ബിജിങ്: മൂത്രം ഒഴിക്കാന്‍ മുട്ടിയാല്‍ പിന്നെ പിടിച്ചുനില്‍ക്കാന്‍ പറ്റില്ല. പരിസരം നോക്കാതെ ചിലപ്പോള്‍ മൂത്രമൊഴിച്ചു പോകാം. അത്തരം സംഭവങ്ങള്‍ നിരവധിയാണ്. എന്നാല്‍, കരുതികൂട്ടി ഇത്തരം പണി ചെയ്യുന്നവരെ എന്തു ചെയ്യണം. അത്തരം ഒരു സംഭവമാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലിഫ്റ്റില്‍ മൂത്രമൊഴിച്ച ആണ്‍കുട്ടിക്ക് സംഭവിച്ചത് രസകരമാണെങ്കിലും അപകടം തന്നെ. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം വാര്‍ത്തയാകുന്നത്. ലിഫ്റ്റിനുള്ളിലെ സ്വിച്ചിനു മുകളിലായി ചെറിയ കുട്ടിയെ പോലെ മൂത്രമൊഴിക്കുകയായിരുന്നു ഈ വിരുതന്‍. ലിഫ്റ്റില്‍ മറ്റാരും ഉണ്ടായിരുന്നില്ല. എന്നാല്‍ മൂത്രമൊഴിച്ച് രക്ഷപ്പെടാമെന്ന് വിചാരിച്ചെങ്കില്‍ സംഗതി നടന്നില്ല. പെട്ടെന്ന് ലിഫ്റ്റിന്റെ പ്രവര്‍ത്തനം തടസപ്പെടുകയായിരുന്നു. ചൈനീസ് സോഷ്യല്‍ മീഡിയകളില്‍ ആണ്‍കുട്ടിയുടെ വീഡിയോ വൈറലായിരിക്കുകയാണ്. ലിഫ്റ്റ് തുറന്നെങ്കിലും പെട്ടെന്ന് അടയുകയായിരുന്നു. ലിഫ്റ്റില്‍ പെട്ടുപ്പോയ കുട്ടിയുടെ പുറത്തുകടക്കാനുള്ള വെപ്രാളവും വീഡിയോയില്‍ കാണുന്നുണ്ട്. അപ്പോഴേക്കും വൈദ്യുതി തടസപ്പെട്ട് ഇരുട്ടാവുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ കുട്ടിക്കെതിരെ വിമര്‍ശനമുയര്‍ന്നു. മാതാപിതാക്കളുടെ വളര്‍ത്തുദോഷമാണെന്ന് പലരും കമന്റ് ചെയ്തു. കുട്ടിയുടെ ഈ പ്രവൃത്തിയില്‍ നാണംകെട്ടത് രക്ഷിതാക്കളാണ്. ലിഫ്റ്റ് തടസപ്പെടുത്തിയതിന് രക്ഷിതാക്കള്‍ നഷ്ടപരിഹാരം നല്‍കണമെന്നും ചിലര്‍ പറഞ്ഞു.