![](https://dailyindianherald.com/wp-content/uploads/2016/01/dr.thomas-isac.jpg)
തിരുവനന്തപുരം:നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ നോട്ടു പ്രതിസന്ധി സംസ്ഥാന സര്‍ക്കാരിന്റെ വിവിധ ക്ഷേമ പെന്‍ഷനുകളുടെ വിതരണത്തെയും ബാധിച്ചു. ആവശ്യത്തിന് കറന്‍സി റിസര്‍വ് ബാങ്ക് ലഭ്യമാക്കാത്തതിനെ തുടര്‍ന്നാണ് ക്ഷേമ പെന്‍ഷനുകളുടെ വിതരണം തടസപ്പെട്ടെന്ന് ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു. പെന്‍ഷന്‍ വീട്ടില്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട 16 ലക്ഷം പേര്‍ക്ക് 506.7 കോടി രൂപ സഹകരണബാങ്കുകള്‍ വഴി തിങ്കളാഴ്ച മുതല്‍ നല്‍കിത്തുടങ്ങിയതാണ് ഇത്തരത്തില്‍ തടസപ്പെട്ടത്. ബാക്കി 17.58 ലക്ഷം പേര്‍ക്ക് 548.6 കോടി രൂപ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു നേരിട്ടു നല്‍കിയിരുന്നുവെന്നും ധനമന്ത്രി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
സഹകരണ ബാങ്കുകള്‍ക്കു പണം എത്തിക്കാന്‍ ട്രഷറി വഴി പ്രത്യേക സംവിധാനം ഉണ്ടാക്കിയാണു പെന്‍ഷന്‍ വീട്ടിലെത്തിക്കല്‍ പദ്ധതി നടപ്പാക്കിയത്. എന്നാല്‍ ട്രഷറികള്‍ക്ക് ആവശ്യമായത്ര കറന്‍സി ലഭ്യമാക്കാന്‍ ബാങ്കുകള്‍ക്കു കഴിയാതെ വന്നു. ഇതാണു പല സ്‌ഥലത്തും പെന്‍ഷന്‍ വിതരണം തടസപ്പെടുത്തിയത്. കഴിഞ്ഞ ഓണക്കാലത്തു കുടിശികയടക്കം ഇതിനേക്കാള്‍ വലിയ തുക ഒരു തടസവും കൂടാതെ സഹകരണബാങ്കുകള്‍ വഴി എല്ലാവരുടെയും വീടുകളില്‍ എത്തിച്ചിരുന്നതാണ്.
ട്രഷറിയില്‍ നിന്നു പണം കിട്ടിയില്ലെങ്കിലും സഹകരണ ബാങ്കുകള്‍ തങ്ങളുടെ കൈവശം ഉണ്ടായിരുന്ന കാഷ് ബാലന്‍സും പ്രതിദിന വരവും ഉപയോഗിച്ച് കൊടുക്കാവുന്നിടത്തോളം പേര്‍ക്കു പെന്‍ഷന്‍ നല്‍കുന്നു. കൈവശമുള്ള പണം ഈ ആവശ്യത്തിനു വിനിയോഗിക്കുന്നത് സംഘങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും ചെയ്യുന്നു. ഒരു ദിവസംകൂടി കഴിഞ്ഞാല്‍ സ്വന്തം ജീവനക്കാര്‍ക്കു ശമ്പളം നല്‍കുന്നതടക്കമുള്ള ആവശ്യങ്ങളും സഹകരണബാങ്കുകള്‍ക്കുണ്ട്.
ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് 26 മുതല്‍ 31 വരെ പ്രതിദിനം 100 കോടി രൂപ വീതം കണക്കാക്കിയാല്‍ 506 കോടി രൂപ വേണ്ടിവരും. ഇക്കാര്യം സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനോട് നേരത്തേ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ ഇതു പാലിക്കപ്പെട്ടില്ല. 193 കോടി രൂപ ആവശ്യപ്പെട്ടിടത്ത് 86 കോടി രൂപ മാത്രമേ ലഭ്യമാക്കാന്‍ ബാങ്കുകള്‍ക്കു കഴിഞ്ഞുള്ളൂ. സംസ്‌ഥാനത്തെ ഏഴു ട്രഷറികളില്‍ ഇന്നലെ ഒരു പൈസപോലും റിസര്‍വ് ബാങ്ക് ലഭ്യമാക്കിയില്ല. എടക്കര, കടുത്തുരുത്തി, മീനച്ചില്‍, പള്ളിക്കത്തോട്, പരവൂര്‍, നെയ്യാറ്റിന്‍കര പെന്‍ഷന്‍ ട്രഷറി എന്നീ സബ് ട്രഷറിയിലും പാലാ ജില്ലാ ട്രഷറിയിലുമാണ് ബാങ്കുകള്‍ പണം നല്‍കാത്തത്. നാലര കോടിയില്‍ താഴെയുള്ള ചെറിയ തുകകള്‍ ആവശ്യപ്പെട്ട ആലപ്പുഴ എറണാകുളം, കാസര്‍ഗോഡ് എന്നീ ജില്ലാ ട്രഷറികളില്‍ മാത്രമാണ് മുഴുവന്‍ പണവും ലഭ്യമാക്കിയത്.ഇന്നലത്തെ ആവശ്യത്തിന് 44 കോടി രൂപ ആവശ്യപ്പെട്ട പാലക്കാട് ജില്ലയില്‍ 6.5 കോടി രൂപയും 22.85 കോടി രൂപ ആവശ്യപ്പെട്ട കൊല്ലത്തിന് 10.68 കോടിയുമാണു നല്‍കിയത്.
മറ്റു ചില ജില്ലകള്‍ ആവശ്യപ്പെട്ടതും നല്‍കിയതുമായ തുക (കോടിയില്‍) ചുവടെ: കണ്ണൂര്‍: 26– 16, കോട്ടയം: 13.8– 4.4, തൃശൂര്‍: 14.55 –6, മലപ്പുറം: 18.8– 5.8, തിരുവനന്തപുരം: 19– 10.9, കോഴിക്കോട് –11.25– 8.65.സംസ്‌ഥാനത്തു നടപ്പാക്കിവരുന്ന ക്ഷേമപെന്‍ഷനുകളുടെ വിതരണം നോട്ടുക്ഷാമത്തെ തുടര്‍ന്ന് ഇന്നലെ പലയിടത്തും തടസപ്പെട്ടു. ആവശ്യമായത്ര കറന്‍സി റിസര്‍വ് ബാങ്ക് ലഭ്യമാക്കാത്തതാണു ക്ഷേമപെന്‍ഷന്‍ വിതരണം തടസപ്പെടാന്‍ കാരണമെന്നു ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.