
തിരുവനന്തപുരം: പിസി ജോര്‍ജ് എംഎല്‍എയുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നു. ‘കേരള ജനപക്ഷം’ എന്ന് പേരിട്ടിരിക്കുന്ന പാര്‍ട്ടിയ്ക്കായി 78 അംഗ പ്രാഥമിക കമ്മറ്റിയേയും ജോര്‍ജ് പ്രഖ്യാപിച്ചു. രാവിലെ നിയമസഭയ്ക്ക് മുന്നിലായിരുന്നു പ്രഖ്യാപനം. പിസി ജോര്‍ജ് തന്നെയാണ് പാര്‍ട്ടിയുടെ ചെയര്മാന്. തിരുവനന്തപുരത്താണ് പാര്‍ട്ടി ആസ്ഥാനം.
മതേതരത്വവും അഴിമതി വിരുദ്ധവും മുഖമുദ്രയാക്കി പാര്ശ്വവല്ക്കരിക്കപ്പെട്ടവന്റെ ശബ്ദമായി മാറുകയാണ് സംഘടനയുടെ ലക്ഷ്യമെന്ന് പിസി ജോര്‍ജ് പറഞ്ഞു. അടുത്തവര്‍ഷം കൊച്ചിയില്‍ നടക്കുന്ന പൊതുസമ്മേളനത്തോടെയാകും പാര്‍ട്ടിക്ക് പൂര്‍ണരൂപം കൈവരുക.
തന്റെ പുതിയ പാര്‍ട്ടിക്ക് ഗള്‍ഫിലും അമേരിക്കയിലും ബ്രിട്ടണിലും കമ്മറ്റികളുണ്ടാകുമെന്നും അഴിമതിക്കെതിരായ പോരാട്ടമാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും ജോര്‍ജ് പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നണികളുടെ പിന്തുണയില്ലാതെ സ്വതന്ത്രനായി മത്സരിച്ച് വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് പിസി ജോര്‍ജ് വിജയിച്ചത്.