കണ്ണൂർ :പെരിയയിലെ യൂത്ത് കോണ്‍ഗ്രസുകാരെ കൊലപ്പെടുപ്പെടുത്തിയ പ്രതികളിൽ ഇന്നലെ അറസ്റ്റിലായ അഞ്ച് പേരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കാഞ്ഞങ്ങാട് ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. കൊലപ്പെടുത്താനുപയോഗിച്ച കൂടുതല്‍ ആയുധങ്ങള്‍ കണ്ടെത്തി. പെരിയ ഏച്ചിലടക്കത്ത് നിന്നാണ് രണ്ട് വടിവാള്‍ കണ്ടെത്തിയത്. പ്രതികളുമായുളള തെളിവെടുപ്പിനിടെയാണ് ആയുധം കണ്ടെത്തിയത്. കൊല നടത്തുമ്പോള്‍ പ്രതികള്‍ ധരിച്ചിരുന്ന വസ്ത്രവും പൊലീസ് കണ്ടെടുത്തു.പ്രതികള്‍ നേരിട്ട് കൊലപാതകത്തില്‍ പങ്കെടുത്തെന്നും സംഘത്തിലുള്ളവരെല്ലാം പീതാംബരന്റെ സുഹൃത്തുക്കളായിരുന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസിലെ പ്രധാന പ്രതികളെല്ലാം പിടിയിലായെന്ന് പൊലീസ് അവകാശപ്പെട്ടു.
അതേസമയം ഇരട്ടക്കൊലക്കേസിലെ അന്വേഷണം പ്രാദേശിക തലത്തിൽ ഒതുങ്ങിയപ്പോൾ അവഗണിക്കപ്പെട്ടത് ആദ്യഘട്ടത്തിൽ നിർണായകമെന്ന് അന്വേഷണസംഘം വിലയിരുത്തിയ തെളിവുകൾ. പ്രാദേശിക നേതാക്കളുടെ സഹായത്തോടെ പുറത്തു നിന്നുള്ള ക്വട്ടേഷൻ സംഘം നടത്തിയ കൊലപാതകമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആദ്യ നിഗമനം. ഇതിനെ സാധൂകരിക്കുന്ന തെളിവുകളും ശേഖരിച്ചു. എന്നാൽ സിപിഎം ലോക്കൽ കമ്മിറ്റിയംഗം ഉൾപ്പെടെയുള്ളവരെ ഉന്നതനേതാക്കൾ ഇടപെട്ടു ഹാജരാക്കിയതോടെ അന്വേഷണത്തിന്റെ ഗതിമാറി.
കൊല്ലപ്പെട്ട യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ നിന്നു 2 വിരലടയാളങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. ഇവയുടെ ശാസ്ത്രീയ പരിശോധന ഇതു വരെ നടന്നിട്ടില്ല. കൊലപാതകസംഘത്തിൽ 8 പേരാണ് ഉണ്ടായിരുന്നതെന്നു പൊലീസ് ഉറപ്പിക്കുമ്പോഴും ഈ വിരലടയാളങ്ങൾ ഇവരിൽ ആരുടേതെങ്കിലും ആണോയെന്ന കാര്യം പരിശോധിച്ചിട്ടില്ല.
കല്ല്യോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി 17നു നടന്ന സംഘാടക സമിതി യോഗത്തിൽ ശരത്‌ലാലും കൃപേഷും പങ്കെടുത്തിരുന്നു. ഇവരുടെ നീക്കങ്ങൾ കണ്ണൂർ റജിസ്ട്രേഷനിലുള്ള ജീപ്പിലെത്തിയ സംഘം നിരീക്ഷിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു.
സിപിഎമ്മിന്റെ ഒരു പ്രാദേശിക നേതാവ് ശരത്‌ലാലിനെയും സംഘത്തെയും ജീപ്പിലെത്തിയവർക്കു കാണിച്ചു കൊടുത്തെന്നും ചിലർ മൊഴി നൽകി. അന്നു രാത്രിയായിരുന്നു കൊലപാതകം. രാത്രി കണ്ണൂർ റജിസ്ട്രേഷനിലുള്ള വാഹനം അമിതവേഗത്തിൽ ചെറുവത്തൂർ വഴി കണ്ണൂർ ഭാഗത്തേക്കു പോകുന്നതു പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. കൊലപാതകം നടന്ന സമയവുമായി താരതമ്യം ചെയ്തപ്പോൾ ഇതു കല്യോട്ട് ഭാഗത്തു നിന്നു വന്നതാകാൻ സാധ്യതയുണ്ടെന്നു പൊലീസ് വിലയിരുത്തി. എന്നാൽ ഈ വാഹനവുമായി ബന്ധപ്പെട്ട അന്വേഷണം പിന്നീട് ഉണ്ടായില്ല.
കൊലപാതകം നടന്ന സ്ഥലത്തു നിന്നു 3 മൊബൈൽ ഫോൺ കണ്ടെടുത്തിരുന്നു. ഇതിൽ രണ്ടെണ്ണം കൊല്ലപ്പെട്ട യുവാക്കളുടേതായിരുന്നു. ശേഷിക്കുന്ന ഫോൺ ആരുടേതെന്നു പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. കൊലപാതകവിവരം അറിഞ്ഞു സ്ഥലത്തെത്തിയ ആരുടേയോ ഫോൺ വീണു പോയതാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
കൃപേഷിനെ ആദ്യം വെട്ടിയത് മൂന്നാംപ്രതി കെ.എം. സുരേഷ് ആണെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. സംഘത്തിലെ പ്രതികളെല്ലാം സുഹൃത്തുക്കളും മുൻപരിചയക്കാരുമാണ്. തന്നെ ആക്രമിച്ചവരോടു പക വീട്ടാനായി രാഷ്ട്രീയ ബന്ധം ഉപയോഗിച്ചു മറ്റുള്ള പ്രതികളെയെല്ലാം ചേർത്ത് ഒന്നാംപ്രതി പീതാംബരൻ പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്നലെ വൈകിട്ട് 6 മണിയോടെയാണു പീതാംബരനും സജിയും ഒഴികെയുള്ള 5 പ്രതികളെയും പൊലീസ് കാഞ്ഞങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയത്. കെ.എം. സുരേഷ്, ജി.ഗിജിൻ, എ.അശ്വിൻ, ആർ.ശ്രീരാഗ്, കെ.അനിൽകുമാർ എന്നീ 5 പ്രതികളും കൊലപാതകത്തിൽ നേരിട്ടു പങ്കാളികളായവരാണെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം കാസര്‍കോട് കൊലപാതകത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളിപ്പറഞ്ഞു. ചിലരുടെ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തിയാണ് നിലവിലെ സാഹചര്യത്തിന് കാരണം. തെറ്റായ ഒന്നിനെയെയും ഏറ്റെടുക്കേണ്ട കാര്യം പാർട്ടിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.കാസര്‍കോടെത്തിയിട്ടും പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി മടങ്ങി. കോണ്‍ഗ്രസ് നേതൃത്വം അനുമതി നല്‍കാത്തതിനാലാണ് മുഖ്യമന്ത്രി സന്ദര്‍ശനം ഒഴിവാക്കിയതെന്ന് സി.പി.എം നേതാക്കള്‍ വിശദീകരിച്ചു. എന്നാല്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് അനുമതി തേടി സി.പി.എം നേതാക്കള്‍ സമീപിച്ചെന്ന വാര്‍ത്ത കോണ്‍ഗ്രസ് നേതൃത്വം തള്ളി.