പെര്‍ത്ത്: ആസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം. ഓപ്പണര്‍ ശിഖര്‍ ധവാനെ നഷ്ടമായെങ്കിലും കൂടുതല്‍ പ്രശ്‌നമുണ്ടാക്കാതെ ഓപ്പണര്‍ രോഹിത്ശര്‍മ്മയും, വിരാട് കോഹ്ലിയും ചേര്‍ന്ന് ടീമിനെ മുന്നോട്ടു നയിക്കുകയാണ്. ഏറ്റവും ഒടുവില്‍ ലഭിച്ച വിവരം അനുസരി്ച്ച് 12.2 ഓവറില്‍ 69 റണ്‍ ഇന്ത്യ നേടിയിട്ടുണ്ട്.
ഏകദിനങ്ങള്‍ക്ക് പുറമെ മൂന്ന് ട്വന്റി 20 മത്സരങ്ങളും ഇന്ത്യ ഓസ്‌ട്രേലിയയില്‍ കളിക്കുന്നുണ്ട്. ഈ വര്‍ഷത്തെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ആദ്യ പരമ്പരയാണ് ഇത്.
ഇന്ത്യന്‍ ടീമിന് ഈ പരമ്പര വളരെ പ്രധാനപ്പെട്ടതാണ് പരമ്പരയിലെ ഒരു മത്സരമെങ്കിലും ജയിക്കാന്‍ സാധിച്ചാല്‍ ഏകദിനത്തിലെ രണ്ടാം സ്ഥാനം ഇന്ത്യക്ക് നിലനിര്‍ത്താം. നിലവില്‍ ഇന്ത്യക്ക് 114 പോയിന്റാണ് ഉളളത് ഒന്നാം സ്ഥാനത്തുളള ഓസ്‌ട്രേലിയ (127) ഇന്ത്യയെക്കാള്‍ 13 പോയിന്റിന് മുന്നിലാണ്.
ഈ പരമ്പരയിലെ എല്ലാ മത്സരങ്ങളും തോറ്റാലും ഓസീസിന് ഒന്നാം സ്ഥാനം നഷ്ടമാകില്ല. രണ്ടാം സ്ഥാനത്തുളള ഇന്ത്യയേക്കാള്‍ ഒരു പോയിന്റിന് അപ്പോഴും ഓസീസ് മുന്നിലായിരിക്കും. എന്നാല്‍ ഇന്ത്യയുടെ അവസ്ഥ അതല്ല. പരമ്പരയിലെ ഒരു കളിയെങ്കിലും ജയിച്ചില്ലെങ്കില്‍ മൂന്നാം സ്ഥാനത്തുള്ള ദക്ഷണാഫ്രിക്ക രണ്ടാം സ്ഥാനത്തെത്തുകയും ഇന്ത്യ നാലാം സ്ഥാനത്തുളള ന്യൂസിലാന്‍ഡിന് ഒപ്പം എത്തുകയും ചെയ്യും.
രണ്ട് സന്നാഹ മത്സരങ്ങളിലെ വിജയത്തിന്റെ ആവേശവുമായാണ് ലോകത്തിലെ ഏറ്റവും വേഗമേറിയ പിച്ചുകളിലൊന്നായ പെര്‍ത്തില്‍ ഇന്ത്യ ഇന്ന് ആദ്യ ഏകദിനത്തിനിറങ്ങുന്നത്. ഇന്ത്യന്‍ സമയം രാവിലെ 8.50നാണ് മത്സരം തുടങ്ങുക. പേസ് ബൗളര്‍ മുഹമ്മദ് ഷാമി പരിക്കേറ്റ് പുറത്തുപോയതിന്റെ ക്ഷീണത്തിലാണ് ഇന്ത്യയിറങ്ങുന്നത്.
ഷാമിക്ക് പകരം ഭുവനേശ്വര്‍കുമാറാണ് ടീമിലെത്തിയത്. മാര്‍ച്ചില്‍ ഇന്ത്യയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ ആദ്യ പരീക്ഷണ വേദിയാണ് ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ലോകകപ്പിന് മുന്നൊരുക്കം നടത്തുക എന്നതാണ് ടീം ഇന്ത്യയുടെ ലക്ഷ്യം.
വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയക്കെതിരെ ഇവിടെ നടന്ന രണ്ട് സന്നാഹ മത്സരങ്ങളും വിജയിച്ചതിന്റെ ആത്മവിശ്വത്തിലാണ് ധോണിയും കൂട്ടരും. ട്വന്റി 20യില്‍ 74 റണ്‍സിനും ഏകദിനത്തില്‍ 67 റണ്‍സിനുമായിരുന്നു ജയം. ട്വന്റി 20 ജയം ക്യാപ്റ്റന്‍ ധോണിക്ക് ആശ്വാസമായിരുന്നെങ്കില്‍ ഏകദിനം നല്‍കിയത് അത്ര സുഖമുള്ള ഓര്‍മ്മകളല്ല.
