ലഹോര്‍: ഉയര്‍ന്ന തലത്തിലുള്ള വിദ്യാഭ്യാസം നടത്തിയാലേ പൈലാറ്റാവാന്‍ പറ്റു, അതു മാത്രമല്ല ഉയര്‍ന്ന മാര്‍ക്കോടെ മിടു മിടുക്കരായി പരീക്ഷകളില്‍ പാസ്സാവുകയും വേണം. പക്ഷേ പാക്കിസ്ഥാനിലെ കഥ അങ്ങനെയല്ല, പത്താം തരം പോലും പാസ്സാകാത്തവരാണു ഇന്നു പാക്കിസ്ഥാനില്‍ പൈലറ്റായി വിലസുന്നത്.
പത്താം ക്ലാസ് പാസാകാത്തവരാണു പാക്കിസ്ഥാനില്‍ പൈലറ്റുമാരായി ജോലി നോക്കുന്നതെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്ത് വരുന്നത്. രാജ്യത്തെ ദേശീയ വിമാനക്കമ്പനി പാക്കിസ്ഥാന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സ് (പിഐഎ) സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണു ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്. പിഐഎയിലെ ഏഴ് ഉദ്യോഗസ്ഥരുടെ അക്കാദമിക് രേഖകള്‍ വ്യാജമായിരുന്നു.
അഞ്ച് പൈലറ്റുമാര്‍ 10ാം തരം പോലും പാസായിട്ടില്ല. രേഖകള്‍ ഹാജരാക്കാതിരുന്ന 50 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതായി പിഐഎ കോടതിയെ അറിയിച്ചു. മെട്രിക്കുലേഷന്‍ ജയിച്ചിട്ടില്ലാത്ത, ബസ് പോലും ഓടിക്കാന്‍ വശമില്ലാത്തവരാണ് ആയിരക്കണക്കിനു യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കി വിമാനം പറത്തുന്നത്- ജസ്റ്റിസ് ജസുല്‍ അഹ്‌സന്‍ ആശ്ചര്യപ്പെട്ടതായി ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ അവസാനത്തോടെ നഷ്ടം 36,000 കോടിയിലെത്തിയ പിഐഎയെ രക്ഷിക്കാന്‍ മാറിവരുന്ന സര്‍ക്കാരുകള്‍ക്കു സാധിച്ചിട്ടില്ല.