കോട്ടയം: അന്യായമായ ഇന്ധനവിലവർദ്ധനവിന് എതിരെ ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും തിരുനക്കരയിൽ സായാഹ്നധർണ്ണ നടത്തി. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് പി ജെ വർഗീസ് ധർണ്ണ ഉദ്ഘാടനം ചെയ്തു.
അന്താരാഷ്ട്രവിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുമ്പോഴും രാജ്യത്ത് വില വർദ്ധിപ്പിക്കുന്ന ക്രൂരനയമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. കോവിഡ് കാലത്തും ജനങ്ങൾക്ക് ആശ്വാസമേകുന്ന നടപടികൾക്ക് പകരം അനിയന്ത്രിതമായ ഇന്ധനവിലവർദ്ധനവ് നടപ്പാക്കുന്നത് മൂലം വൻവിലക്കയറ്റത്തിന് വഴിയൊരുക്കുകയും കുടുംബബജറ്റാകെ താളം തെറ്റിക്കുകയും ചെയ്യും. പാചകവാതകത്തിന് 75 രൂപയാണ് ഈ മാസം മാത്രം വർദ്ധിപ്പിച്ചത്. കൂടാതെ 6 മാസമായി സബ്‌സിഡിയും നല്കുന്നില്ല. പല നഗരങ്ങളിലും പെട്രോൾവില 100 രൂപ കടന്നു. ഡീസൽവിലയും ഒപ്പമെത്തുന്നു. ഇന്ത്യയിൽ നിന്ന് ഇന്ധനം വാങ്ങുന്ന അയൽരാജ്യങ്ങളിൽ പോലും ഇന്ധനവില ഇന്ത്യയേക്കാൾ വളരെ കുറവാണ്. അന്യായമായി ഇന്ധനവില വർദ്ധിപ്പിക്കുന്നതിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് ധർണ്ണയിലൂടെ എഫ്എസ്ഇടിഒ ആവശ്യപ്പെട്ടു.
കെഎസ്ടിഎ ജില്ലാ സെക്രട്ടറി സാബു ഐസക് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ഉദയൻ വി കെ സ്വാഗതം ആശംസിച്ചു. കെജിഒഎ ജില്ലാ സെക്രട്ടറി ഒ ആർ പ്രദീപ് കുമാർ, യൂണിവേഴ്‌സിറ്റി എംപ്ലോയീസ് കോ-ഓർഡിനേഷൻ സംസ്ഥാന കമ്മിറ്റിയംഗം ബാബുരാജ് വാര്യർ, കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് കെ എസ് അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.