ന്യൂഡല്‍ഹി: ഇടിവെട്ടേറ്റവനെ പാമ്പുകടിച്ച അവസ്ഥയിലായിരിക്കുകയാണ് ഇന്ത്യക്കാരുടെ അവസ്ഥ.
ഇന്ധനവില കുത്തനെ വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 2.21 രൂപയും ഡീസല്‍ ലിറ്ററിന് 1.79 രൂപയുമാണ് കൂട്ടിയിരിക്കുന്നത്. പുതുക്കിയ വില അര്‍ധരാത്രി പ്രാബല്യത്തിലാകും. രാജ്യാന്തരവിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്കു വില വര്‍ധിച്ചതാണ് ആഭ്യന്തരവിപണിയില്‍ വില വര്‍ധിപ്പിക്കാന്‍ കാരണമായി എണ്ണകമ്പനികള്‍ ചൂണ്ടിക്കാട്ടിയത്.
രാജ്യാന്തര വിപണിയില്‍ എണ്ണ വില ഇടിഞ്ഞതി നെത്തുടര്‍ന്ന് ഒപെക് രാജ്യങ്ങള്‍ എണ്ണ ഉത്പാദനം കുറച്ചിരിക്കുകയാണ്. ഇതാണ് അസംസ്‌കൃത എണ്ണയുടെ വില വര്‍ധിക്കാന്‍ പ്രധാന കാരണം. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 50 ഡോളറിനു മുകളിലെത്തിയിരിക്കുകയാണ്.
നോട്ട് നിരോധനത്തിന് പിന്നാലെ രൂപയുടെ മൂല്യം ഇടിയുന്നതും ഇന്ധന വില വര്‍ധനയ്ക്കു കാരണമാകുന്നു. ഒരു ഡോളറിനെതിരെ 67.77ലാണ് വെള്ളിയാഴ്ച രൂപയുടെ വ്യാപാരം. നവംബര്‍ അഞ്ചിനാണ് അവസാനനമായി പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചത്. പെട്രോളിന് 89 പൈസയും ഡീസലിന് 86 പൈസയുമാണ് കൂട്ടിയത്. സെപ്റ്റംബറിന് ശേഷം പെട്രോളിന് ആറാം തവണയും ഡീസലിന് ഒരു മാസത്തിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ വര്‍ധനയുമായിരുന്നു ഇത്.
വരുന്ന മൂന്ന് നാല് മാസങ്ങളില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധനയ്ക്ക് സാധ്യതയുണ്ടെന്നാണ് നിരീക്ഷകര്‍ പറയുന്നത്. പെട്രോള്‍ വിലയില്‍ 58 ശതമാനം വരെയും ഡീസല്‍ വിലയില്‍ 68 ശതമാനംവരെയും വര്‍ധന ഉണ്ടാകുമെന്നാണ് വിവരം.