![](https://dailyindianherald.com/wp-content/uploads/2016/05/pc.jpg)
രാഷ്ട്രീയ ലേഖകൻ
പാലാ: പാലായിലെ എൽ.ഡി.എഫ്. സ്ഥാനാർഥി മാണി സി. കാപ്പന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പി.സി. ജോർജ്. കേരളാ കോൺഗ്രസ് (സെക്യുലർ) പാലാ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തിലാണ് ഉദ്ഘാടകനായി ജോർജ് പങ്കെടുത്തത്. ഇത് പുതിയ രാഷ്ട്രീയവിവാദത്തിനും തിരിതെളിക്കും.
പൂഞ്ഞാറിൽ എൽ.ഡി.എഫിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെയാണ് താൻ മത്സരിക്കുന്നതെന്ന പി.സി. ജോർജിന്റെ പ്രഖ്യാപനത്തിന് ഊന്നൽ നൽകുന്നതാണ് പാലായിലെ വോട്ട് അഭ്യർത്ഥന. പൂഞ്ഞാറിൽ ജോർജിനെ ഇടതുപക്ഷ സ്ഥാനാർഥിയാക്കേണ്ടെന്ന തീരുമാനം പിണറായി വിജയന്റേതായിരുന്നു. പിണറായി നിലപാട് കടുപ്പിച്ചതോടെയാണ് ജോർജിന് സീറ്റ് നഷ്ടമായതും. പിന്നീട് ജോർജിനുവേണ്ടി സി.പി.എമ്മിലെ ഒരുവിഭാഗം പൂഞ്ഞാറിൽ സജീവമായി രംഗത്തുണ്ടെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. ഇതേത്തുടർന്ന് രണ്ടു തവണ പൂഞ്ഞാറിലെത്തിയ പിണറായി ജോർജിന് അനുകൂല നിലപാട് സ്വീകരിച്ച സി.പി.എം നേതാക്കളെ പരസ്യമായി ശാസിക്കുകയും ജോർജ് വിജയിച്ചാൽ ഇവർക്കെതിരെ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പു നൽകുകയുമുണ്ടായി.
എന്നാൽ എതിർപ്പ് പിണറായി വിജയന് മാത്രമേയുള്ളൂവെന്നും വി.എസ് അച്യുതാനന്ദനടക്കമുള്ള നേതാക്കളുടെ പിന്തുണയോടെയാണ് താൻ മത്സരിക്കുന്നതെന്നുമായിരുന്നു ജോർജിന്റെ നിലപാട്. ഇത് ശരിവയ്ക്കുന്ന വിധത്തിൽ കേരളത്തിലെ വിവിധ മണ്ഡലങ്ങളിൽ അരമണിക്കൂറിലേറെ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പ്രസംഗിച്ച വിഎസ് പൂഞ്ഞാറിൽ പ്രസംഗം ഒരു മിനിറ്റിൽ ഒതുക്കിയത് രാഷ്്രടീയ വിവാദങ്ങൾക്കും ഇടനൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ജോർജ് പാലായിലെ ഇടത് സ്ഥാനാർഥിക്കുവേണ്ടി രംഗത്തിറങ്ങിയത്. പ്രസംഗത്തിലുടനീളം പി.സി. ജോർജ് കെ.എം. മാണിക്കെതിരേ രൂക്ഷമായ ഭാഷയിൽ വിമർശനമെയ്തു. കെ എം മാണി കർഷക ദ്രോഹിയാണെന്നും ഭൂനികുതി വർധിപ്പിച്ച് കർഷകരെ വഞ്ചിച്ചെന്നും സ്വർണക്കച്ചവടക്കാരും കള്ളക്കച്ചവടക്കാരുമാണ് മാണിയുടെ ഭരണത്തിൽ നേട്ടമുണ്ടാക്കിയതെന്നുമൊക്കെ ജോർജ് കുറ്റപ്പെടുത്തി. കേരളാ കോൺഗ്രസുകളുടെ ലയനത്തിന് കൂട്ടുനിന്നത് തനിക്ക് പറ്റിയ അബദ്ധമാണെന്നും പി.സി. ജോർജ് പറഞ്ഞു. കച്ചവടം പഠിക്കാനായതു മാത്രമാണ് ഏക നേട്ടം. പാലായിലെ മാർക്കറ്റിങ് സഹകരണ സംഘങ്ങളും കർഷകനെ കണ്ണീര് കുടിപ്പിക്കുകയാണ്. പാലാഴി ടയേഴ്സിനു വേണ്ടി പിരിച്ചെടുത്ത പണം എവിടെയെന്ന് മാണി വ്യക്തമാക്കണം.
ജോസ് കെ മാണിക്കു വേണ്ടി മാണി കേരളാ കോൺഗ്രസ് പ്രവർത്തകരെ ഒറ്റുകൊടുക്കുകയാണ്. മാണി സി കാപ്പൻ വിജയിക്കാൻ അർഹതയുള്ള സ്ഥാനാർഥിയാണന്നും പി സി ജോർജ് പറഞ്ഞു. യോഗത്തിൽ മുൻ ഡി സി സി സെക്രട്ടറി സാബു ഏബ്രാഹം, സെബി പറമുണ്ട, വിനോദ് വേരനാനി, പി കെ ഹസൻ കുട്ടി എന്നിവർ പ്രസംഗിച്ചു.