ആവശ്യക്കാർ കൂടുകയും അവർ പേ ടിഎമ്മിനെ തേടിയെത്തുകയുമായിരുന്നു. ഇതോടെ പേ ടിഎമ്മിന്റെ വരുമാനം കുത്തനെ കൂടുകയും ചെയ്തു. ഈ സാമ്പത്തിക വർഷാവസാനത്തോടെ 24,000 കോടി രൂപയുടെ മൂല്യമുള്ള ഇടപാടുകൾ നടത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് പേടി എമ്മിന്റെ സീനിയർ എക്‌സിക്യുട്ടീവ് വിജയ് ശേഖർ ശർമ്മ അറിയിച്ചിട്ടുണ്ട്.
നോട്ട് പിൻവലിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെ നരേന്ദ്ര മോദിയെ അഭിനന്ദിച്ച് പേടിഎമ്മിന്റെ പരസ്യം വന്നിരുന്നു. പ്രധാനമന്ത്രിയുടെ ചിത്രം സഹിതമാണ് പേടിഎം പരസ്യം നൽകിയിരുന്നത്. ഈ പത്രപരസ്യം ഏറെ വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. നവംബർ എട്ടിന് രാത്രിയിലാണ് നോട്ടുകൾ അസാധുവാക്കാനുള്ള തീരുമാനം പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തെ അഭിനന്ദിച്ചുകൊണ്ടു പിറ്റേദിവസം പുലർച്ചേ ഇറങ്ങിയ പത്രങ്ങളിൽ പരസ്യം നൽകിയ പേടിഎം നടപടിയാണ് വിമർശനത്തിന് കാരണമായത്.
മാത്രമല്ല പ്രഖ്യാപനം വന്നയുടനെ പേടിഎം ഉടമ വിജയ് ശർമ്മ സോഷ്യൽ മീഡിയ വഴി പ്രധാനമന്ത്രിക്കു അഭിനന്ദനം അറിയിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. പത്രങ്ങളിൽ പേടിഎം പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ചതിനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ശക്തമായി പ്രതികരിച്ചിരുന്നു. രാജ്യത്തെ ഭൂരിഭാഗം വരുന്ന നോട്ടുകൾ പിൻവലിച്ചതിന്റെ യഥാർത്ഥ ഗുണഭോക്താക്കൾ പേടിഎം ആശണന്നും കെജ്‌രിവാൾ ആരോപിച്ചിരുന്നു. ഈ കമ്പനിയുമായി എന്ത് ഇടപാടാണ് മോദിക്കുള്ളതെന്നു വ്യക്തമാക്കണമെന്നും കെജ്‌രിവാൾ ആവശ്യപ്പെട്ടിരുന്നു.
രാജ്യത്ത് 1000 500 രൂപ നോട്ടുകൾ പിൻവലിച്ച നടപടിയുടെ ഗുണഭോക്താക്കൾ പേടിഎം ആണെന്നുള്ളതാണ് ഇവിടെ വ്യക്തമാകുന്നത്. ഇത് തീർത്തും നാണക്കേടാണ്. നാളെ ഈ കമ്പനിയുടെ ഭാഗത്ത് തെറ്റുകണ്ടാൽ ആരാണ് ഇവർക്കെതിരെ നടപടിയെടുക്കേണ്ടതെന്നും മോദി വ്യക്തമാക്കണം. മോദിയുടെ തീരുമാനം കൊണ്ട് ഏറ്റവും കൂടുതൽ മനട്ടമുണ്ടാകുന്നത് പേടിഎമ്മിനാണെന്നു വ്യക്തമായിക്കഴിഞ്ഞു. അതിനു തെളിവാണ് പിറ്റേ ദിവസം പേടിഎമ്മിന്റെ പരസ്യത്തിൽ മോദി പ്രത്യക്ഷപ്പെട്ടതും. എന്താണ് നിങ്ങൾ തമ്മിലുള്ള കരാറെന്ന വ്യക്തമാക്കണം കെജ്‌രിവാൾ പറഞ്ഞു.
മോദി സർക്കാരിന്റെ നോട്ട് പിൻവലിക്കൽ തീരുമാനം വന്നതിനെ തുടർന്ന് ഏറ്റവും അടുത്തുള്ള പേടിഎം വ്യാപാരികളുടെ വിവരങ്ങൾ നൽകുന്ന ‘നിയർ ബൈ’ സംവിധാനം കമ്പനി അവതരിപ്പിച്ചിരുന്നു. ഏതാണ്ട് 8,50,000 ഓഫ്‌ലൈൻ വ്യാപാരികൾ പേടിഎം ഇടപാട് സ്വീകരിക്കുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. റിലയൻസ് ജിയോയുടെ പരസ്യത്തിൽ മുമ്പ് മോദിയുടെ തന്നെ ചിത്രം ഉപയോഗിച്ചതും വൻ വിവാദമാണ് ക്ഷണിച്ചു വരുത്തിയിരുന്നത്.