തിരുവനന്തപുരം:വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ഫോണ്‍ കോളുകളും ഈ-മെയിലും ചോര്‍ത്തിയെന്ന പരാതി ക്രൈം ബ്രാഞ്ച് അന്വേഷിക്കും. പ്രതിപക്ഷം നിയമസഭയില്‍ നല്‍കിയ ആടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയവെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഫോണും മെയിലും ചോര്‍ത്തുന്നെന്ന് ജേക്കബ് തോമസ് പരാതി നല്‍കിയിട്ടില്ലെന്നും മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെടുത്തുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം നിയമസഭിയില്‍ പറഞ്ഞു. നേരത്തെ സ്ഥാനം ഒഴിയണമെന്ന് ജേക്കബ് തോമസ് ആവശ്യം ഉന്നയിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫോണ്‍ ചോര്‍ത്തല്‍ സര്‍ക്കാരിന്റെ നയമല്ല. ആരുടേയും ഫോണ്‍ ചോര്‍ത്താന്‍ അനുമതി നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫോണ്‍ ചോര്‍ത്തുന്നുവെന്ന ആരോപണം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
തന്റെ ഫോണ്‍ കോളുകളും ഇമെയില്‍ സന്ദേശങ്ങളും ചോര്‍ത്തുന്നുവെന്ന ജേക്കബ് തോമസിന്റെ പരാതിയാണ് ഇന്ന് പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചത്. വിഷയം സഭയില്‍ ഉന്നയിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സര്‍ക്കാരിന് കീഴില്‍ ഉദ്യോഗസ്ഥര്‍ക്ക് പോലും രക്ഷില്ലെന്ന് കുറ്റപ്പെടുത്തി. ഉദ്യോഗസ്ഥര്‍ക്കിടയില്‍ ശീതസമരമാണ് നടക്കുന്നത്. തമ്മില്‍ പാരവെപ്പാണ്.
ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തിലൂടെ ജേക്കബ് തോമസ് പ്രതിക്കൂട്ടില്‍ നിര്‍ത്തിയത് മുഖ്യമന്ത്രിയെയാണെന്നും പ്രതിപക്ഷം ആരോപിച്ചു. വിവാദം ചോദ്യോത്തര വേള നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.ഇതില്‍ മറുപടി പഞ്ഞ മുഖ്യമന്ത്രി ജേക്കബ് തോമസ് അത്തരമൊരു പരാതി നല്‍കിയിട്ടേയില്ലെന്ന് അറിയിച്ചു. തന്റെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന വാര്‍ത്തയിലെ ആശങ്ക അറിയിക്കുക മാത്രമാണ് അദ്ദേഹം ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് കത്ത് നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെന്നിത്തലയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മറ്റു ചില ആഗ്രഹങ്ങള്‍ പ്രകടിപ്പിച്ചാണ് കത്ത് നല്‍കിയത്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് ജേക്കബ് തോമസ് തുടരണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം. ജേക്കബ് തോമസിനെതിരെ നീക്കങ്ങള്‍ നടക്കുന്നു. അന്വേഷണം നേരിടുന്നവരാകാം ഇതിന് പിന്നില്‍. ജോക്കബ് തോമസിന് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും പൂര്‍ണ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.