ന്യൂഡല്‍ഹി: പഞ്ചാബിലും ഉത്തര്‍പ്രദേശിലെ 59 സീറ്റുകളിലും ഇന്ന് നിയമസഭാ അങ്കം. ഏഴ് ഘട്ടങ്ങളിലായി യു.പിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മൂന്നാം ഘട്ടത്തില്‍ പടിഞ്ഞാറന്‍ യു.പി, അവധ്, ബുന്ദേല്‍ഖണ്ഡ് മേഖലകളിലെ 16 ജില്ലകളിലായി 59 സീറ്റുകളിലാണ് ജനവിധി. 627 സ്ഥാനാര്‍ഥികളാണ് ഇവിടെ അങ്കത്തട്ടില്‍.
2.15 കോടിപ്പേര്‍ വിധിയെഴുതും. ബി.ജെ.പി, സമാജ്വാദിപാര്‍ട്ടി, കോണ്‍ഗ്രസ് പാര്‍ട്ടികളാണ് സഖ്യകക്ഷികള്‍ക്കൊപ്പം മത്സരരംഗത്തുള്ളത്. 2012-ലെ തെരഞ്ഞെടുപ്പില്‍ 59-ല്‍ എസ്.പി. 37 സീറ്റുകള്‍ നേടി കരുത്തു തെളിയിച്ചെങ്കിലും 2017-ല്‍ 49 മണ്ഡലങ്ങളില്‍ ജയിച്ച് ബി.ജെ.പി. തിരിച്ചടിച്ചു.
ഹാഥ്റസ്, ഫിറോസാബാദ്, കാസ്ഗഞ്ച്, ഫറൂഖാബാദ്, കാണ്‍പൂര്‍ നഗര്‍, ഝാന്‍സി, ലളിത്പുര്‍, ഹാമിര്‍പുര്‍, കനൗജ്, മെയിന്‍പുരി എന്നീ ജില്ലകളെല്ലാം ഇന്ന് ജനവിധി നിര്‍ണയിക്കും. സംസ്ഥാനത്തെ യാദവശക്തികേന്ദ്രങ്ങളാണ് ഇന്നു ജനവിധി. കര്‍ഹാലില്‍ മത്സരിക്കുന്ന സമാജ്വാദി പാര്‍ട്ടി തലവന്‍ അഖിലേഷ് യാദവാണ് അങ്കത്തട്ടിലുള്ള പ്രമുഖന്‍. ബി.ജെ.പി. ടിക്കറ്റില്‍ കേന്ദ്രമന്ത്രി എസ്.പി. സിങ് ബാഗെലാണ് എതിര്‍ സ്ഥാനാര്‍ഥി. പഞ്ചാബില്‍ ആകെയുള്ള 117 നിയമസഭാ മണ്ഡലങ്ങളം ഇന്നു വിധിയെഴുതും.
മിക്ക സീറ്റിലും ചതുഷ്‌കോണ മത്സരമാണ്. കോണ്‍ഗ്രസ്, എ.എ.പി, എസ്.എ.ഡി-ബി.എസ്.പി. സഖ്യം, ബി.ജെ.പി-പി.എല്‍.സി. സഖ്യങ്ങള്‍ക്കു കീഴില്‍ 93 വനിതകളടക്കം മത്സരരംഗത്തുള്ളത് 1,304 സ്ഥാനാര്‍ഥികള്‍. 2.14 കോടിപ്പേരാണു സമ്മതിദാനാവകാശമുള്ളവര്‍. ഇവരില്‍ 1.2 കോടി വോട്ടര്‍മാര്‍ സ്ത്രീകളാണ്. മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണല്‍.