50 ഓവര്‍ തികച്ച് ബാറ്റ് ചെയ്യാന്‍ ടീം ഇന്ത്യക്ക് കഴിഞ്ഞില്ല. അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കേ ഇന്ത്യ 249നു പുറത്തായി. ദീര്‍ഘകാലമായി ഫോമിലല്ലാതെ കഷ്ടപ്പെടുന്ന രോഹിത് ശര്‍മയും പുതുമുഖം മനീഷ് പാണ്ഡെയും അര്‍ദ്ധ സെഞ്ചുറി നേടിയത് ആശ്വാസമായെങ്കിലും ട്വന്റി 20യില്‍ നിന്ന് വ്യത്യസ്തമായി ധവാനും കോഹ്‌ലിയും അമ്പേ പരാജയപ്പെട്ടു.
രഹാനെ 41 റണ്‍സെടുത്തും രവീന്ദ്ര ജഡേജ 26 റണ്‍സ് നേടിയും ഭേദപ്പെട്ട പ്രകടനം നടത്തി. എന്നാല്‍ ക്യാപ്റ്റന്റെ പ്രകടനവും പ്രതീക്ഷിച്ചപോലെ ആയില്ല. ഏകദിനത്തില്‍ വെറും 15 റണ്‍സെടുത്താണ് ഇന്ത്യന്‍ നായകന്‍ ധോണി പുറത്തായത്. അശ്വിന്റെ നേതൃത്വത്തിലുള്ള സ്പിന്നര്‍മാരുടെ മികവിലായിരുന്നു ഇന്ത്യ വിജയം നേടിയത്. മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരുമായാണ് ടീം ഇന്ത്യ ഇന്ന് ആദ്യ അങ്കത്തിനിറങ്ങുക.
ധോണിയെ സംബന്ധിച്ച് ഏറെ നിര്‍ണായകമായ പരമ്പരയാണ് ഇത്. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര പരാജയപ്പെട്ടതോടെ ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് നിരവധി പ്രമുഖര്‍ ഇതിനകം ആവശ്യപ്പെട്ടുകഴിഞ്ഞിരുന്നു. വിമര്‍ശകരുടെ വായയടപ്പിക്കുന്നതിനായി ധോണിക്ക് ഈ പരമ്പര വിജയിച്ചേ മതിയാവൂ. മറിച്ചയാല്‍ ക്യാപ്റ്റന്‍ സ്ഥാനത്തിനും മിക്കവാറും അവസാനമാകാന്‍ സാധ്യതയുണ്ട്.
മറുവശത്ത് സ്വന്തംനാട്ടില്‍ കരുത്തരായ ന്യൂസിലാന്‍ഡിനെയും വെസ്റ്റിന്‍ഡീസിനെയും തകര്‍ത്തുവിട്ടതിന്റെ ആത്മവിശ്വാസത്തിലാണ് ആസ്‌ട്രേലിയ. ദുര്‍ബലരായ വിന്‍ഡീസിനെതിരെ ഓസീസിന്റെ മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ മികച്ച ഫോമിലത്തെിയിരുന്നു. ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട സ്റ്റീവന്‍ സ്മിത്തിന്റെ കരുത്തിലാണ് കംഗാരുക്കള്‍ ആദ്യ അങ്കത്തിനിറങ്ങുന്നത്. സ്മിത്തിനൊപ്പം വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്, ജോര്‍ജ് ബെയ്‌ലി, മാക്സ്ല്!വെല്‍ തുടങ്ങിയവരും അണിനിരക്കുന്നതോടെ ബാറ്റിങ് നിര കരുത്തുറ്റതാണ്. ഫോക്‌നറും ഹെയ്‌സല്‍വുഡും ഉള്‍പ്പെടുന്ന ബൗളിങ്‌നിരയും കരുത്തുറ്റതുതന്നെ. ഓസ്‌ട്രേലിയന്‍ ടീമില്‍ ഇന്ന് സ്‌കോട്ട് ബോലന്‍ഡും ജോയല്‍ പാരിസും അരങ്ങേറ്റം കുറിക്കും. ഇരുവരും ഫാസ്റ്റ് ബൗളര്‍മാരാണ്. എന്നാല്‍ പരിക്കുമൂലം മിച്ചല്‍ സ്റ്റാര്‍ക്ക് കളിക്കാത്തത് അവര്‍ക്കു തിരിച്ചടിയാകാനും ഇടയുണ്ട്.