
ക്രൈം ഡെസ്‌ക്
കോട്ടയം: ക്ഷേമപെൻഷനുകൾ വിതരണം ചെയ്യാനുള്ളതുക പഞ്ചായത്തിന്റെ അക്കൗണ്ടിൽ നിന്ന് തട്ടിയെടുത്ത കേസിൽ ജീവനക്കാർക്ക് തടവും പിഴയും. കൊഴുവനാൽ പഞ്ചായത്തിന്റെ അക്കൗണ്ടിൽ നിന്നും അരലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ജീവനക്കാരെ ശിക്ഷിച്ചിരിക്കുന്നത്. കേസിലെ ഒന്നാംപ്രതി പഞ്ചായത്തിലെ മുൻ ഹെഡ് ക്ലാർക്ക് സി കെ ഭാസ്‌കരനെ മൂന്നു വർഷം തടവിനും രണ്ടാം പ്രതിയും പ്യൂണുമായിരുന്ന കെ എം തോമസിനെ രണ്ടുവർഷം തടവിനുമാണ് വിധിച്ചത്. 25,000 വീതം പിഴയും ഇരുവരും അടയ്ക്കണമെന്നും കോട്ടയം വിജിലൻസ് എൻക്വയറി കമ്മിഷൻ ആന്റ് സ്‌പെഷ്യൽജഡ്ജ് ഡി ദിലീപ് ആണ് വിധിച്ചത്. 2001 മാർച്ച് ഏഴിനായിരുന്നു കേസിനാസ്പദമായി സംഭവം. പഞ്ചായത്തിന്റെ സെക്രട്ടറി ഇൻചാർജ് ആയിരുന്ന ഭാസ്‌കരനും പ്യൂൺ തോമസും ചേർന്ന പഞ്ചായത്തിന്റെ ചെക്ക് ഉപോയഗിച്ച് എസ്ബിടിയിൽ നിന്നും 58,645 രൂപ പിൻ വലിച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്. പഞ്ചായത്തിലെ വിവിധ ക്ഷേമ പെൻഷനുകൾ വീതരണം ചെയ്യാനുള്ള തുകയായിരുന്നു ഇത്. പെൻഷൻ ലഭിക്കാതെ വന്നതോടെ ഗുണഭോക്താക്കൾ പ്രതിഷേധവുമായെത്തിയതോടെയാണ് തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം നടന്നത്. ആദ്യം പഞ്ചായത്ത് ഓഡിറ്റ് വിഭാഗം നടത്തിയ അന്വേഷണത്തിൽ ക്രമക്കേട് ബോധ്യപ്പെട്ടു. ഇതോടെ അന്വേഷണം ഊർജിതമാക്കുകുയം കേസ് വിജിലൻസിന് കൈമാറുകയുമായിരുന്നു. വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. ഇതേ തുടർന്ന് ഇരുവരേയും സർവീസിൽ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. വിചാരണക്കിടെ ഭാസ്‌കരൻ സർവീസിൽ നിന്ന് വിരമിച്ചിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ലീഗൽ അഡൈ്വസർ അഡ്വ. രാജ്‌മോഹൻ ആർ പിള്ള കോടതിയിൽ ഹാജരായി.