തിരുവനന്തപുരം: കോളകമ്പനികളുടെ ജലചാഷണത്തില്‍ പ്രതിഷേധിച്ച് പെപ്‌സി, കൊക്കകോള ഉത്പന്നങ്ങളുടെ വില്‍പ്പന നിര്‍ത്താനുള്ള തീരുമാനം വ്യപാരി വ്യവസായി ഏകോപന സമിതി പിന്‍വലിച്ചു. ഇന്നലെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സെക്രട്ടേറിയറ്റ് യോഗത്തില്‍ നേതാക്കളുടെ ഏകപക്ഷീയ തീരുമാനത്തിനെതിരെ വ്യാപക വിമര്‍ശനമുണ്ടായി. അന്താരാഷ്ട്ര ഭീമന്‍മാരായ കോള കമ്പനികളോട് കളിക്കാനാവില്ലെന്ന് സമിതിയ്ക്ക് മനസിലായി.
സംഘടനയുടെ എല്ലാമെല്ലാമാണ് ടി നസ്റുദ്ദീന്‍. ഈ സംഘടന തുടങ്ങുന്നത് മുതല്‍ നസ്റുദ്ദീന്റെ എല്ലാ തീരുമാനവും അംഗീകരിക്കപ്പെടുകയാണ് പതിവ്. ഈ വിശ്വാസത്തിലാണ് കോള നിരോധനം നസ്റുദ്ദീന്‍ പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു ഇതെന്നറിയുന്നു. ഇതോടെ കോളാ കമ്പനികള്‍ സംസ്ഥാനത്ത് സജീവമായി. അവര്‍ തീരുമാനം അട്ടിമറിക്കാന്‍ നീക്കം നടത്തി. ഇതോടെ വ്യാപാരി-വ്യവസായി സംഘടനയില്‍ ഭിന്നത ഉടലെടുത്തു. നസ്റൂദ്ദീന് പ്രഖ്യാപനം വിഴുങ്ങേണ്ടിയും വന്നു. തുടര്‍ന്നു മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട ഭാരവാഹികള്‍, സര്‍ക്കാര്‍ വില്‍പന നിയന്ത്രണത്തിനു തീരുമാനമെടുത്താല്‍ സഹകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു.
തമിഴ്നാട് മാതൃക പിന്തുടര്‍ന്ന് ഇന്നലെ മുതല്‍ പെപ്സി, കോള ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാനായിരുന്നു വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനം. പത്തു ലക്ഷത്തോളം വ്യാപാരികള്‍ വില്‍പന നിര്‍ത്തിവയ്ക്കുമെന്നും ഉല്‍പന്നങ്ങള്‍ വാങ്ങിവച്ച കച്ചവടക്കാര്‍ ഒരാഴ്ചയ്ക്കകം അവ തിരികെ നല്‍കണമെന്നും സംഘടന അറിയിച്ചിരുന്നു. ബഹുരാഷ്ട്ര ശീതളപാനീയ കമ്പനികളുടെ ഉല്‍പന്നങ്ങള്‍ വാങ്ങുകയോ, വില്‍ക്കുകയോ ചെയ്യില്ലെന്നത് അഖിലേന്ത്യാ വ്യാപാരി സംഘടനയുടെ തീരുമാനമാണെന്നും ഭാരവാഹികള്‍ അറിയിച്ചിരുന്നു.