കൊച്ചി: പി.സി.ജോര്‍ജിനെ നിയമസഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി. സ്പീക്കറുടെ നടപടിയെ തന്നെ ചോദ്യം ചെയ്തിരിക്കുകയാണ് ഹൈക്കോടതി. ജോര്‍ജിന്റെ രാജി അപേക്ഷ പരിഗണിക്കേണ്ടതായിരുന്നു. ജോര്‍ജിന്റെ വാദം കൂടി പരിഗണിച്ച് രാജി അപേക്ഷയില്‍ നിയമാനുസൃതം തീരുമാനമെടുക്കാന്‍ സ്പീക്കര്‍ക്കു സാധ്യമാണെന്ന് കോടതി വ്യക്തമാക്കി.
തന്റെ രാജിക്കത്തു നിരസിച്ചുകൊണ്ട് തോമസ് ഉണ്ണിയാടന്റെ പരാതിയില്‍ അയോഗ്യത കല്‍പിച്ച സ്പീക്കറുടെ നടപടിക്കെതിരെ ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജിയിലാണു ജസ്റ്റിസ് വി.ചിദംബരേഷിന്റെ ഉത്തരവ്.
രാജിസമര്‍പ്പിച്ചതുമായി ബന്ധപ്പെട്ട് ജോര്‍ജിന് പറയാനുള്ളത് എന്താണെന്ന് കേള്‍ക്കാന്‍ സ്പീക്കര്‍ തയാറായില്ല. പി.സി. ജോര്‍ജിന്റെ രാജിക്കത്ത് സ്പീക്കര്‍ കൈകാര്യം ചെയ്ത നിയമപരമല്ല എന്നും കോടതി ചൂണ്ടിക്കാണിച്ചു. രാജിക്കത്ത് സമര്‍പ്പിച്ച ശേഷം പി.സി. ജോര്‍ജിനെ അയോഗ്യനാക്കി പുറപ്പെടുവിച്ച ഉത്തരവില്‍ സ്പീക്കറുടെ ഒപ്പും സീലും ഉണ്ടായിരുന്നില്ല. ഇതേ കുറിച്ച് കൂടുതല്‍ പരാമര്‍ശങ്ങള്‍ക്ക് മുതിരുന്നില്ലെന്നും കോടതി പറഞ്ഞു.
രാജിക്കത്ത് സമര്‍പ്പിച്ച ശേഷം കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള പരാതിയില്‍ തീരുമാനമെടുക്കുന്നത് വരെ അത് സ്വീകരിക്കാതിരുന്ന നടപടി ഉചിതമായില്ലെന്നും കോടതി പറഞ്ഞു. എന്നാല്‍ കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള മറ്റെന്തെങ്കിലും നടപടികള്‍ ആവശ്യമുണ്ടോയെന്ന കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.
അതേസമയം, സത്യം ജയിച്ചുവെന്ന് പി.സി. ജോര്‍ജ് പ്രതികരിച്ചു. ദൈവം വലിയവനാണ്. സത്യത്തെ കുഴിച്ചിടാന്‍ ആര്‍ക്കും സാധിക്കില്ല. സ്പീക്കര്‍ക്ക് ഇത്തരമൊരു ഗതികേട് ഉണ്ടായതില്‍ വേദനിക്കുന്നു. സ്പീക്കറിന്റെ നടപടി നിയമവിരുദ്ധമാണെന്നും ജോര്‍ജ് പറഞ്ഞു.