
ക്രൈം ഡെസ്‌ക്
നിലമ്പൂർ: ഓമനത്തം തുമ്പുന്ന കുഞ്ഞു മുഖത്തേയ്ക്കു ഉമ്മ കൊടുക്കാൻ നോക്കിയ അച്ഛനും അമ്മയും ആ പിഞ്ചു കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. ആദ്യമായി ആൺ കുഞ്ഞിനെ പ്രതീക്ഷിച്ചിരുന്ന അച്ഛനും അമ്മയും ജനിച്ചത് പെണ്ണാണെന്നറിഞ്ഞതോടെയാണ് ക്രൂരമായ കൊലപാതകം നടത്താൻ തയ്യാറായതെന്നാണ് സൂചന.
നിലമ്പൂർ വാളംതോടിൽ 13 ദിവസം പ്രായമായ ആദിവാസി കുട്ടിയെ കൊന്നുകുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയതോടെയാണ് സംഭവം വിവാദമായത്. സംഭവത്തിൽ കുട്ടിയുടെ മാതാവിനെ കസ്റ്റഡിയിലെടുത്തു. ചാലിയാർ പഞ്ചായത്തിലെ നായാടംപൊയിൽ ആദിവാസി കോളനിയിലെ 36കാരിയെയാണ് സംഭവത്തിൽ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നത്.
കഴിഞ്ഞ മാസം 30നു പ്രസവിച്ച പെൺകുഞ്ഞിനെ ഈ ഞായറാഴ്ചയാണ് കൊലപ്പെടുത്തിയതെന്നു പോലീസ് അറിയിച്ചു. തുടർന്നു കുഴിച്ചിടുകയായിരുന്നു. ഇന്നലെ ലഭിച്ച രഹസ്യവിവരത്തെത്തുടർന്നു പോലീസ് അന്വേഷണം നടത്തുകയായിരുന്നു. തുടർന്നാണ് സംഭവം പുറംലോകമറിയുന്നത്. നിലമ്പൂർ സിഐ ടി.സജീവന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. കുട്ടിയുടെ മൃതദേഹം ഇന്നു പോസ്റ്റുമോർട്ടം നടത്തും.