സ്വന്തം ലേഖകൻ
എവറസ്റ്റ് കീഴടക്കിയ ഇന്ത്യൻ പോലീസ് ദമ്പതികളുടെ അവകാശവാദം കളവാണെന്ന വാദങ്ങൾ കനപ്പെടുന്നു. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കാൻ നേപ്പാളി പോലീസും തീരുമാനിച്ചതോടെ പൂനെ സ്വദേശികളായ ദമ്പതികൾ പുലിവാൽ പിടിച്ചിരിക്കുകയാണ്. പൂനെ പോലീസിലെ ദമ്പതികളായ താരകേശ്വരിയും ദിനേശ് റാത്തോഡും കൊടുമുടി കീഴടക്കിയ വാർത്ത ലോകമെമ്പാടും വലിയ ചർച്ചയായിരുന്നു. മേയ് 23നായിരുന്നു ഇരുവരും കൊടുമുടിയുടെ മുകളിലെത്തിയതെന്നാണ് അവകാശവാദം.
ബംഗളൂരുവിൽനിന്നുള്ള പർവതാരോഹകൻ സത്യരൂപ് സിദ്ധാനന്തയാണ് ഇരുവരുടെയും അവകാശവാദം കളവാണെന്നതിന്റെ തെളിവുമായി രംഗത്തെത്തിയത്. പർവതത്തിന്റെ മുകളിൽ നിൽക്കുന്ന ചിത്രങ്ങൾ ഫോട്ടോഷോപ്പിന്റെ സഹായത്തോടെ മാറ്റം വരുത്തിയാണ് ഇരുവരും അവകാശവാദം ഉന്നയിക്കുന്നതെന്നാണ് സത്യരൂപ് പറയുന്നത്. നേപ്പാൾ ടൂറിസം ഡിപ്പാർട്ട്‌മെന്റിൽനിന്നു ഇരുവരും സർട്ടിഫിക്കറ്റും കരസ്ഥമാക്കിയിരുന്നു. ദമ്പതികൾ ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത് എവറസ്റ്റിന്റെ സെറ്റിട്ടശേഷമാണെന്ന വാദവും പടരുന്നുണ്ട്. ജനശ്രദ്ധ ആകർഷിക്കുന്ന തരത്തിൽ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണത്രേ ഇവരെ ഇത്തരത്തിൽ ചെയ്യാൻ പ്രേരിപ്പിച്ചത്.