തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി അണ്ണന്‍ സിജിത്തിന്റെ സെല്ലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു.സിം കാര്‍ഡ് സഹിതമുള്ള രണ്ട് ഫോണുകളാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത്.അണ്ണന്‍ സിജിത്തിനൊപ്പം മറ്റൊരു രാഷ്ട്രീയ കൊലപാതക കേസില്‍ ശിക്ഷ അനുഭവിക്കുന്ന പ്രദീപും ഒന്നാം ബ്ലോക്കിലെ സെല്ലില്‍ ഉണ്ടായിരുന്നു.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതിനെത്തുടര്‍ന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയ അണ്ണന്‍ സിജിത്തിന്റെ സെല്ലില്‍ നിന്നാണ് രണ്ട് മൊബൈല്‍ ഫോണുകള്‍ പിടിച്ചത്.മാവേലിക്കരയില്‍ നടന്ന രാഷ്ട്രീയ കൊലപാതക കേസിലെ പ്രതി പ്രദീപാണ് സെല്ലിലെ സഹ തടവുകാരന്‍.സിം കാര്‍ഡുകളും കണ്ടെത്തിയിട്ടുണ്ട്.ഇന്നലെ അര്‍ധരാത്രി ഡെപ്യൂട്ടി ജയിലറുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡ് പ്രതിരോധിക്കാന്‍ സിജിത്തും,പ്രദീപും ശ്രമിച്ചെങ്കിലും അത് മറികടന്നാണ് പരിശോധന നടത്തിയത്. എങ്ങനെ ഫോണ്‍ കിട്ടിയതെന്നറിയാന്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്യും.ഫോണില്‍ നിന്ന് ആരയക്കെ വിളിച്ചുവെന്നതും പരിശോധിക്കുന്നുണ്ട്.ജയില്‍ ശിക്ഷാ നിയമം ലംഘിച്ചതിന് ഇരുവര്‍ക്കുമെതിരെ കേസ്സെടുക്കും.പ്രാഥമിക റിപ്പോര്‍ട്ട് ജയില്‍ സൂപ്രണ്ട് എസ് സന്തോഷ് ജയില്‍ വകുപ്പ് മേധാവിക്കും,ഡിജിപിക്കും നല്‍കിയിട്ടുണ്ട്.
ട്രൗസർ മനോജ് എന്ന മനോജ്, അണ്ണൻ സിജിത് എന്ന സിജിത്, റഫീക്ക് എന്നീ മൂന്നു പ്രതികളാണു ടിപി ചന്ദ്രശേഖരൻ വധവുമായി ബന്ധപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിലുള്ളത്. ഇവിടെ ഇവർക്ക് സുഖവാസമാണെന്നുള്ള വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. കൊടി സുനി, മുഹമ്മഹ് ഷാഫി, ടി.കെ.രജീഷ് എന്നിവർ തൃശൂർ വിയ്യൂർ ജയിലിലാണ്. കേസിലെ പ്രതികൾ എല്ലാവരെയും ഒന്നിച്ചു ഒരിടത്ത് ജയിലിൽ ആക്കുന്നത് ശരിയാവില്ലെന്ന വിലയിരുത്തലിലാണ് പലയിടത്താക്കിയത്. മുൻപു കോഴിക്കോട്, വിയ്യൂർ ജയിലുകളിൽ വച്ചും ഇവർ ഫോൺ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. ഫെയ്സ്ബുക് അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ സജീവമായതോടെയാണ് ഇവർ പിടിക്കപ്പെട്ടത്. കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവരിൽനിന്നാണ് വിയ്യൂരിൽ ഫോൺ പിടിച്ചത്. ഇന്റർനെറ്റ് സൗകര്യമുള്ള രണ്ടു വിലയേറിയ സ്മാർട് ഫോണുകൾ, ഇവ ചാർജ് ചെയ്യാനുള്ള രണ്ടു പവർ ബാങ്കുകൾ, ഡേറ്റ കേബിളുകൾ, മൂന്നു സിം കാർഡുകൾ എന്നിവയാണു ജയിലറുടെ നേതൃത്വത്തിലുള്ള സംഘം അന്ന് റെയ്ഡിൽ പിടിച്ചത്.