തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ സുഗമമായി വിതരണം ചെയ്യുന്നതിന് ധനകാര്യ വകുപ്പിനു കീഴില്‍ പ്രത്യേക കമ്പനി രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. പെന്‍ഷനാവശ്യമായ ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ കമ്പനിക്ക് നല്‍കുന്നതാണ്. വിവിധ ക്ഷേമനിധി ബോര്‍ഡുകളാണ് ക്ഷേമ പെന്‍ഷനുകളുടെ ഭരണനിര്‍വഹണവും വിതരണവും ഇപ്പോള്‍ നടത്തുന്നത്. വിവിധതലത്തിലുളള നിയന്ത്രണം പെന്‍ഷന്‍ വിതരണത്തില്‍ ഒരുപാട് അനിശ്ചിതത്വത്തിനും കാലതാമസത്തിനും കാരണമാകുന്നുണ്ട്. പെന്‍ഷനുകള്‍ മൂന്നു മാസത്തിലൊരിക്കലോ ഉത്സവകാലങ്ങളിലോ ആണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. ഉപജീവന സഹായം എന്ന നിലയ്ക്കുളള പെന്‍ഷനുകള്‍ കൃത്യമായി മാസാമാസം വിതരണം ചെയ്യാന്‍ ഉദ്ദേശിച്ചാണ് കമ്പനി രൂപീകരിക്കുന്നത്. കമ്പനിയില്‍ 100 ശതമാനം ഓഹരി സര്‍ക്കാരിനായിരിക്കും. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിന്റെ ചെയര്‍മാന്‍ ധനകാര്യ മന്ത്രിയും മാനേജിംഗ് ഡയറക്ടര്‍ ധനകാര്യ വകുപ്പ് സെക്രട്ടറിയുമായിരിക്കും.
മന്ത്രിസഭാ യോഗത്തിലെ മറ്റ് തീരുമാനങ്ങള്‍
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റോഡ് കണക്ടിവിറ്റി പാക്കേജില്‍ വികസിപ്പിക്കുന്ന കുറ്റ്യാടി-നാദാപുരം-പെരിങ്ങത്തൂര്‍-മേക്കുന്ന്-പാനൂര്‍-പൂക്കോട്ട്-കൂത്തുപറമ്പ്- മട്ടന്നൂര്‍ റോഡ് (53 കി.മീ), മാനന്തവാടി-ബോയ്‌സ് ടൗണ്‍-പോരാവൂര്‍-ശിവപുരം-മട്ടന്നൂര്‍ റോഡ് (63.5 കി.മീ) എന്നീ പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിന് കേരള റോഡ് ഫണ്ട് ബോര്‍ഡിനെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു.
മുന്‍ ദേശീയ കബഡി കായികതാരം പി.കെ. രാജിമോള്‍ക്ക് കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ക്ലാര്‍ക്ക് തസ്തികയില്‍ സ്ഥിരം നിയമനം നല്‍കാന്‍ തീരുമാനിച്ചു. ഇപ്പോള്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഹോസ്റ്റല്‍ വാര്‍ഡനായി ജോലി ചെയ്യുകയാണ് രാജിമോള്‍. കളിക്കളത്തിലുണ്ടായ പരിക്കും സാമ്പത്തിക പിന്നോക്കാവസ്ഥയും പരിഗണിച്ചാണ് ഈ തീരുമാനം.
വിനോദസഞ്ചാര വകുപ്പിന്റെ കീഴിലുളള ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സര്‍ക്കാര്‍ അംഗീകാരമുളള ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌കരണം അനുവദിക്കാന്‍ തീരുമാനിച്ചു.
കേരള സംസ്ഥാന ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസില്‍ മാനേജീരിയല്‍ തലത്തില്‍ 28 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
സംസ്ഥാനത്തെ തേയില തോട്ടം തൊഴിലാളികള്‍ക്ക് വേതന കുടിശ്ശിക നല്‍കുന്നതിന് കണ്ടിജന്‍സി ഫണ്ടില്‍ നിന്ന് 2.79 കോടി രൂപ അഡ്വാന്‍സ് സ്വീകരിക്കാന്‍ ലേബര്‍ കമ്മീഷണര്‍ക്ക് അനുമതി നല്‍കി.
സഹകരണ നയം അംഗീകരിച്ചു
സഹകരണ നയത്തിന്‍റെ കരട് മന്ത്രിസഭ അംഗീകരിച്ചു. സഹകരണ സ്ഥാപനങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിന് അനുയോജ്യമായ സാഹചര്യമൊരുക്കുക, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിനുളള സംവിധാനമായി സഹകരണ സ്ഥാപനങ്ങളെ അംഗീകരിക്കുക, സഹകരണ സ്ഥാപനങ്ങളിലെ നിയമന രീതി അവലോകനം ചെയ്ത് ആവശ്യമായ മാറ്റം വരുത്തുക, സഹകരണ വകുപ്പില്‍ പ്രൊഫഷണലിസം കൊണ്ടുവരിക, സഹകരണ സ്ഥാപനങ്ങളിലൂടെ സ്ത്രീ ശാക്തീകരണത്തിന് ശ്രമിക്കുക, യുവതലമുറയുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയുന്ന തരത്തില്‍ സഹകരണ സ്ഥാപനങ്ങളെ സജ്ജമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പുതിയ നയത്തിലുളളത്.
പ്രവാസികളുടെ തൊഴില്‍ നൈപുണ്യം സമൂഹപുരോഗതിക്ക് വിനിയോഗിക്കുക, സാധാരണ ജനങ്ങള്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ചികിത്സ ലഭ്യമാക്കുന്നതിന് ആശുപത്രി സഹകരണ സംഘങ്ങളെ വികസിപ്പിക്കുക, വിനോദസഞ്ചാര സഹകരണ സംഘങ്ങള്‍ രൂപീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളും നയത്തില്‍ പ്രഖ്യാപിക്കുന്നുണ്ട്.