സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കുന്ന വിരുതനെ പൊക്കാന്‍ പൊലീസ് വലവിരിച്ചു. വിവാഹ ഫോട്ടോയെടുക്കുന്നതിനിടെ ശേഖരിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രങ്ങളാക്കി മാറ്റുന്ന വിരുതനെയാണ് പൊലീസ് അന്വേഷിക്കുന്നത്. കോഴിക്കോട് വടകരയിലാണ് പത്തിലധികം സ്ത്രീകളും അവരുടെ ബന്ധുക്കളും യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്.
നാല്‍പ്പതിനായിരത്തിലധികം ചിത്രങ്ങള്‍ സൂക്ഷിച്ചിരുന്ന ഹാര്‍ഡ് ഡിസ്‌ക് കണ്ടെടുത്തെങ്കിലും സ്റ്റുഡിയോയിലെ ഫോട്ടോ എഡിറ്റര്‍ ഒളിവിലാണ്. വിവാഹ ഫോട്ടോയെടുക്കുന്ന തിരക്കില്‍ കൂടുതല്‍ ചിത്രങ്ങള്‍ മൊബൈലിലും പകര്‍ത്തും. പ്രത്യേക ഹാര്‍ഡ് ഡിസ്‌കില്‍ സൂക്ഷിക്കും. സുന്ദരിമാരുടെ ചിത്രങ്ങള്‍ കംപ്യൂട്ടറിന്റെ സഹായത്തോടെ രൂപമാറ്റം വരുത്തും. നേരിട്ട് അറിയാവുന്നവരെ വിളിച്ച് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തും. ഒരേ കുടുംബത്തിലെ വ്യത്യസ്ത സ്ത്രീകള്‍ക്ക് സമാന അനുഭവമുണ്ടായപ്പോഴാണ് പൊലീസില്‍ പരാതി നല്‍കിയത്. കുട്ടികളുടെ ഫോട്ടോയും മോര്‍ഫ് ചെയ്തതായി പരാതിയുണ്ട്.
വടകര നഗരത്തിലെ ഒരു വീഡിയോ ഷോപ്പില്‍ ജോലി ചെയ്യുന്ന ഫോട്ടോ എഡിറ്ററാണ് ഇതിന് പിന്നിലെന്ന് തെളിഞ്ഞിട്ടുണ്ട്. ഹാര്‍ഡ് ഡിസ്‌കില്‍ നാല്‍പതിനായിരത്തിലധികം ഫോട്ടോയുള്ളതായി കണ്ടെത്തി. ഫോട്ടോയില്‍ നഗ്‌നദൃശ്യങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ഇയാള്‍ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചിരുന്നത്. നേരത്തെ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരുന്നെങ്കിലും അന്വേഷണമുണ്ടായില്ലെന്നാണ് ആക്ഷേപം.
വിരുതനെത്തേടി പൊലീസ് സ്റ്റുഡിയോയിലെത്തിയെങ്കിലും പിടികൂടാനായില്ല. ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിനൊപ്പം മറ്റെന്തെങ്കിലും തരത്തില്‍ സ്ത്രീകളെ ചൂഷണം ചെയ്തിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.