തിരുവനന്തപുരം: അമീര്‍ഖാന്‍ അഭിനയിച്ച പികെ സിനിമ ആരും അത്ര പെട്ടെന്ന് മറന്നുകാണാന്‍ സാധ്യതയില്ല. ഒരു കല്ലെടുത്ത് ദൈവമാക്കി അമീര്‍ഖാന്‍ ജനങ്ങളുടെ അന്ധവിശ്വാസത്തെക്കുറിച്ച് പറയുന്ന രംഗമുണ്ട്. അത് യാഥാര്‍ഥ്യമായിരിക്കുന്നു. വിദേശികളായ സഞ്ചാരികളേയും പക്ഷികളേയും ബുദ്ധിമുട്ടിച്ച് തടസം സൃഷ്ടിച്ചു കൊണ്ടിരുന്ന ഒരു കൂട്ടം ആളുകളെ അവരുടെ അന്ധവിശ്വാസം മുതലെടുത്ത് ഓടിച്ച സുധീഷ് തട്ടേക്കാട് എന്ന ഫോട്ടൊഗ്രാഫറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നത്.
ഒരു കല്ലെടുത്ത് കുത്തി വെച്ച് 12 രൂപ കാണിക്കയുമിട്ട് അവിടെ പരശുരാമ പ്രതിഷ്ഠ നടത്തിയപ്പോള്‍ പിന്നാലെ ഭക്തജനങ്ങളുടെ വലിയ നിരതന്നെ പരശുരാമന്റെ അനുഗ്രഹം വാങ്ങാനെത്തിയതെന്നാണ് സുധീഷ് തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. വൈകുന്നേരം ആയപ്പോഴേക്കും 12 രൂപയുടെ സ്ഥാനത്ത് 374 രൂപയാണ് സുധീഷിനു ലഭിച്ചത്. താന്‍ പ്രതിഷ്ഠിച്ചത് തന്റെ പരശുരാമമനെയാണെന്ന മുന്‍കൂര്‍ ജാമ്യവും സുധീഷെടുക്കുന്നുണ്ട്. ആമിര്‍ഖാന്‍ ചിത്രമായ പികെയ്ക്ക് സമാനമായ രംഗമാണല്ലോ ഇതെന്നു പോസ്റ്റില്‍ പലരും കമെന്റുമായെത്തി.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
ഇന്ന് ഒരു ഗുഹയ്ക്ക് മുന്നിലായിരുന്നു പക്ഷി നിരീക്ഷണം മൂന്നു മണിയ്‌ക്കേ ഗുഹയ്ക്ക് മുന്നില്‍ നിലയുറപ്പിച്ചതാണ്. കുറേ വെള്ളക്കാര്‍ ഗുഹയ്ക്കകത്തേക്ക് നോക്കി നില്‍ക്കുന്നത് കണ്ട് ധാരാളം ടാക്‌സികള്‍ വന്ന് നിര്‍ത്തുന്നു. എന്താണെന്ന ആകാംഷയില്‍ അവര്‍ ഹിന്ദിയിലും തമിഴിലും ചോദിക്കുന്നു. ചിലര്‍ക്ക് ഗുഹയ്ക്കുള്ളില്‍ കയറണം, മറ്റു ചിലര്‍ക്ക് ഗുഹയുടെ മുന്നില്‍ കയറി ഫോട്ടോ എടുക്കണം. പക്ഷികള്‍ ഗുഹക്കു മുന്നിലെ വെള്ളത്തില്‍ കുളിക്കുന്നില്ല ആളുകളുടെ ബാഹുല്യം കൂടിയത് കൊണ്ട്. സായിപ്പൊക്കെ കലിച്ച് നില്‍ക്കുന്നു. എന്താണൊരു വഴി.പിന്നെ ചെയ്തതാണ് ചിത്രത്തില്‍ കാണുന്നത് ഒരു കല്ലെടുത്ത് കുത്തിവെച്ചു വട്ടയിലയില്‍ കുറച്ച് കൊങ്ങിണിപ്പൂവും ഉമ്മത്തിന്റെ പൂവും വെച്ചു. പന്ത്രണ്ട് രൂപ നേര്‍ച്ചയുമിട്ടു, പിന്നെ എന്നെ അതിശയിപ്പിക്കുന്ന സംഭവങ്ങളായിരുന്നു. ഒരാന്ത്രക്കാരി 120 രൂപയിട്ട് അഞ്ച് ഏത്തമിട്ടിട്ട് ഏന്നോട് ഈ പ്രതിഷ്ട ഏതാണെന്ന് ചോദിച്ചു. പെട്ടന്ന് വായില്‍ വന്നത് പരശുരാമന്‍ തപസിരുന്ന സ്ഥലമാണെന്നാണ്. എന്തിനു പറയണു4.30 മുതല്‍ 6 മണി വരെ ഭണ്ഡാരം വരവ് 374 രൂപ.
4 രൂപാ രാമനും കൊടുത്തു 370 രൂപ ഞാനുമെടുത്തു.
NB ഞാന്‍ പ്രതിഷ്ഠിച്ചത് എന്റെ പരശുരാമനെയാണ്.