സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിൽ ശിവനെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് ഇൻസ്റ്റഗ്രാമിനെതിരെ പരാതിയുമായി ബി.ജെ.പി നേതാവ്.സംഭവത്തിൽ ഇൻസ്റ്റഗ്രാം സി.ഇ.ഒക്കും മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്‌റ്റേഷനിലാണ് ബി.ജെ.പി നേതാവായ മനീഷ് സിങ് പരാതി നൽകിയത്.
ശിവനെ മോശമായി ചിത്രീകരിച്ചതിലൂടെ ഹൈന്ദവ വികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ചാണ് കേസ്. ശിവൻ ഒരു കൈയിൽ ഒരു ഗ്ലാസ് വീഞ്ഞും മറുകൈയ്യിൽ മൊബൈൽ ഫോണും വെച്ച് കണ്ണിറുക്കി കാണിക്കുന്ന സ്റ്റിക്കർ ഉപയോഗിച്ചതിനെതിരെയാണ് മനീഷ് പരാതി നൽകിയിരിക്കുന്നത്.
ഇൻസ്റ്റഗ്രാമിന്റെ സ്റ്റോറി വിഭാഗത്തിലാണ് സ്റ്റിക്കർ കാണപ്പെട്ടത്.സ്റ്റിക്കറുകൾ നീക്കം ചെയ്തില്ലെങ്കിൽ ഇൻസ്റ്റഗ്രാമിന്റെ ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ നടത്തുമെന്ന് മനീഷ് സിങ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിൽ പറഞ്ഞു. സംഭവത്തിൽ ഇൻസ്റ്റഗ്രാം അധികൃതർ മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.