September 18, 2015 10:13 am
By : Indian Herald Staff
തിരുവനന്തപുരം: കൂറുമാറ്റ നിരോധന നിയമപ്രകാരം പി.സി. ജോർജിനെ നിയമസഭയിൽ നിന്ന് അയോഗ്യനാക്കണമെന്ന കേരള കോൺഗ്രസ് എമ്മിന്റെ പരാതി നിലനിൽക്കുമെന്ന് സ്പീക്കർ എൻ. ശക്തൻ തീർപ്പ് കല്പിച്ചു. ഇത് സംബന്ധിച്ച് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ നൽകിയ പരാതി നിലനിൽക്കുകയില്ലെന്ന പി.സി. ജോർജിന്റെ തടസവാദം സ്പീക്കർ തള്ളി. അഭിഭാഷകരെ വച്ച് ഇരുഭാഗവും നടത്തിയ വാദം കേട്ട ശേഷമാണ് സ്പീക്കർ തീരുമാനമെടുത്തത്. പി.സി. ജോർജ് പാർട്ടിയിൽ നിന്ന് സ്വയം പുറത്ത് പോയതിനാൽ അദ്ദേഹത്തെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കണമെന്നാണ് തോമസ് ഉണ്ണിയാടന്റെ പരാതി. ഇതിന്മേൽ പി.സി. ജോർജിന് പറയാനുള്ളത് ഈ മാസം 23ന് മുൻപ് രേഖാമൂലം അറിയിക്കണമെന്നും സ്പീക്കർ നിർദ്ദേശിച്ചു. ഉണ്ണിയാടന്റെ പരാതി നിലനിൽക്കില്ല എന്നല്ലാതെ പരാതിയിലെ ആക്ഷേപങ്ങൾക്ക് ജോർജ് ഇതുവരെ വിശദീകരണം നൽകാത്തതിനാലാണ് സ്പീക്കർ 23 വരെ അവസരം നൽകിയത്. അടുത്ത സിറ്റിംഗ് 26നാണ്. അന്ന് ഇരു വിഭാഗത്തിനും തെളിവുകൾ ഹാജരാക്കാം. തന്റെ തടസവാദം തള്ളിയ സ്പീക്കറുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് പി.സി. ജോർജ് പിന്നീട് വാർത്താലേഖകരോട് പറഞ്ഞു. തന്റെ പരാതിയിന്മേൽ അന്വേഷണം നടത്താതെയാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഉണ്ണിയാടൻ നൽകിയ പരാതിയുടെ എല്ലാ പേജിലും പരാതിക്കാരന്റെ ഒപ്പില്ലാത്തതിനാൽ നിലനിൽക്കുകയില്ലെന്നായിരുന്നു ജോർജിന്റെ തടസവാദം. എന്നാൽ പരാതിയുടെ അസലിൽ ഒപ്പുണ്ടെന്നും അനുബന്ധ രേഖകളിലെല്ലാം ഒപ്പ് വേണമെന്ന് നിയമം അനുശാസിക്കുന്നില്ലെന്നുമായിരുന്നു ഉണ്ണിയാടന്റെ എതിർവാദം. മാത്രമല്ല ഇത്തരം കേസുകളിൽ സാങ്കേതികത്വം നോക്കേണ്ടതില്ലെന്ന് സുപ്രീംകോടതി വിധിയുമുണ്ട്. ഉണ്ണിയാടന്റെ ഈ വാദം അംഗീകരിച്ചാണ് സ്പീക്കർ തീരുമാനമെടുത്തത്. ഉണ്ണിയാടന്റെ ഹർജിയിലെ കക്ഷിയല്ലാതിരുന്ന കെ.എം. മാണിക്ക് നോട്ടീസ് നൽകിയത് ക്രമപ്രകാരമല്ലെന്ന ജോർജിന്റെ വാദവും ഉണ്ണിയാടൻ ഖണ്ഡിച്ചിരുന്നു. കക്ഷി നേതാവല്ല പരാതി നൽകുന്നതെങ്കിൽ കക്ഷി നേതാവിന്റെ അഭിപ്രായം സ്പീക്കർ ആരായണമെന്ന് ചട്ടത്തിൽ പറയുന്നുണ്ടെന്ന് ഉണ്ണിയാടന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയിരുന്നു.
|
|
|