കൊച്ചി:ഒരുമിച്ച് ജീവിക്കാന്‍ രണ്ടു മനസുകളുടെ തീരുമാനവും അംഗീകാരവും മതി. അവര്‍ക്കതില്‍ പ്രശ്നമൊന്നുമില്ലെങ്കില്‍ മറ്റുള്ളവര്‍ക്കെന്താ കുഴപ്പമെന്നും അവതാരികയും നടിയുമായ പേളി മാണി.സ്ഥിര വരുമാനമുള്ള പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ തമ്മില്‍ ഒന്നിച്ചു ജീവിക്കാന്‍ ഗവണ്‍മെന്റിന്റെ അംഗീകാരത്തിന്റെ ആവശ്യം ഇല്ലെന്ന് നടിയും അവതാരകയുമായ പേളി മാണി. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണു പേളി പൊതുസമൂഹം നിലവില്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ചില കാര്യങ്ങളെക്കുറിച്ച് സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞത്. സിനിമാലോകത്ത് ഭയാനകമായ രീതിയില്‍ അരങ്ങേറുന്നു എന്ന് പലരും പരാതിപ്പെടുന്ന കാസ്റ്റിംഗ് കൗച്ച് എന്ന പ്രതിഭാസത്തെക്കുറിച്ചും പേളി തന്റെ അഭിപ്രായം വ്യക്തമാക്കുകയുണ്ടായി.
രണ്ട് വ്യക്തികള്‍ ഒരുമിച്ച് ഒരു ജീവിതത്തിലേക്ക് കടക്കുന്നതാണല്ലോ ലിവിംഗ് ടുഗദര്‍. അവര്‍ക്കതില്‍ പ്രശ്നമൊന്നുമില്ലെങ്കില്‍ മറ്റുള്ളവര്‍ക്കെന്താ കുഴപ്പം? അതൊക്കെ വ്യക്തിപരമായ കാര്യങ്ങളല്ലേ? വിവാഹം കഴിക്കാതെ വര്‍ഷങ്ങളായി ഒന്നിച്ച് ജീവിക്കുന്നവരെ എനിക്കറിയാം. സമൂഹം അവര്‍ക്കെതിരായിരുന്നു. പക്ഷേ അവരിന്നും ഒരുമിച്ചാണ്. അവര്‍ എതിര്‍ത്തത് കല്യാണം എന്ന ചടങ്ങിനെയാണ്. ആണിനും പെണ്ണിനും ഒന്നിച്ച് ജീവിക്കണമെങ്കില്‍ ഗവണ്‍മെന്റിന്റെ അംഗീകാരം ആവശ്യമില്ല, രണ്ട് മനസുകളുടെ തീരുമാനവും അംഗീകാരവും മതി.
ഒരു പെണ്ണിന് സുരക്ഷിതത്വം കിട്ടുന്നത് വിവാഹിതയായി പുരുഷനൊപ്പം ജീവിക്കുമ്പോഴാവാം. എന്നുവെച്ച് അല്ലാതെ ഒരുമിച്ച് ജീവിക്കുന്നത് തെറ്റാണെന്നല്ല. പ്രായപൂര്‍ത്തിയായ, സ്ഥിരവരുമാനമുള്ള ആണും പെണ്ണും നിയമപരമായി വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്നതില്‍ എന്താണ് പ്രശ്നം? പക്ഷേ പഠിക്കുന്ന സമയത്ത് വീട്ടുകാരുടെ ചെലവില്‍ ലിവിംഗ് ടുഗദര്‍ ആവാമെന്ന് കരുതരുത്. കുടുംബത്തെ അപമാനിക്കുന്ന രീതിയില്‍, മാതാപിതാക്കള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത വിധത്തില്‍ ഒരു റിലേഷന്‍ഷിപ്പിനും മുതിരരുത്.
കാസ്റ്റിംഗ് കൗച്ച് എന്നു കേട്ടിട്ടേ ഉള്ളൂ. എനിക്കങ്ങനെ ഒരനുഭവമില്ല. എന്നോടാരും പറഞ്ഞിട്ടുമില്ല. ഡി ഫോര്‍ ഡാന്‍സ് സമയത്ത് കൂടെ ഉള്ളവര്‍ക്കൊക്കെ സിനിമയില്‍ നിന്ന് നല്ല ഓഫറുകളുണ്ടായിരുന്നു. എനിക്ക് മാത്രം നല്ല അവസരങ്ങളൊന്നും വരുന്നില്ലല്ലോ എന്ന് പ്രസന്ന മാസ്റ്ററോട് ഞാന്‍ പറഞ്ഞു. ”നിന്നെ എല്ലാവര്‍ക്കും പേടിയാണ്, അതുകൊണ്ടാണാരും വിളിക്കാത്തത്.” എന്നായിരുന്നു മറുപടി. എന്നെ പേടിയാണെന്നത് നല്ല കാര്യമായിട്ടാണ് തോന്നിയത്. എന്റെ സംവിധാനത്തില്‍ ഒരു സിനിമ ഉണ്ടായാല്‍ ആണ്‍ പെണ്‍ വേര്‍തിരിവില്ലാതെ കഥാപാത്രത്തിന്റെ പ്രാധാന്യമനുസരിച്ചായിരിക്കും അഭിനേതാക്കളെ തെരഞ്ഞെടുക്കുക.
സിനിമയില്‍ മാത്രമല്ല എല്ലാ തൊഴിലിടങ്ങളിലും സ്ത്രീകള്‍ക്ക് പല പ്രശ്നങ്ങളുമുണ്ട്. ആണും പെണ്ണും ഒരുമിച്ച് ജോലി ചെയ്യുന്നിടത്തെല്ലാം ഇതുണ്ടാകും. പക്ഷേ ഒരാള്‍ തന്റെ സ്വാധീനമുപയോഗിച്ച് മറ്റൊരാളുടെ അവസരം തട്ടിയെടുക്കരുത്. അങ്ങനെ ചെയ്യുമ്പോള്‍ സ്വന്തം വില കുറയുകയാണ് ചെയ്യുന്നത്. അവര്‍ വാര്‍ദ്ധക്യത്തിലെത്തി നില്‍ക്കുമ്പോള്‍ ചെയ്തതോര്‍ത്ത് കുറ്റബോധം തോന്നും. അവസരങ്ങള്‍ക്കായി വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവാതിരുന്നവര്‍ക്ക് കുറ്റബോധമില്ലാതെ കണ്ണടയ്ക്കാം. കാസ്റ്റിംഗ് കൗച്ച് സിനിമയില്‍ ഉണ്ടാകാം. പക്ഷേ അതൊരു ആണിന്റെ മാത്രം തെറ്റല്ല, പെണ്ണും ചേര്‍ന്ന് ചെയ്യുന്നതാണ്. ആണുങ്ങളെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല.