കണ്ണൂര്‍: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം ക്വട്ടേഷന്‍ സംഘമാണെന്നതിനുള്ള തെളിവുകകള്‍ നശിപ്പിക്കാന്‍ ക്രൈബ്രാഞ്ച് നീക്കം. ഭാവിയില്‍ സി ബി ഐ അന്വേഷണമുള്‍പ്പെടെ വന്നാല്‍ ക്വട്ടേഷന്‍ സംഘങ്ങളിലേയ്‌ക്കോ നേതാക്കളിലേക്കോ തെളിവുകള്‍ എത്തപെടാതിരിക്കാനാണ് ക്രൈംബ്രാഞ്ചിനെ സിപിഎം ബലിയാടാക്കുന്നത്. പാര്‍ട്ടിയ്ക്ക് ഏറ്റവും വിശ്വസ്തരായ ഉദ്യോഗസ്ഥരെ കേസ് ഏല്‍പ്പിച്ചതും ഇക്കാര്യത്തിനുവേണ്ടിയാണ്. പാര്‍ട്ടി നല്‍കിയ ഡമ്മി പ്രതികള്‍ക്കപ്പുറം അന്വേഷണം നീളരുതെന്ന് നിര്‍ദ്ദേശമാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുള്ളത്. ക്വട്ടേഷന്‍ സംഘത്തിന് നല്‍കിയ പണവും പണം വന്ന വഴികളും അതിനുശേഷം ക്വട്ടേഷന്‍ സംഘാഘങ്ങള്‍ കൊച്ചിയിലേക്ക് നീങ്ങിയതും പോലീസ് ഉദ്യാഗസ്ഥര്‍ക്ക് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിരുന്നു. ക്വട്ടേഷന്‍ സംഘത്തിലേക്ക് ഒരു തരത്തിലും അന്വേഷണം നീങ്ങാതിരിക്കാന്‍ പഴുതടച്ച ജാഗ്രതയാണ് പോലീസും സിപിഎം പുലര്‍ത്തുന്നത്.
ലോക്കല്‍ കമ്മറ്റി അംഗം പീതാംബരനെ തന്നെ മുഖ്യപ്രതിയാക്കി നിര്‍ത്തണമെന്നാണ് സിപിഎം നിലപാട്. ഇതിന് അനുസരിച്ചുള്ള അന്വേഷണവും പ്രതിചേര്‍ക്കലും മാത്രമേ ഇനി നടക്കൂ. പ്രതികള്‍ കുറ്റം സമ്മതിച്ച സ്ഥിതിക്ക് അവിടെ അന്വേഷണം നിര്‍ത്തനാണ് നീക്കം.
നിലവിലെ 22 അംഗ സംഘത്തില്‍ കൂടുതലും സിപിഎം അനുഭാവികളായ ഉദ്യോഗസ്ഥരാണ്. എറണാകുളം ക്രൈംബ്രാഞ്ച് എസ്പി വി എം.മുഹമ്മദ് റഫീഖ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ മാറ്റിയാണ് പുതിയ അംഗങ്ങളെ ചേര്‍ത്തത് അന്വേഷണം സംഘത്തിന് രൂപമാറ്റം നല്‍കിയത്. ഇത് കേസ് അട്ടിമറിക്കാനാണെന്ന ആരോപണത്തിന് ഇതോടെ ശക്തിയേറി. പാര്‍ട്ടിയുടെ യുവജന, വിദ്യാര്‍ത്ഥി സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്നവരും അന്വേഷണ സംഘത്തിലുണ്ട്. പരാതി ഒഴിവാക്കാന്‍ യുഡിഎഫ് അനുഭാവമുള്ള ചുരുക്കം ചില ഉദ്യോഗസ്ഥരെക്കൂടി ഉള്‍പ്പെടുത്തി. എന്നാല്‍ അവര്‍ക്ക് റോളൊന്നും ഉണ്ടാകില്ല. ഇതെല്ലാം ശരത് ലാലിന്റേയും കൃപേഷിന്റേയും കുടുംബം തിരിച്ചറിയുന്നുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹൈക്കോടതി വാദത്തില്‍ ഇതെല്ലാം അവര്‍ ഉയര്‍ത്തിക്കാട്ടും. പ്രാഥമിക തെളിവുകള്‍ പോലും പരിശോധിക്കാതെ പൊലീസ് മുന്നോട്ട് പോകുന്നത് കണ്ണൂരിലെ ക്വട്ടേഷന്‍ സംഘത്തെ രക്ഷിക്കാനാണെന്നാണ് ഉയരുന്ന വാദം.
ഡിഐജി എസ്.ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലുള്ള ക്രൈംബ്രാഞ്ച് സംഘത്തെയാണ് ഇരട്ടക്കൊലക്കേസ് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയത്. ഡിവൈഎസ്പിമാരായ പി.എം.പ്രദീപ്, ഷാജു ജോസ്, സിഐ.അബ്ദുറഹീം തുടങ്ങിയ ഉദ്യോഗസ്ഥരും ഏതാനും സിവില്‍ പൊലീസ് ഓഫിസര്‍മാരുമായിരുന്നു ആദ്യ സംഘത്തില്‍. എന്നാല്‍ അന്വേഷണം കണ്ണൂരിലേക്ക് എത്തുമെന്നായപ്പോള്‍ ഇതെല്ലാം മാറ്റി മറിക്കപ്പെട്ടു. കോട്ടയം ക്രൈംബ്രാഞ്ച് എസ്പി സാബു മാത്യുവാണ് പുതിയ സംഘത്തിന്റെ തലവന്‍. മുന്‍ തലവന്‍, എറണാകുളം ക്രൈംബ്രാഞ്ച് എസ്പി വി എം.മുഹമ്മദ് റഫീഖ് അനാരോഗ്യ കാരണങ്ങളാല്‍ പിന്മാറിയെന്നാണ് ഔദ്യോഗിക ഭാഷ്യം. എസ്പി മാറിയതിനു പിന്നാലെ ഡിവൈഎസ്പി ഷാജുവിനെയും മാറ്റി. പുതിയ സംഘത്തില്‍ ഡിവൈഎസ്പിയായി പി.എം.പ്രദീപ് മാത്രമേയുള്ളൂ. ഇതാണ് സംശയങ്ങള്‍ക്ക് ഇട നല്‍കുന്നത്. കോട്ടയം ക്രൈംബ്രാഞ്ച് സിഐ രാജപ്പന്‍, നീലേശ്വരം സിഐ പി.നാരായണന്‍ എന്നിവര്‍ പുതുതായി വന്നു. എസ്ഐമാരായ ജയചന്ദ്രന്‍, ഫിലിപ് തോമസ്, പുരുഷോത്തമന്‍, കൃഷ്ണകുമാര്‍ തുടങ്ങിയവരുമുണ്ട്.
പെരിയയിലെ ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ പീതാംബരനും സംഘവുമല്ലെന്ന് ആവര്‍ത്തിച്ച് കൊല്ലപ്പെട്ട ശരത്തിന്റെ പിതാവ് സത്യനാരായണന്‍ രംഗത്ത് വന്നിട്ടുണ്ട് . ആസൂത്രണം നടത്തിയത് പീതാംബരനും നേതാക്കളും ചേര്‍ന്നാണ്. അരുംകൊല നടത്തിയത് പരിശീലനം നേടിയ മറ്റ് സംഘമാണെന്നും പീതാംബരന്‍ പറഞ്ഞു. ഇവരെ പിടികൂടാന്‍ സിബിഐ അന്വേഷണം ആവശ്യമാണെന്നും കൊല്ലപ്പെട്ട ശരത്തിന്റേയും കൃപേഷിന്റേയും രക്ഷിതാക്കള്‍ പറഞ്ഞു. ഇതിന്റെ സൂചനകള്‍ പൊലീസിനും കിട്ടിയിട്ടുണ്ട്. കണ്ണൂരിലെ ക്വട്ടേഷന്‍ സംഘത്തെയാണ് സംശയം. എന്നാല്‍ ഇത് പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാകും. അതുകൊണ്ട് തന്നെ ഇത്തരത്തിലെ അന്വേഷണം സര്‍ക്കാരും ആഗ്രഹിക്കുന്നില്ല. ഇതുകൊണ്ടാണ് അന്വേഷണ സംഘത്തെ മാറ്റിമറിച്ചത്. സര്‍ക്കാര്‍ പറഞ്ഞാല്‍ കേള്‍ക്കുന്നവര്‍ മാത്രമേ ഇപ്പോള്‍ അന്വേഷണ സംഘത്തിലുള്ളൂ. ഇതെല്ലാം ഉന്നത നേതാക്കളിലേക്ക് അന്വേഷണം എത്താതിരിക്കാനുള്ള തന്ത്രമാണ്.
പെരിയ ഇരട്ടക്കൊലക്കേസില്‍ സിപിഎം ലോക്കല്‍ കമ്മറ്റി അംഗം പീതാംബരന്‍ ഉള്‍പ്പെടെയുള്ള സിപിഎം പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് ഇപ്പോള്‍ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നു. കൊലക്കുപയോഗിച്ച ആയുധങ്ങളും വാഹനവും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പിടിയിലായവര്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരല്ലെന്ന് കൊല്ലപ്പെട്ട ശരത്തിന്റെ പിതാവ് പറഞ്ഞു കേസിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം സര്‍ക്കാരിന് കത്ത് നല്കിയിട്ടുണ്ട്. ഇരുവരുടേയും കൊലപാതകം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് കുടുംബവും സുഹൃത്തുക്കളും മോചിതരായിട്ടില്ല. കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് പ്രദേശത്തെ സിപിഎം നേതാക്കള്‍ തന്നെയാണെന്ന് സുഹൃത്തുക്കളും വിശ്വസിക്കുന്നു. ക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തിന്റെ മുന്നൊരുക്കത്തിന് ശേഷം കൃപേഷും ശരത്തും ബൈക്കിലാണ് വീട്ടിലേക്ക് പുറപ്പെട്ടത്. സുഹൃത്തിന്റെ കല്യാണത്തിന് ധരിക്കാനുള്ള വസ്ത്രത്തിന്റെ അഡ്വാന്‍സ് പണം എടുക്കാനായിരുന്നു യാത്ര. ഇതാണ് മരണത്തിലേക്കുള്ള യാത്രയായി മാറിയത്.