ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ മകനെ മയക്കുമരുന്ന് കേസിലും കണക്കില്‍ പെടാത്ത പണം കൈവശം വെച്ച കേസിലും ബ്രസീല്‍ കോടതി തടവുശിക്ഷക്ക് വിധിച്ചു. പ്രൊഫഷണല്‍ ഗോള്‍കീപ്പര്‍ കൂടിയായ എഡീനോയെ 2005ലാണ് മയക്കുമരുന്ന് കേസില്‍ ആദ്യമായി അറസ്റ്റ് ചെയ്യുന്നത്. ഈ കേസില്‍ അപ്പീല്‍ കോടതി 2014ല്‍ 33 വര്‍ഷം തടവിന് വിധിച്ച എഡിനോയുടെ ശിക്ഷാ കാലയളവ് പിന്നീട് 12 വര്‍ഷവും 10 മാസവുമായി ചുരുക്കുകയായിരുന്നു.
വീണ്ടും അപ്പീല്‍ നല്‍കാന്‍ അവസരമുണ്ടെങ്കിലും ഇക്കാലയളവിലും ജയില്‍ ശിക്ഷ അനുഭവിക്കണമെന്നതാണ് എഡീനോക്ക് തിരിച്ചടിയായത്. തനിക്ക് മേല്‍ ആരോപിക്കപ്പെട്ട എല്ലാ കുറ്റങ്ങളും എഡീനോ നിഷേധിക്കുകയായിരുന്നു. സാന്റോസിലെ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ എഡീനോയെ പിന്നീട് ജയിലിലേക്ക് മാറ്റി. തനിക്കെതിരെ ഒരു തെളിവുപോലുമില്ലാതെയാണ് ഈ നടപടിയെടുക്കുന്നതെന്നാണ് പെലെയുടെ മകന്റെ ആരോപണം.
ഒരുകാലത്ത് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി എഡീനോ സമ്മതിച്ചിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി താന്‍ മയക്കുമരുന്ന് ഉപയോഗിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 1990കളില്‍ സാന്റോസിന്റെ താരമായിരുന്നു എഡീനോ. പിതാവ് പെലെയും സാന്റോസിന്റെ മുന്‍ താരമായിരുന്നു. എഡീനോ ഗോളിയായിരുന്ന 1995ല്‍ ബ്രസീലിയന്‍ ലീഗില്‍ സാന്റോസ് ഫൈനലിലെത്തിയിരുന്നു.