
സ്വന്തം ലേഖകൻ
ന്യൂഡൽഹി: സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന പീഡനക്കേസുകളിൽ പകുതിയിലേറെ കേസുകളും വ്യാജമെന്നു കേന്ദ്ര ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ. ചെറിയ വാക്കുതർക്കം പോലും പീഡനക്കേസാക്കി മാറ്റി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുന്നതാണ് കേരളത്തിലെ രീതിയെന്നാണ് സ്റ്റെറ്റ് ക്രൈം റെക്കോർഡ് ബ്യൂറോയിലെ കണക്കുകൾ വ്യക്തമാക്കുന്നത്. പരാതി നൽകുന്നതിൽ പകുതിയിൽ താഴെ കേസുകൾ മാത്രമാണ് കോടതിയിലെത്തുന്നതും ശിക്ഷിക്കപ്പെടുന്നതും. കോടതിയിലെത്തും മുൻപു തന്നെ 80 ശതമാനം കേസുകളും ഒത്തു തീർപ്പാക്കപ്പെടുകയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സ്ത്രീകളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനും വേണ്ടി നടപ്പാക്കിയിരിക്കുന്ന നിയമങ്ങളിൽ പലതും സ്ത്രീകൾ തന്നെ ചൂഷണം ചെയ്യുന്നതിന്റെ കണക്കുകളാണ് കേരളത്തിൽ നിന്നുള്ള രേഖകൾ ശേഖരിക്കുമ്പോൾ തന്നെ വ്യക്തമാക്കുന്നതെന്നാണ് കേന്ദ്ര ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തത് ചെറുതും വലുതുമായ 1322 സ്ത്രീ പീഡനക്കേസുകളാണ്. ഇതിന്റെ ഇരട്ടിയിലധികം കേസുകളാണ് പല പൊലീസ് സ്റ്റേഷനുകളിലും പരാതിയായി എത്തിയിരിക്കുന്നത്.
ഇത്തരത്തിൽ പൊലീസ് സ്റ്റേഷനിൽ ലഭിക്കുന്ന പരാതികളിൽ ഏറെയും പല രീതിയിൽ യുവാക്കളെയും മധ്യവസയ്കരെയും മറ്റു പല കേസുകളുമായി ബന്ധപ്പെടുത്തി ഭീഷണിപ്പെടുത്തുന്നതിനുള്ളതാണെന്നും വ്യക്തമായിട്ടുണ്ട്. ഈ പരാതികളിൽ പലതും കേസെടുക്കും മുൻപു തന്നെ പ്രതിയും ഇരയും തമ്മിൽ ഒത്തു തീർപ്പിലെത്തുകയും ചെയ്യും. പീഡനക്കേസിൽ 50 ശതമാനത്തിൽ താഴെയുള്ള കേസുകൾ മാത്രമാണ് പലപ്പോഴും കോടതിയിലും എത്തുന്നത്. കോടതിയിൽ എത്തും മുൻപ് പണം നൽകിയോ, മറ്റെന്തിലും വാഗ്ദാനങ്ങൾ നൽകിയോ പ്രശ്നം ഒത്തു തീർപ്പിൽ എത്തിക്കുകയാണ് പതിവ്. ഈ സാഹചര്യത്തിൽ പീഡനക്കേസുകളിൽ കൂടുതൽ വിശദാമായ പരിശോധന ആവശ്യമാണെന്ന നിർദേശമാണ് ഇപ്പോൾ കേന്ദ്രം സംസ്ഥാന പൊലീസ് സേനയ്ക്കു നൽകിയിരിക്കുന്നത്.