തിരുവനന്തപുരം: എം.എല്‍.എ സ്ഥാനം രാജി വച്ചു കൊണ്ടുള്ള കത്ത് പി.സി.ജോര്‍ജ് നിയമസഭ സ്പീക്കര്‍ എന്‍.ശക്തന് കൈമാറി. നിയമവശങ്ങള്‍ പരിശോധിച്ച ശേഷമായിരിയ്ക്കും രാജി സ്വീകരിയ്ക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുകയെന്ന് സ്പീക്കര്‍ അറിയിച്ചു. പി സി ജോര്‍ജിനെ അയോഗ്യനാക്കണമെന്ന് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്റെ ഹര്‍ജിയില്‍ നാളെ നാലു മണിക്ക് സ്പീക്കര്‍ വിധി പറയാനിരിക്കുകയാണ്. ഇതിനിടെയാണ് രാവിലെ പി.സി ജോര്‍ജ് എംഎല്‍എ സ്ഥാനം രാജിവച്ചത്. നിയമവശങ്ങള്‍ പരിശോധിച്ച് ശേഷമാകും ജോര്‍ജ്ജിന്റെ രാജിക്കത്ത് സ്വീകരിയ്ക്കുകയെന്ന് സ്പീക്കര്‍ പറഞ്ഞു.
ജോര്‍ജ്ജിനെ അയോഗ്യനാക്കണമെന്ന പരാതിയില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി. അന്തിമ തീരുമാനം വെള്ളിയാഴ്ച വൈകിട്ട് നാലിന് പ്രഖ്യാപിയ്ക്കും. തോമസ് ഉണ്ണിയാടന്‍ നല്‍കിയ പരാതിയിലാണ് ജോര്‍ജ്ജിനെതിരെയുള്ള നടപടികള്‍ക്ക് സ്പീക്കര്‍ എന്‍ ശക്തന്‍ തുടക്കം കുറിച്ചത്. മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ഉള്‍പ്പടെയുള്ളവരില്‍ നിന്നും മൊഴി രേഖപ്പെടുത്തിയിരുന്നു. ഉണ്ണിയാടനും ജോര്‍ജ്ജും അഭിഭാഷകരെ വച്ചാണ് സ്പീക്കര്‍ക്ക് മുന്നില്‍ വാദമുഖങ്ങള്‍ ഉന്നയിച്ചത്. പിസി ജോര്‍ജ്ജിനെ അയോഗ്യനാക്കുംവിധമാകും സ്പീക്കറുടെ തീരുമാനമെന്നാണ് സൂചന.
രാജിക്കത്ത് സ്വീകരിക്കുന്നതില്‍ നിയമപ്രശ്‌നമുണ്ടെന്നാണ് സ്പീക്കറുടെ ഓഫിസിന്റെ നിലപാട്. അയോഗ്യത ഹര്‍ജിയില്‍ ജോര്‍ജിന് എതിരായിട്ടാണ് വിധിയെങ്കില്‍ ഹര്‍ജി നല്‍കിയ തീയതി മുതലാണ് അയോഗ്യത പ്രാബല്യത്തിലാവുക. ജൂലൈ 21 നാണ് ജോര്‍ജിനെതിരെ കേരള കോണ്‍ഗ്രസ് ഹര്‍ജി നല്‍കിയത്. ഈ സാഹചര്യത്തിലാണ് രാജിക്കത്ത് സ്വീകരിക്കും മുമ്പ് സ്പീക്കര്‍ നിയമവശം പരിശോധിക്കുന്നത്.