കാസര്‍കോട്: പ്രാദേശിക നേതൃത്വമാണ് ഇരട്ടകൊലപാതകത്തിന് പിന്നിലെന്ന നിലപാടുമായി സിപിഎം നേതൃത്വം പോകവേ പാര്‍ട്ടിയെ വെട്ടിലാക്കി കൊലവിളി പ്രസംഗം. പെരിയയില്‍ യൂത്ത് കോണ്‍ഗ്രസുകാരെ കൊല്ലുന്നതിന് ഒരുമാസം മുന്‍പ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം നടത്തിയ കൊലവിളി പ്രസംഗത്തിന്റെ വിഡിയോ പുറത്ത്.
ജനുവരി ഏഴിന് കല്യാട്ടെ സിപിഎം പരിപാടിയിലായിരുന്നു കൊലവിളിപ്രസംഗം. പ്രസംഗത്തിന്റെ വിഡിയോ സിപിഎം അനുഭാവികളുടെ ഫെയ്‌സ് ബുക്ക് പേജില്‍ പ്രചരിപ്പിച്ചിരുന്നു. കോണ്‍ഗ്രസുകാരെ വച്ചേക്കില്ലെന്ന് ജില്ലാസെക്രട്ടേറിയറ്റംഗം വി.പി.പി.മുസ്തഫ പറയുന്നതാണു വിഡിയോയില്‍. ക്ഷമ നശിച്ചാല്‍ സിപിഎം ഏതുരീതിയില്‍ പ്രതികരിക്കുമെന്ന് അറിയാമല്ലോയെന്നും മുസ്തഫ പറയുന്നു.
പാതാളത്തോളം ഞങ്ങള്‍ ക്ഷമിച്ചുകഴിഞ്ഞു. സഖാവ് പീതാംബരനേയും സുരേന്ദ്രനേയും ഒരു പ്രകോപനവുമില്ലാതെ മര്‍ദിക്കുന്നതുവരെയുള്ള സംഭവങ്ങള്‍ ഞങ്ങള്‍ ക്ഷമിക്കുകയാണ്. പക്ഷേ ഇനിയും ചവിട്ടാന്‍ വന്നാല്‍ പാതാളത്തില്‍നിന്ന് റോക്കറ്റുപോലെ സിപിഎം കുതിച്ചുകയറും. അതിന്റെ വഴിയില്‍ പിന്നെ കല്യോട്ടല്ല ഗോവിന്ദന്‍ നായരല്ല ബാബുരാജല്ല ഒരൊറ്റയൊരണ്ണം ബാക്കിയില്ലാത്ത വിധത്തില്‍ പെറുക്കിയെടുത്ത് ചിതയില്‍ വയ്ക്കാന്‍ ബാക്കിയില്ലാത്ത വിധത്തില്‍ ചിതറിപ്പോകും.
അങ്ങനെയൊരു റോക്കറ്റുപോലെ ക്ഷമയുടെ ഈ പാതാളത്തില്‍നിന്ന് തിരിച്ചു ഞങ്ങള്‍ വരാനുള്ള ഇടയുണ്ടാക്കരുത്. അതുകൊണ്ട് കേള്‍ക്കുന്ന കോണ്‍ഗ്രസുകാര്‍ക്കും കേള്‍ക്കാത്ത കോണ്‍ഗ്രസുകാര്‍ക്കും ബേക്കല്‍ എസ്ഐ സമാധാനയോഗമൊക്കെ വിളിച്ചിട്ട് ഇങ്ങനെയൊക്കെയാണ് സിപിഎം പറഞ്ഞിട്ടുള്ളതെന്ന് പറഞ്ഞുകൊടുക്കണം. നിങ്ങള്‍ കേസെടുത്താലും പ്രതികളെ പിടിച്ചിട്ടില്ലെങ്കിലും നിങ്ങള്‍ക്ക് സിപിഎമ്മിന്റെ സ്വഭാവവും രീതിയുമൊക്കെ അറിയാമല്ലോയെന്നും മുസ്തഫ ചോദിക്കുന്നു.