മലയാളം ബിഗ് ബോസിലെ പ്രണയം ജീവിതത്തിലേക്ക് കടക്കുകയാണ്. മത്സരാര്‍ത്ഥികളായ പേളി-ശ്രീനിഷ് പ്രണയമാണ് ബിഗ് ബോസ് വീടിന് പുറത്ത് പൂവണിയുന്നത്. ഇരുവരുടേയും പ്രണയത്തില്‍ പേളിയുടെ വീട്ടുകാരുടെ ചെറിയ എതിര്‍പ്പ് ഉണ്ടായിരുന്നു. എന്നാല്‍ അതും മറികടന്ന് ബിഗ്‌ബോസ് ജോഡികള്‍ ഒന്നാവുമെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.
ബിഗ് ബോസിന് പുറത്ത് എത്തിയ ഉടനെ തന്നെ രണ്ടു പേരും വിവാഹത്തിനായി വീട്ടുകാരോട് സംസാരിക്കാന്‍ ആരംഭിച്ചിരുന്നു. നിലവില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അനുസരിച്ച് വിവാഹം ഉടന്‍ തന്നെ ഉണ്ടാകുമെന്നാണ് വിവരം. പേളിയായിരുന്നു ആദ്യം തന്റെ വീട്ടുകാരുടെ സമ്മതം തേടിയത്. അമ്മ വിവാഹത്തിന് സമ്മതിച്ചതായി പേളി സോഷ്യല്‍ മീഡിയ വഴി ആരാധകരെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ തന്റെ വീട്ടുകാരും വിവാഹത്തിന് സമ്മതിച്ചതായി അറിയിച്ചിരിക്കുകയാണ് ശ്രീനിഷ്. കഴിഞ്ഞ ദിവസം മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് വിവാഹത്തിന് വീട്ടുകാര്‍ സമ്മതിച്ചതായി ശ്രീനിഷ് അറിയിച്ചത്.
”പേളിയുടെ കുടുംബം എന്റെ അച്ഛനും അമ്മയുമായി സംസാരിച്ചു. രണ്ടു കൂട്ടരും ഞങ്ങളുടെ പ്രണയത്തെ അംഗീകരിച്ചു. ഇനി വിവാഹ തിയ്യതി തീരുമാനിക്കണം” ശ്രീനിഷ് പറഞ്ഞു. പേളിയുമായി പ്രണയത്തിലായത് എങ്ങനെയെന്നും ശ്രീനിഷ് മനസു തുറന്നു.
”എങ്ങനെയെന്നറിയില്ല. പേളിയെ എപ്പോഴും നോക്കിയിരിക്കുമായിരുന്നു. അങ്ങനെ നോക്കി നോക്കി പ്രണയത്തിലാവുകയായിരുന്നു. പേളിയുടെ മുഖം കണ്ടാലറിയാം അവളുടെ മനസിലെന്തെന്ന്. അത്രയ്ക്ക് അടുത്തു” ശ്രീനിഷ് കൂട്ടിച്ചേര്‍ത്തു.
ബിഗ് ബോസിലെ ഏറ്റവും ശക്തയായ മത്സരാര്‍ത്ഥികളിലൊരാളായിരുന്നു പേളി. അവസാന റൗണ്ട് വരെ എത്തിയെങ്കിലും സാബുമോന് മുന്നില്‍ പരാജയപ്പെടുകയായിരുന്നു. ചെറിയ വോട്ടിന്റെ വ്യത്യാസത്തിലാണ് സാബു ബിഗ് ബോസ് വിജയി ആയത്.