ക്രൈം ഡെസ്ക്
മണർകാട്: ഭാര്യയുമായി പിണങ്ങിക്കഴിഞ്ഞിരുന്ന യുവാവ് ഭാര്യയുടെയും മക്കളുടെയും ശരീരത്തിലേയ്ക്കു പട്രോൾ ഒഴിച്ച ശേഷം സ്വയം തീ കൊളുത്തി മരിച്ചു. ഭാര്യയെയും മക്കളെയും കൊലപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് ഇയാൾ സ്വയം തീകൊളുത്തി മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നരയോടെ കോട്ടയം മണർകാട്ട് ഇയാളുടെ ഭാര്യയും മക്കളും വാടകയ്ക്കു താമസിക്കുന്ന വീട്ടിലായിരുന്നു അതി ദാരുണമായ സംഭവങ്ങൾ അരങ്ങേറിയത്. വാകത്താനം തോട്ടപ്പുറം മാത്യു ബേബി(സണ്ണി- 45)യാണ് അതി ദാരുണമായി വെന്തു മരിച്ചത്. ബവ്റീജസ് കോർപ്പറേഷനിലെ ഡ്രൈവറാണ് ഇയാൾ.
ഇന്ന് പുലർച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവങ്ങൾ. രണ്ടു വർഷത്തിലേറെയായി സണ്ണിയും ഭാര്യയും പിണങ്ങികഴിയുകായയിരുന്നു. ഇന്നലെ ഇരുവരും തമ്മിലുള്ള കേസ് കോടതി പരിഗണിച്ചിരുന്നു. ഗാർഹിക പീഡന നിരോധന നിയമപ്രകാരം ഭാര്യ സണ്ണിയ്ക്കെതിരെ പരാതിയും നൽകിയിരുന്നു. ഇന്നലെ കേസ് പരിഗണിക്കുന്നതിനിടെ ഇരുവരും തമ്മിൽ കോടതിയിൽ വച്ചും തർക്കമുണ്ടായിരുന്നതായി പൊലീസ് പറയുന്നു.
ഇന്ന് പുലർച്ചെ മൂന്നു മണിയോടെ ഭാര്യയും മക്കളും താമസിക്കുന്ന വാടക വീട്ടിൽ എത്തിയ സണ്ണി, വീടിന്റെ മുൻ വാതിൽ പൊളിച്ച് അകത്തു കയറി. വീട്ടുകാരെ വിളിച്ചുണർത്തിയ ശേഷം ഇവരുടെ ശരീരത്തിലേയ്ക്കു പട്രോൾ ഒഴിച്ചു. തുടർന്നു സ്വന്തം ശരീരത്തിലേയ്ക്കു ഇയാൾ പട്രോൾ ഒഴിച്ചു. പട്രോൾ ശരീരത്തിലേയ്ക്കു വീണതോടെ ഭാര്യയും മക്കളും രണ്ടാം നിലയിലേയ്ക്കു പ്രാണരക്ഷാർഥം ഓടി. ഇവർ മുറിയ്ക്കുള്ളിൽ കയറി കതക് അടച്ച ശേഷം പൊലീസിനു ഫോൺ ചെയ്തു. ഇതിനിടെ സണ്ണി ശരീരത്തിലേയ്ക്കു തീ പടർത്തുകയായിരുന്നു. ആളിക്കത്തുന്ന ശരീരവുമായി വീടിനുള്ളിലൂടെ സണ്ണി ഓടി നടന്നതായി കുട്ടികൾ പൊലീസിനു മൊഴി നൽകി. പൊലീസ് എത്തിയപ്പോഴേയ്ക്കും സണ്ണി മരിച്ചിരുന്നു.
തുടർന്നു പൊലീസ് മൃതദേഹം ബന്തവസിൽ സൂക്ഷിച്ചു. തുടർന്നു പാമ്പാടി സിഐ സാജു വർഗീസ്, മണർകാട് എസ്ഐ അനൂപ് ജോസ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി. തുടർന്നു മൃതദേഹം പോസറ്റ്മാർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്കു മാറ്റി.