തിരുവനന്തപുരം: എംഎല്‍എ ഹോസ്റ്റലിലെ കാന്റീന്‍ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ പി.സി.ജോര്‍ജ് എംഎല്‍എയ് നടത്തിയ പത്രസമ്മേളനത്തില്‍ യുവാവിനെ വംശീയമായി അധിക്ഷേപിച്ചെന്ന് വിമര്‍ശനം. സംഭവത്തില്‍ എംഎല്‍എയ്‌ക്കെതിരെയും പിഎ സണ്ണിക്ക് എതിരേയും കേസ് എടുത്തിട്ടുണ്ട്. സംഘം ചേര്‍ന്നു മര്‍ദിക്കുക, അസഭ്യം പറയുക എന്നീ വകുപ്പുകളാണ് ചുമത്തിയത്. അതേസമയം, കാന്റീനിലെ സര്‍വീസിനെതിരെ പി.സി.ജോര്‍ജ് സ്പീക്കര്‍ക്കു പരാതി നല്‍കി. ഭക്ഷണം മുറിയില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വൈകിയതിന് മുഖത്തടിച്ചു എന്നാണ് പരാതി. എംഎല്‍എ ഹോസ്റ്റലിലെ കഫേ കുടുംബശ്രീ കാന്റീന്‍ ജീവനക്കാരന്‍ മനുവിനാണ് മര്‍ദനമേറ്റത്. മ്യൂസിയം പൊലീസാണ് കേസെടുത്തത്.
അതിനിടെ പി.സി.ജോര്‍ജ് മര്‍ദിച്ചതായി പരാതി ലഭിച്ചിട്ടില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. നിയമനടപടിയുമായി ജീവനക്കാരനു മുന്നോട്ടുപോകാം. അതിനെ തടസ്സപ്പെടുത്തുകയോ ഇടപെടുകയോ ചെയ്യില്ല. കന്റീന്‍ നടത്തിപ്പിനെക്കുറിച്ച് ജോര്‍ജ് പരാതി നല്‍കിയിട്ടുണ്ട്. അത് അന്വേഷിച്ചു നടപടിയെടുക്കുമെന്നും സ്പീക്കര്‍ പറഞ്ഞു. ഇന്നലെ ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഊണ് എത്തിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് പി.സി.ജോര്‍ജും പിഎയും ചേര്‍ന്ന് ജീവനക്കാരനെ മര്‍ദിക്കുകയായിരുന്നു. കണ്ണിനും ചുണ്ടിനും പരുക്കേറ്റ മനു ആശുപത്രിയില്‍ ചികില്‍സ തേടി. എന്നാല്‍ ആരെയും തല്ലിയിട്ടില്ലെന്ന് ജോര്‍ജ് പറഞ്ഞു. തനിക്കെതിരെയുള്ളത് ഗൂഢാലോചനയാണെന്നും മനുവിന്റെ ഫോണ്‍ കോള്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എംഎല്‍എ ഹോസ്റ്റലിലെ മുറിയിലേക്കു ഭക്ഷണമെത്തിക്കാന്‍ ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പെട്ടെന്ന് എത്തിക്കാനായില്ല. ആവശ്യപ്പെട്ട് ഇരുപതുമിനുട്ടോളം കഴിഞ്ഞപ്പോള്‍ ഭക്ഷണവുമായി മുറിയിലെത്തിയ മനുവിനെ ജോര്‍ജും സഹായി സണ്ണിയും ചേര്‍ന്നു മര്‍ദിച്ചു എന്നാണ് യുവാവ് പറഞ്ഞത്. ജോര്‍ജിന്റെ അടിയേറ്റു മനുവിന്റെ മുഖത്തു മുറിവുണ്ടായിട്ടുണ്ട്. ജോര്‍ജിനെതിരേ സ്പീക്കര്‍ക്കു പരാതി നല്‍കുമെന്നു മനു പറഞ്ഞു. വട്ടിയൂര്‍ക്കാവ് സ്വദേശി മനുവിന്റെ കണ്ണിനും ചുണ്ടിനും പരുക്കേറ്റു. മനു മുറിയിലെത്തും മുമ്പു ഭക്ഷണം വൈകിയെന്നു പറഞ്ഞു കുടുംബശ്രീ കാന്റീനില്‍ വിളിച്ചു വനിതാ ജീവനക്കാരെ ജോര്‍ജ് ഭീഷണിപ്പെടുത്തിയെന്ന ആരോപണമുണ്ട്. എന്നാല്‍, ലോകത്താരും വിശ്വസിക്കാത്ത ആരോപണമാണ് ഇതെന്ന് ജോര്‍ജ്ജ് പറഞ്ഞു. 40 മിനിറ്റ് വൈകിയാണ് ഊണ് കൊണ്ടുവന്നത്. ഊണു കൊണ്ടുവന്നപ്പോല്‍ എന്താ ഇത്ര വൈകിയതെന്ന് ചോദിച്ചു. അല്‍പ്പം കടുപ്പിച്ചു തന്നെയാണ് ചോദിച്ചതെന്നാണ് പിസി ജോര്‍ജിന്റെ ഭാഷ്യം.
എന്നാല്‍ സംഭവത്തിന് ശേഷം പിസി ജോര്‍ജ് നടത്തിയ പത്രസമ്മേളനത്തില്‍ ജീവനക്കാരനെതിരെ കടുത്ത ഭാഷയില്‍ ആരോപണങ്ങള്‍ ഉന്നയിച്ചു. എംഎല്‍എയുടെ പദപ്രയോഗങ്ങള്‍ പിന്നീട് വംശീയമായ ആക്രമണമായി മാറി. അദ്ദേഹം ജീവനക്കാരനെക്കുറിച്ച് വംശീയ പരാമര്‍ശം നടത്തിയത് സോഷ്യല്‍മീഡിയയില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ‘ഈ വൃത്തികെട്ടവനെയാണോ ഭക്ഷണം തരാന്‍ വെച്ചിരിക്കുന്നത് എന്ന് ഞാന്‍ ക്യാന്റീനിലെ സ്ത്രീയോട് ഫോണില്‍ ചോദിച്ചു. അതവന്‍ കേട്ടു കാണും. അവനെ കണ്ടപ്പോള്‍ ഒരു വൃത്തികെട്ടവനായാണ് എനിക്ക് തോന്നിയത്. നിങ്ങള്‍ കണ്ടില്ലേ അവന്റെ മുഖം? ക്വട്ടേഷന്‍ സംഘത്തിലുള്ളവനെ പോലയാണവന്റെ മുഖം’. എന്നാണ് പിസി ജോര്‍ജ് പറഞ്ഞത്. വംശീയ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്.