പയ്യാവൂർ : പയ്യാവൂരിലെ ചതിരംപുഴയിൽ കാർ കലുങ്കിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു.വെട്ടത്ത് ജോണി – റജീന ദമ്പതികളുടെ മകൻ റിജുൽ ജോണി (19), കുരുവിലങ്ങാട്ട് ജോയി – ജാൻസി ദമ്പതികളുടെ മകൻ അനൂപ് ജോയി (19) എന്നിവരാണ് മരിച്ചത് .ഇവർ കാറിന്റെ പിൻസീറ്റിലാണ് ഇരുന്നത്.കാർ ഓടിച്ചിരുന്ന മച്ചികാട്ട് തോമസിന്റെ മകൻ അഖിൽ (19),വരമ്പകത്ത് സാജുവിന്റെ മകൻ സിൽജോ(19) എന്നിവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. അഖിൽ പരിയാരം മെഡിക്കൽ കോളേജിലും,സിൽജോ മംഗലാപുരം തേജസ്വിനി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.നാല് പേരും ചന്ദനക്കാംപാറ സ്വദേശികളും, സുഹൃത്തുക്കളുമാണ്.
ഇന്നലെ (ഞായർ) രാവിലെ 7.40 നാണ് നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. ചന്ദനക്കാംപാറ ചെറുപുഷ്പ ദേവാലയത്തിൽ നിന്നും കുർബാന കഴിഞ്ഞ് പൈസക്കരിയിലേക്ക് പോകവെ ചതിരംപുഴ ടൗണിനു സമീപം നിയന്ത്രണം വിട്ട കെ എൽ 59 കെ 5975 മാരുതി സ്വിഫ്റ്റ് ഡിസയർ കാർ കലുങ്കിന്റെ സംരക്ഷണ ഭിത്തിയിൽ ഇടിച്ച് രണ്ടായി പിളർന്ന് പിൻഭാഗം കലുങ്കിൽ നിന്നും തോട്ടിലേക്ക് വീണ് കത്തി അമരുകയായിരുന്നു.കത്തിക്കരിഞ്ഞ അനൂപിന്റെ മൃതശരീരം ഇരിട്ടിയിൽ നിന്നു വന്ന അഗ്നിശമന സേനയും, പയ്യാവൂർ പോലീസും ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.ഇടിയുടെ ആഘാതത്തിൽ പിൻ സീറ്റിലിരുന്ന റിജുൽ ജോണി റോഡിലേക്ക് തെറിച്ചുവീണ് തൽക്ഷണം മരണപ്പെട്ടു.
മുൻഭാഗം സമീപമുണ്ടായിരുന്ന വൈദ്യൂതി തൂണിൽ ഇടിച്ച് തൂൺ കാറിനു മുകളിലേക്ക് വീണു. മരിച്ച റിജുൽ രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ ഇലക്ട്രോണിക്സ് ആന്റ് കംപ്യൂട്ടർ സയൻസ് രണ്ടാം വർഷ വിദ്യാത്ഥിയാണ് .സഹോദരങ്ങൾ: റിജോ ,മരിയ .അനൂപ് ബാംഗ്ലൂർ ക്രിസ്തു ജയന്തി കോളേജിൽ ബികോം രണ്ടാം വർഷ വിദ്യാർത്ഥിയാണ്. സഹോദരങ്ങൾ: അഭിലാഷ്, ആകർഷ്.ഇരുവരുടെയും മൃതദേഹം ഇന്ന് (തിങ്കൾ) ഉച്ചകഴിഞ്ഞ് രണ്ടിന് ചന്ദനക്കാംപാറ ചെറുപുഷ്പ ദേവാലയത്തിൽ സംസ്‌കരിക്കും.