മുംബൈ : യാത്രാമധ്യേ വിമാനത്തില്‍ പൈലറ്റുമാര്‍ തമ്മില്‍ കയ്യാങ്കളി. പുരുഷ പൈലറ്റ് വനിതാ പൈലറ്റിനെ പ്രഹരിച്ചു. ജനുവരി ഒന്നിന് ജെറ്റ് എയര്‍വേയ്‌സിന്റെ ലണ്ടന്‍ മുംബൈ വിമാനത്തിലാണ് നാടകീയ സംഭവങ്ങളുണ്ടായത്. ഇതേ തുടര്‍ന്ന് ഇരുവരെയും ജെറ്റ് എയര്‍വേയ്‌സ് ചുമതലകളില്‍ നിന്ന് നീക്കി. 324 യാത്രക്കാരുമായി ലണ്ടനില്‍ നിന്ന് മുംബൈയിലേക്ക് തിരിച്ച 9W119 വിമാനത്തിലായിരുന്നു നടുക്കുന്ന സംഭവം. ഇറാന്‍ പാകിസ്താന്‍ വ്യോമമാര്‍ഗത്തിലായിരിക്കെയാണ് പൈലറ്റുമാര്‍ തമ്മില്‍ വാക്കേറ്റവും ആക്രമണവും ഉണ്ടായത്. വിമാനം പറന്നിറങ്ങാന്‍ 2.45 മണിക്കൂര്‍ ശേഷിക്കെയായിരുന്നു കയ്യാങ്കളി. പൈലറ്റുമാര്‍ക്കിടയില്‍ ചെറിയ ആശയക്കുഴപ്പമുണ്ടായതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഇരുവര്‍ക്കുമിടയില്‍ ചില പ്രശ്‌നങ്ങളുണ്ടായതായി ജെറ്റ് എയര്‍വേയ്‌സ് അധികൃതര്‍ സ്ഥിരീകരിച്ചു. 14 ജീവനക്കാരും രണ്ട് നവജാത ശിശുക്കളുമടക്കം 324 പേര്‍ വിമാനത്തില്‍ ഉള്ളപ്പോഴാണ് ആകാശത്ത് വെച്ച് പൈലറ്റുമാര്‍ വഴക്കിട്ടതും അടിയുണ്ടായതും. ഭാഗ്യവശാല്‍ കൂടുതല്‍ പ്രശ്‌നങ്ങളില്ലാതെ വിമാനം സുരക്ഷിതമായി മുംബൈയില്‍ ഇറങ്ങി. മുതിര്‍ന്ന പുരുഷ പൈലറ്റ് ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വനിതാ പൈലറ്റിനോട് വഴക്കിട്ടതാണ് പ്രശ്‌നങ്ങളുടെ തുടക്കം. അതിനിടെ പൊടുന്നനെ ഇയാള്‍ വനിതാ പൈലറ്റിനെ അടിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് അവര്‍ കരഞ്ഞുകൊണ്ടാണ് കോക്പിറ്റില്‍ നിന്ന് പുറത്തേക്ക് വന്നതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ക്യാബിന്‍ ക്രൂ ജീവനക്കാര്‍ അവരോട് തിരികെ പോകാന്‍ ആവശ്യപ്പെട്ടെങ്കിലും യുവതി കൂട്ടാക്കിയില്ല. തുടര്‍ന്ന് പുരുഷ പൈലറ്റും പുറത്തുവരികയും മറ്റൊരുദ്യോഗസ്ഥനെ വിമാനത്തിന്റെ നിയന്ത്രണമേല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് തിരികെ കോക്പിറ്റിലേക്ക് പോകാന്‍ വനിതാ പൈലറ്റിനെ നിര്‍ബന്ധിക്കുകയും ചെയ്തു. ഇരുപൈലറ്റുമാരും വഴക്കിട്ട് മറ്റൊരാളെ വിമാനത്തിന്റെ നിയന്ത്രണമേല്‍പ്പിക്കുന്നത് നിയമ വിരുദ്ധവുമാണ്. സംഭവത്തെ തുടര്‍ന്ന് ജെറ്റ് എയര്‍വേയ്‌സ് ഇരു പൈലറ്റുമാരെയും ചുമതലകളില്‍ നിന്ന് താല്‍ക്കാലികമായി നീക്കി. തുടര്‍ന്ന് സംഭവങ്ങള്‍ ഡിജിസിഎയെ ധരിപ്പിക്കുകയും ചെയ്തു. ഡിജിസിഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.