തിരുവനന്തപുരം: കാസര്‍ഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും സിപിഐഎം ആക്രമികള്‍ വധിച്ച സംഭവത്തില്‍ അന്വേഷണം അടിയന്തിരമായി സിബിഐക്ക് വിടണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. നേരത്തെ ഉമ്മന്‍ചാണ്ടിയും ഈ ആവശ്യം ഉന്നയിച്ചിരുന്നു. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാതാപിതാക്കളും ഈ ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
കൊലപാതകം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും യഥാര്‍ത്ഥ പ്രതികളെ തിരിച്ചറിയുന്നതിനോ, കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തുന്നതിനോ, ഗൂഢാലോചനയിലെ പങ്കാളികളെ തിരിച്ചറിയാനോ കഴിയാതെ സംസ്ഥാന പൊലീസ് ഇരുട്ടില്‍ തപ്പുകയാണ്. ഇതിനിടയില്‍ സര്‍ക്കാര്‍ തന്നെ അന്വേഷണ സംഘത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതും മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
കൊല്ലപ്പെട്ടവരുടെ മാതാപിതാക്കളും, കുടുംബാംഗങ്ങളും നിലവില്‍ നടന്നുവരുന്ന പൊലീസ് അന്വേഷണത്തില്‍ തൃപ്തരല്ല. യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വന്ന് പരമാവധി ശിക്ഷവാങ്ങിനല്‍കുന്നതിന് ഇപ്പോഴത്തെ അന്വേഷണം കൊണ്ട് സാധിക്കില്ലെന്ന് ഇവര്‍ ഉറച്ചുവിശ്വസിക്കുന്നു. മാത്രമല്ല യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കുന്നതിനും, ഇതുമായി ബന്ധപ്പെട്ട ഗൂഢാലോചന പുറത്തുവരാതിരിക്കാനും, തുടക്കം മുതല്‍ തെളിവുകള്‍ ഇല്ലാതാക്കാനും സിപിഐഎം തലത്തില്‍ നിരന്തരമായ ഇടപെടലുകളാണ് നടന്നുവരുന്നുവെന്നും രമേശ് ചെന്നിത്തല കത്തില്‍ സൂചിപ്പിക്കുന്നു.
ഭരണകക്ഷിയില്‍പ്പെട്ട പാര്‍ട്ടിഅംഗങ്ങള്‍ പ്രതിസ്ഥാനത്തുള്ള ഈ കേസില്‍ പോലീസ് അന്വേഷണം നിക്ഷ്പക്ഷമാകില്ലെന്ന കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ആശങ്ക കൂടുതല്‍ ബലപ്പെടുത്തുന്നതാണ് ദിവസേന പുറത്തുവരുന്ന വാര്‍ത്തകള്‍. ഈ സാഹചര്യത്തിലാണ് യഥാര്‍ത്ഥ പ്രതികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുന്നതിനും, അവര്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനും ഈ കേസിന്റെ അന്വേഷണം സിബിഐക്ക് വിടണമെന്ന് രമേശ് ചെന്നിത്തല കത്തിലൂടെ മുഖ്യമന്ത്രിയോടാവശ്യപ്പെട്ടത്.